തിരുവനന്തപുരം: ലോസ് ആഞ്ചലസ് മേയറായി തെരഞ്ഞെടുക്കപ്പെട്ട നിത്യ രാമന് അഭിനന്ദനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തില്‍ വേരുകളുള്ള നിത്യയുടെ നേട്ടം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അഭിമാനകരമാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

സമത്വം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, സാമൂഹികനീതി എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന വിജയകരമായ ഭരണകാലം നിത്യയ്ക്ക് ആശംസിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ വേരുകളുള്ള ഒരാള്‍ അമേരിക്കയിലെ പ്രധാന നഗരങ്ങളിലൊന്നിന്റെ മേയര്‍ പദവിയിലെത്തിയതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

നിത്യ അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തിന്റെ മേയറാകുന്ന ആദ്യ സൗത്ത് ഏഷ്യന്‍ വംശജയാണ്. നവംബര്‍ മൂന്നിന് നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ നിലവിലെ മേയര്‍ കാരന്‍ ബാസിനെ പരാജയപ്പെടുത്തിയാണ് 45കാരിയായ നിത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. വോട്ടെണ്ണലിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 52 ശതമാനം വോട്ടുകള്‍ നിത്യ നേടിയപ്പോള്‍ ബാസിന് 48 ശതമാനം വോട്ടുകളാണ് ലഭിച്ചത്. തുടര്‍ന്ന് കാരന്‍ ബാസ് പരാജയം അംഗീകരിച്ചു.

തൃശൂരില്‍ ജനിച്ച നിത്യ രാമന്‍ ആറാം വയസിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. പിതാവ് വെങ്കിട്ടരാമന്‍ കെല്‍ട്രോണിലും മാതാവ് സുധ കേച്ചേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലുമാണ് ജോലി ചെയ്തിരുന്നത്. ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എം.ഐ.ടി) നിന്ന് അര്‍ബന്‍ പ്ലാനിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടി.

രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുമ്പ് നഗരവികസനം, ഭവനപ്രശ്‌നങ്ങള്‍, ഭവനരഹിതരുടെ പുനരധിവാസം തുടങ്ങിയ മേഖലകളില്‍ നിത്യ പ്രവര്‍ത്തിച്ചിരുന്നു. ചെന്നൈയില്‍ ‘ട്രാന്‍സ്പരന്റ് ചെന്നൈ’ എന്ന സംഘടനയ്ക്ക് തുടക്കമിട്ടു. പിന്നീട് ലോസ് ആഞ്ചലസില്‍ ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സെലാ നെയ്ബര്‍ഹുഡ് ഹോംലെസ് കോയലിഷനും രൂപീകരിച്ചു.

2020ല്‍ ലോസ് ആഞ്ചലസ് സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിത്യ 2024ല്‍ വീണ്ടും വിജയിച്ചു. കൗണ്‍സിലിലെ നാലാം ഡിസ്ട്രിക്റ്റിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. നഗരത്തിലെ ഭവനപ്രതിസന്ധി പരിഹരിക്കല്‍, താങ്ങാനാവുന്ന നിരക്കില്‍ വീടുകള്‍ ലഭ്യമാക്കല്‍, പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയായിരുന്നു പ്രധാന പ്രവര്‍ത്തന മേഖലകള്‍.

Content Highlight: Pinarayi Vijayan extends congratulations to Nithya Raman on her election as Mayor of Los Angeles