രണ്ട് പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര രംഗത്ത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് സുധീർ സുകുമാരൻ. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമ മേഖലയിലേക്ക് എത്തിയത്. സി.ഐ.ഡി. മൂസ, കൊച്ചി രാജാവ്, ലയൺ, ഡ്രാക്കുള തുടങ്ങിവയാണ് അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ.
വിനയൻ സംവിധാനം ചെയ്ത 3D ചിത്രമായ ഡ്രാക്കുള 2012ൽ കൗണ്ട് ഡ്രാക്കുളയെന്ന കഥാപാത്രത്തെ നടൻ അവതരിപ്പിച്ചിരുന്നു. നടന്റെ കരിയറിലെ വഴിത്തിരിവായ കഥാപാത്രമായിരുന്നു അത്. മലയാള ചലച്ചിത്ര മേഖലയിൽ നിന്നും വിനയന് വിലക്കുള്ളപ്പോൾ അദ്ദേഹത്തിന്റെ ഡ്രാക്കുള 2012 ഉൾപ്പടെ മൂന്ന് സിനിമയിൽ താൻ അഭിനയിച്ചുവെന്നും പിന്നീട് ഡ്രാക്കുളയുമായ് ബന്ധപ്പെട്ടുണ്ടായ പിണക്കത്തെ കുറിച്ചും സംസാരിക്കുകയായിരുന്നു നടൻ. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് സംസാരിച്ചത്.
‘ഒരുപാട് പേരെ എതിർത്തിട്ടാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്തത്. അന്ന് സിനിമയിൽ വിലക്കും കാര്യങ്ങളുമൊക്കെയായ് എല്ലാവരും വിനയൻ സാറിനെ ഒറ്റപ്പെടുത്തുന്ന സംഭവമൊക്കെയുള്ള സമയത്താണ് യക്ഷിയും ഞാനും ചെയ്യുന്നത്. ഞാൻ പോയി അഭിനയിച്ചു. അത് കഴിഞ്ഞിട്ട് രണ്ടാമത്തെ പടമായ രഘുവിന്റെ സ്വന്തം റസിയയിലും അഭിനയിച്ചു.

സുധീർ സുകുമാരൻ.Photo.Screen Grab/Youtube.com
പിന്നെ സാർ പറഞ്ഞു ‘എടാ ഡ്രാക്കുള ചെയ്യാം, നീ ഡ്രാക്കുളയാവുമോ’ എന്ന്. ‘സാറേ അതെന്ത് ചോദ്യമാണ്, ഞാനാവാ’മെന്ന് പറഞ്ഞു. അപ്പോൾ മലയാളത്തിൽ ഇത് ചെയ്താൽ എങ്ങനെയിരിക്കുമെന്ന് സാർ ചോദിച്ചിരുന്നു. ആ പരിമിതി വെച്ച് തന്നെ ചെയ്തു. നേരെ മറിച്ച് ഇന്നായിരുന്നുവെങ്കിൽ ഇന്നത്തെ ഫെസിലിറ്റിയും പത്തൊമ്പതാം നൂറ്റാണ്ട് ചെയുമ്പോഴുണ്ടായിരുന്ന സപ്പോർട്ടും ടെക്നിഷ്യൻമാരുടെ സഹകരണമൊക്കെ അന്നുണ്ടായിരുന്നെങ്കിൽ ഡ്രാക്കുള ഇന്ന് എവിടെ എത്തിയേനെ.
ഒന്നും ഇല്ലായ്മയിൽ നിന്ന് ചെറിയൊരു മൂന്നോ നാലോ കോടി രൂപക്ക് റൊമാനിയയിൽ പോയി ഷൂട്ട് ചെയ്തു. എവിടെന്നൊക്കെയോ സാർ പൈസ റോൾ ചെയ്തു. ഭയങ്കര കഷ്ടപെട്ടിട്ടാണ് ആ സിനിമ ചെയ്തത്. രണ്ട് വർഷം ഞാൻ ആ സിനിമക്ക് വേണ്ടി മെനക്കെട്ടു. ബോഡി ബിൽഡ് ചെയ്തു. ഒരുപാട് കടങ്ങൾ കേറി. അവസാനം ഞാനും സാറുമായി ചെറിയ സൗന്ദര്യപിണക്കം വന്നു. എന്റെ വിടുവായത്തം കൊണ്ട് ‘സാറേ ഡ്രാക്കുള കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല’ എന്ന് പറഞ്ഞപ്പോൾ സാറിനത് ഹർട്ടായി. സാർ പൈസ തന്നില്ല എന്ന രീതിയിലൊക്കെ അത് പുറത്ത് വന്നു.
താനാണ് അദ്ദേഹത്തിനോട് തെറ്റിയതെന്നും ഇപ്പോൾ അതെല്ലാം മാറി ഗുരു- ശിക്ഷ്യൻ ബന്ധത്തോടൊപ്പം സൗഹൃദവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും വലിയ സിനിമയിൽ അഭിനയിച്ചിട്ട് അത് പരസ്യമായി വിളിച്ച് പറയാൻ പാടില്ലായിരുന്നുവെന്നും അത് തന്റെ തെറ്റായിരുന്നുവെന്നും പിന്നീട് അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാലിൽ വീണ് മാപ്പ് പറഞ്ഞുവെന്നും നടൻ വ്യക്തമാക്കി. ‘എടാ എന്റെ മോൻ എന്നെ കുറ്റം പറഞ്ഞാൽ അല്ലെങ്കിൽ എന്നെയൊന്ന് തല്ലിയാൽ എനിക്കവനെ തള്ളി കളയാൻ പറ്റുമോ, മകനല്ലേ നീ അത്രയും കരുതിയാൽ മതി’ എന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞതെന്നും താരം വ്യക്തമാക്കി.
Content Highlight: Sudheer Sukumaran admitted to wronging him, stating that Dracula brought no benefit.
