പരീക്ഷണ സിനിമകളും കൊമേഷ്‌സ്യല്‍ സിനിമകളും ഒരുപോലെ പുള്‍ ഓഫ് ചെയ്യാന്‍ സാധിക്കുന്ന തമിഴിലെ ചുരുക്കം നടന്മാരിലൊരാളാണ് ധനുഷ്. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ഒരേയൊരു തമിഴ് താരവും ധനുഷാണ്. പരീക്ഷണ സിനിമകള്‍ക്ക് തത്കാലം ബ്രേക്ക് നല്‍കി കൊമേഷ്‌സ്യല്‍ ട്രാക്കിലേക്ക് തിരിച്ചെത്തുകയാണ് താരമിപ്പോള്‍.

രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം ചാപ്റ്റര്‍ വണ്‍ റിലീസിന് തയാറെടുക്കുകയാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലെത്തിയ ചിത്രമാണ് ഓം. ധനുഷിനൊപ്പം മലയാളത്തിന്റെ മമ്മൂട്ടിയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ നടന്നിരുന്നു.

പ്രൗഢഗംഭീരമായ ചടങ്ങില്‍ സ്ഥിരം ഗെറ്റപ്പായ വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചാണ് ധനുഷ് എത്തിയത്. ചിത്രത്തെക്കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ചും താരം പറഞ്ഞ വാക്കുകള്‍ സിനിമാപേജുകളില്‍ വൈറലായി. സംവിധായകന് സ്‌ക്രിപ്റ്റിലും സിനിമയിലുമുള്ള വിശ്വാസം തന്നെ പലപ്പോഴും ഞെട്ടിച്ചിരുന്നെന്ന് ധനുഷ് പറയുന്നു.

‘രാജ് കുമാറിനെപ്പോലെ ഒരാളെ ഞാന്‍ കണ്ടിട്ടേയില്ല. സ്വന്തം കഥയില്‍ അയാള്‍ക്കുള്ള കോണ്‍ഫിഡന്‍സ് അപാരമാണ്. ഈ സിനിമയുടെ സ്റ്റാര്‍ കാസ്റ്റ് ഗംഭീരമാണെന്ന് പലരും പറഞ്ഞു. ഇതൊരു മള്‍ട്ടിസ്റ്റാര്‍ പടമല്ല, മള്‍ട്ടി ഹീറോ പടമാണ്. മമ്മൂട്ടി സാറടക്കം അഞ്ച് ഹീറോസാണ് ഇതിലുള്ളത്. മമ്മൂട്ടി സാര്‍, സായ് പല്ലവി, ശ്രീലീല, സായ് അഭ്യങ്കര്‍… ഏറ്റവും ഒടുവിലത്തെ ഹീറോയാണ് ഞാന്‍. നിങ്ങള്‍ക്ക് ഉറപ്പായും ഈ പടം ഇഷ്ടപ്പെടും.

മമ്മൂട്ടി സാറിനൊപ്പം വര്‍ക്ക് ചെയ്തതിനെക്കുറിച്ച് എടുത്തുപറയണം. ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തഗ് ലൈഫ് അദ്ദേഹമാണ്. ഒരു ചോദ്യത്തിനും മര്യാദക്ക് മറുപടി പറയില്ല. മുമ്പ് ഒരു മലയാള പടത്തില്‍ ഞാന്‍ ചെറിയൊരു കാമിയോ ചെയ്തിരുന്നു. അന്ന് കണ്ടപ്പോള്‍ അദ്ദേഹം അധികം സംസാരിക്കാത്ത, റൂഡ് ആയിട്ടുള്ള ആളാണെന്നായിരുന്നു കരുതിയത്. പക്ഷേ, അടുത്തറിഞ്ഞപ്പോള്‍ ഇത്രയും സ്വീറ്റായിട്ടുള്ള വേറൊരാള്‍ ഇല്ലെന്ന് തന്നെ പറയാം,’ ധനുഷ് പറഞ്ഞു.

അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം ചാപ്റ്റര്‍ വണ്‍. തമിഴ്‌നാട്- ആന്ധ്ര ബോര്‍ഡറില്‍ നടക്കുന്ന രക്ത ചന്ദന കടത്തും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളുമാണ് ഓമിന്റെ കഥ. സിയാ/ ബര്‍മാ കാര്‍ത്തികേയന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്. നവംബര്‍ 20ന് തിയേറ്ററുകളിലെത്തും.

Content Highlight: Dhanush’s words about Mammootty in Om audio launch viral