2017 ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് അനശ്വര രാജൻ. പിന്നീട് 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട അനശ്വര നിലവിൽ മലയാളത്തിലെ മുൻ നിര നായിക നടിമാരിൽ ഒരാളാണ്. ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം നേരിലൂടെ അഭിനേത്രി എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച അനശ്വര ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമാണ്.
എന്നാൽ ഇപ്പോഴിതാ സിനിമയിലെത്തിയത് യാദൃച്ഛികമായിട്ടാണെന്ന് പറയുകയാണ് നടി അനശ്വര രാജൻ. സ്കൂൾ പഠനകാലത്ത് മോണോ ആക്ട്, സ്കിറ്റ് തുടങ്ങി നിരവധി കലാപരിപാടികളിൽ പങ്കെടുത്തിരുന്നെങ്കിലും സിനിമയിൽ അഭിനയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അനശ്വര പറഞ്ഞു.

അനശ്വര രാജൻ.. Photo. Screen Grab/ Youtube.
ഒരു സിനിമയുടെ ഓഡിഷനുവേണ്ടി സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നിർദേശപ്രകാരം ഫോട്ടോ അയച്ചതാണ് സിനിമയിലേക്കുള്ള വഴിത്തിരിവായതെന്നും താരം ഗേൾ ഫോർമുല ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘ഞാനൊരു ആക്സിഡന്റൽ ആക്ടറാണ്. സ്കൂളിൽ പഠിക്കുമ്പോൾ മോണോ ആക്ട്, സ്കിറ്റ് തുടങ്ങി ഒരുപാട് പരിപാടികളിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ അഭിനയം, സിനിമ എന്നൊന്നും എന്റെ സ്വപ്നങ്ങളിൽപ്പോലും ഉണ്ടായിരുന്നില്ല. ഞാനൊരു അഭിനേത്രിയാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അങ്ങനെയിരിക്കെയാണ് ഒരു സിനിമയുടെ ഓഡിഷൻ പോസ്റ്റർ കാണുന്നത്. അഭിനയിക്കാൻ അറിയാമല്ലോ, ഒരു ഫോട്ടോ അയച്ചുനോക്കൂ എന്ന് ഫാമിലി ഫ്രണ്ട്സ് പറഞ്ഞു. അങ്ങനെ ഫോട്ടോ അയച്ചു. പിന്നീട് ഓഡിഷന് വിളിച്ചു,’ അനശ്വര പറഞ്ഞു.
ആ കഥാപാത്രത്തിനായി ആറായിരത്തോളം വിദ്യാർഥികൾ ഓഡിഷനിൽ പങ്കെടുത്തിരുന്നു. അതിൽ നിന്ന്
തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് താൻ സിനിമയിലേക്ക് എത്തിയതെന്നും അനശ്വര കൂട്ടിച്ചേർത്തു.
അതേസമയം, തെലുങ്ക് ചിത്രമായ കാക്കയിൽ ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും താരം പങ്കുവെച്ചു. നിരവധി സംവിധായകർക്കും അഭിനേതാക്കൾക്കും ചിരഞ്ജീവി വലിയ പ്രചോദനമാണെന്നും അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് സന്തോഷകരമായ അനുഭവമാണെന്നും അനശ്വര പറഞ്ഞു.
‘ഞാൻ കാക്കയിൽ അഭിനയിക്കുന്നുണ്ടെന്ന് പറയുമ്പോൾ പല സംവിധായകരും പറയുന്നത് ചിരഞ്ജീവി സാറാണ് തങ്ങൾ സിനിമയിലേക്ക് വരാൻ കാരണമെന്നാണ്. ചിലർക്ക് അദ്ദേഹം സംവിധായകനാകാനും അഭിനേതാവാകാനും നർത്തകനാകാനുമെല്ലാം പ്രചോദനമാണ്. അങ്ങനെയൊരു വ്യക്തിക്കൊപ്പം സിനിമയിൽ ഭാഗമാകാനും സ്ക്രീൻ പങ്കിടാനും കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്,’ അനശ്വര പറഞ്ഞു.
ഒരു മികച്ച പ്രൊഫഷണൽ എന്നതിലുപരി വളരെ നല്ല മനുഷ്യൻ കൂടിയാണ് ചിരഞ്ജീവിയെന്നും എല്ലാവരോടും ഇടപെടുന്ന രീതിയും മറ്റുള്ളവരെ കരുതുന്ന സ്വഭാവവും തന്നെ ഏറെ ആകർഷിച്ചെന്നും താരം കൂട്ടിച്ചേർത്തു.

അനശ്വര രാജൻ.. Photo. Screen Grab/ Youtube.
‘അദ്ദേഹം വളരെ മധുരമായി സംസാരിക്കുന്ന, എല്ലാവരെയും ഒരുപോലെ കരുതുന്ന വ്യക്തിയാണ്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. കൂടെ അഭിനയിക്കുന്നത് വളരെ രസകരമായ അനുഭവമാണ്. തമാശ പറയാനും ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനും അദ്ദേഹത്തിന് അറിയാം. ഒന്നിനെയും വലിയ കാര്യമായി കാണാതെ വളരെ ഈസിയായി ഇടപെടുന്ന സ്വഭാവമാണ്. അതേസമയം ജോലിയുടെ കാര്യത്തിൽ വളരെ പ്രൊഫഷണലുമാണ്. ഈ രണ്ട് സ്വഭാവങ്ങളും ഒരുമിച്ചുള്ളതാണ് എനിക്ക് അദ്ദേഹത്തിൽ ഏറെ ഇഷ്ടപ്പെട്ടത്,’ അനശ്വര പറഞ്ഞു.
Content Highlight:Actress Anaswara Rajan says that her entry into cinema was accidental
