തിരുവനന്തപുരം: 18 വയസ്സില്‍ താഴെയുള്ളവര്‍ ജുവനൈല്‍ നിയമത്തിന്റെ സൗകര്യം ഉപയോഗിച്ച് കുറ്റകൃത്യങ്ങള് നടത്തി രക്ഷപ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമീപ കാലത്തെ പ്രായപൂര്‍ത്തിയായവര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെടുത്തിയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. ജുവനൈല്‍ നിയമത്തില്‍ ഭേദഗതി വേണമെന്ന ചിന്ത സമൂഹത്തില്‍ ഉയര്‍ന്നു വരുന്നുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

‘വാസ്തവത്തില്‍ ജുവനൈല്‍ ആക്ട് 2000ലാണ് പാസാക്കിയത്. അതുകഴിഞ്ഞ് ധാരാളം ഭേദഗതി വരികയുണ്ടായി. ഏറ്റവും അവസാനത്തെ ഭേദഗതി 2016ലാണ് തോന്നുന്നു വന്നത്. അതെ തുടര്‍ന്ന് ചട്ടങ്ങള്‍ വരികയുണ്ടായി. ഇതിന്റെ മറവില്‍ ഇന്ന് ജുവനൈല്‍ ആയിട്ടുള്ള ആളുകള്‍, 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഇതിന്റെ സൗകര്യം ഉപയോഗിച്ചുകൊണ്ട് ധാരാളം അക്രമങ്ങളും കൊലപാതകങ്ങളും ഉള്‍പ്പെടെയുള്ളവ നടത്തുന്നു എന്നുള്ള പരാതി ആഭ്യന്തര വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്,’ മന്ത്രി പറഞ്ഞു.

2016ലെ ചട്ടം പ്രകാരം കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റത്തിന് ശിക്ഷ ഏഴു വര്‍ഷത്തെ തടവാണ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ആണെങ്കില്‍ അത് അഞ്ചു വര്‍ഷത്തേതാണ്. ഏഴു വര്‍ഷത്തെ തടവ് ലഭിക്കുന്നവര്‍ക്കാണ് ജാമ്യമില്ലാതെ കഠിനമായ ശിക്ഷാ നടപടികള്‍ ഉണ്ടാകുന്നത്. ചേരനല്ലൂര്‍ കേസുമായി ബന്ധപ്പെട്ട് ജഡ്ജ് പറഞ്ഞത് ഇത് ഒരു കൊലപാതകം അല്ല കള്‍പ്പബിള്‍ ഹോമിസൈഡ് ആണ് എന്നാണ്. മനപ്പൂര്‍വ്വമല്ലാത്ത നരഹ്യയാണ് എന്ന് വ്യാഖ്യാനിച്ചുകൊണ്ടാണ് ആ ജുവൈനലിന് ജാമ്യം കൊടുത്തതെന്നും മന്ത്രി പറഞ്ഞു.

‘തിരുവനന്തപുരത്ത് നടന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ജുവനൈലുകള്‍ ആയിട്ടുള്ള ആളുകളാണ് മറ്റൊരു ജുവനൈലിനെ കൊല്ലാന്‍ വേണ്ടി മുന്നോട്ടു വന്നത്. എന്നിട്ട് അവര്‍ പറയുന്നുണ്ട് ജുവനൈല്‍ ആയതുകൊണ്ട് നമുക്ക് രക്ഷപ്പെടാന്‍ കഴിയും.

ഏതായാലും ഇന്ന് കുറ്റകൃത്യങ്ങള്‍ പെരുകി വരികയാണ് ഈ ജുവനൈലുകളുടെ കാര്യത്തില്‍. കാരണം ഇങ്ങനെ ഒരു സൗകര്യം ഉള്ളതുകൊണ്ട് 18 വയസ്സ് താഴെയുള്ള ആളുകള്‍ക്ക് ആരെയും കൊല്ലാനോ അക്രമിക്കാനോ കഴിയുന്ന ഒരു അവസ്ഥയിലേക്ക് വരികയാണ്. അത് വളരെ ഗൗരവമായി നമ്മള്‍ കണക്കാക്കേണ്ട ഒരു കാര്യമാണ്,’ ചെന്നിത്തല പറഞ്ഞു

സാമൂഹ്യ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുകയും കൊലപാതകം ഉള്‍പ്പെടെയുള്ള അവര്‍ ചെയ്യുകയും അതോടൊപ്പം തന്നെ മദ്യപിച്ച് വാഹനം ഓടിക്കുകയും ഒക്കെ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയുമാണ്. ഈ ജുവനൈല്‍ ആക്ടില്‍ തന്നെ ഭേദഗതി വേണ്ടിവരുന്നു എന്നുള്ള ചിന്തയാണ് സമൂഹത്തില്‍ ഇന്ന് വളര്‍ന്നു വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ഇതിനകത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. കാരണം ഇത് കേന്ദ്ര നിയമം ആണ്. എന്നാലും നിയമവിദഗ്ധന്മാരുമായി ആലോചിച്ച ശേഷം ജൂവനൈല്‍ ആക്ടിന്റെ മറവില്‍ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ പാടില്ല എന്നുള്ള ഒരു അഭിപ്രായം വ്യക്തിപരമായി തനിക്കുണ്ട്. സര്‍ക്കാര്‍ എല്ലാവരുമായി ആലോചിച്ച കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ചേരാനല്ലൂര്‍ സംഭവത്തില്‍ സര്‍ക്കാരും ആഭ്യന്തര മന്ത്രി എന്ന നിലയില്‍ താനും ഇരകളോടൊപ്പമാണെന്നും ചെന്നിത്തല വ്യക്തമാക്കി. ‘പാവപ്പെട്ട ഒരു തട്ടുകടക്കാരന്‍ രാത്രിയില്‍ കച്ചവടം കഴിഞ്ഞിട്ട് കടയടച്ച് തിരിച്ചു വരുമ്പോള്‍ ആ നിരപരാധിയെ ഒരു ബെന്‍സുകാര്‍ ഇടിച്ചു കൊല്ലുക അതൊരു 17 വയസ്സുള്ള ചെറുപ്പക്കാരന്‍ കൊല്ലുക എന്ന് പറയുമ്പോള്‍ ഗവണ്‍മെന്റ് ആ പാവപ്പെട്ട കുടുംബത്തോടൊപ്പമാണ്. ഞാന്‍ ആ പാവപ്പെട്ടവര്‍ക്കൊപ്പമാണ്. കോടതികള്‍ നമുക്ക് ഇനിയും ഉണ്ടല്ലോ. ഞങ്ങള്‍ ഏതായാലും ഇരകളോടൊപ്പമാണ്. ഒരു സംശയവും വേണ്ട,’ മന്ത്രി പറഞ്ഞു.

Content Highlight: Kerala Home Minister Ramesh Chennithala About Juvenile Law and Crimes involving Under 18 Youths