മലയാള ചലച്ചിത്ര- ടെലിവിഷൻ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നടനും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് ശരത് ദാസ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലായ ശ്രീമഹാഭാഗവതത്തിൽ ശ്രീ കൃഷ്ണനായി വേഷമിട്ടുകൊണ്ടാണ് നടൻ ശ്രേദ്ധയനാവുന്നത്. കൂടാതെ ഉണ്ണി മുകുന്ദൻ, സിദ്ധാർത്ഥ് ഭരതൻ, നരേൻ, സിദ്ധാർത്ഥ് തുടങ്ങിയ നടന്മാർക്ക് ശരത് ഡബ്ബിങ് ചെയ്തിട്ടുണ്ട്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ നടൻ കരസ്ഥമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ ബ്രഹ്‌മാണ്ഡ ചിത്രമായ നിതീഷ് തിവാരി സംവിധാനം ചെയ്ത രാമായണയുടെ മലയാളം പതിപ്പിൽ രാമന് ശബ്ദം കൊടുത്തത് ശരത്താണ്. ചിത്രത്തിൽ രൺബീർ കപൂറാണ് രാമന്റെ വേഷമിട്ടിരിക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായി നടന്ന കഠിനമായ ഓഡിഷനിലൂടെയാണ് തന്നെ തെരഞ്ഞെടുത്തതെന്നും ഏകദേശം എട്ട് ദിവസത്തോളമെടുത്താണ് ഡബ്ബിങ് പൂർത്തിയായത് എന്നാണ് ശരത് പറയുന്നത്. ദി ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് രാമായണയുടെ ഡബ്ബിങ് വിശേഷങ്ങൾ അദ്ദേഹം പങ്കു വച്ചത്.

‘കുറേ ഓഡിഷൻസ് ഉണ്ടായിട്ടുണ്ട്. ഫസ്റ്റ് സ്റ്റേജിൽ ഞാൻ അഭിനയിച്ച് ഡയലോഗ്സ് കാണിച്ചുകൊടുത്തു. പിന്നീട് ഡബ്ബ് ചെയ്ത് കാണിച്ചു കൊടുത്തു. പിന്നെ തേർഡ് ഇവരുടെ മലയാളം സ്റ്റുഡിയോയിൽ പോയി ഡബ്ബ് ചെയ്ത് കാണിച്ചുകൊടുത്തു. ഫോർത്ത് അവിടെ പോയിട്ട് ഡബ്ബ് ചെയ്തു നോക്കി. പിന്നെ അഞ്ചാമത്തെ സ്റ്റേജിലായിരുന്നു എന്നെ തെരഞ്ഞെടുക്കുന്നത്. വലിയൊരു പ്രോസസായിരുന്നു.

ശരത് ദാസ്.Photo.Screen Grab/Youtube.com

ഒരു ഡയലോഗ്‌സും കൂടുതൽ പറയാനും പറ്റില്ല. ഹിന്ദിയിലുള്ള ആ അർഥം തന്നെ വേണം, ആ ഫീൽ തന്നെ വേണം, ദൈവികത വേണം. നമുക്കിപ്പോൾ ക്യാഷ്വൽ ആയിട്ട് പറയാൻ പറ്റുന്നതല്ല, അതിനൊരു പഴയകാല പ്രൗഢി വേണം. അത് നിലനിർത്തികൊണ്ട് വേണം ഇതെല്ലാം പറയാൻ. എട്ട് ദിവസം എടുത്തിട്ടാണ് ഞാനത് കംപ്ലീറ്റ് ചെയ്തത്. കാരണം അവിടെ ഒരു ടീം ഉണ്ട്, ബോംബയിൽ തന്നെയായിരുന്നു ഡബ്ബിങ്.

ഇതിന്റെ ട്രെയിലർ മാത്രം മലയാളത്തിൽ അവരൊന്ന് പരീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ചുണ്ട് എന്ന് പറയുന്നത് അതിന്റെ അറ്റം നോക്കിയാൽ എന്റെ ചുണ്ടാണ്. കാരണം അത് ഒരു നാല് ക്യാമറ വെച്ചിട്ട് നമ്മൾ ഇങ്ങനെ നിൽക്കും. നമ്മൾ ഡബ്ബ് ചെയ്ത ഡയലോഗ് നമ്മൾ വീണ്ടും റീപ്രൊഡ്യൂസ് ചെയ്യും. ആ ഇമോഷൻ വേണം. തല അനക്കാൻ പാടില്ല. അങ്ങനെയാണ് അത് ഷൂട്ട് ചെയ്തിരിക്കുന്നത്,’ ശരത് പറഞ്ഞു.

ഇന്നലെ റിലീസായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. രാമനായി എത്തിയത് രൺബീർ കപൂറും സീതയായി സായി പല്ലവിയും എത്തിയപ്പോൾ യഷാണ് രാവണന്റെ വേഷമണിഞ്ഞിരിക്കുന്നത്. രൺബീറിന്റെ രാമനെക്കാൾ പോസിറ്റീവ് പ്രതികരണമാണ് യഷിന്റെ രാവണന് ലഭിക്കുന്നത്. രണ്‍ബീര്‍ കപൂറും സായ് പല്ലവിയും തരക്കേടില്ലാത്ത പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Content Highlight: Sarath Das stated that he was selected after five rounds that if  looked at the edge of Ranbir lips, it was his lips.