മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അനുശ്രീ. 2012ൽ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ കരിയർ ആരംഭിക്കുന്നത്. ആ സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഇതിഹാസ തുടങ്ങിയ സിനിമകളിലൂടെയാണ് അനുശ്രീ ഒരു മുൻനിര നടിയായി വരുന്നത്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പ്രേംപാറ്റയാണ് അനുശ്രീയുടെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് മുഴുവൻ സ്ക്രിപ്റ്റും വായിക്കാനാണ് തനിക്ക് താത്പര്യമെന്ന് പറയുകയാണ് നടി അനുശ്രീ. ഒരു സീനിൽ അഭിനയിക്കുമ്പോൾ അതിന് മുമ്പും ശേഷവും കഥയിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി മനസിലാക്കാൻ സ്ക്രിപ്റ്റ് വായിക്കുന്നത് സഹായിക്കുമെന്നും അനുശ്രീ പറയുന്നു. ഇപ്പോൾ മിക്കവരും സ്ക്രിപ്റ്റ് നൽകാറുണ്ടെങ്കിലും ചിലർക്ക് ഇപ്പോഴും അത് നൽകാൻ മടിയുണ്ടെന്നും താരം പ്രേംപാറ്റയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേൾഡ് ഫിലിംസിന്റെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അനുശ്രീ. Photo. Screen Grab/ Youtube

‘മുന്നേ സ്ക്രിപ്റ്റ് വായിച്ചിട്ട് ചെയ്യുന്ന സിനിമയാണ് എനിക്ക് കൂടുതൽ കംഫർട്ടായി തോന്നുന്നത്. നമ്മൾ ഒരു സീനിൽ നിൽക്കുമ്പോൾ അതിന് മുമ്പ് എന്തായിരുന്നു, അതിന്റെ പിന്നിൽ എന്തായിരുന്നു എന്നൊക്കെ എനിക്ക് പറഞ്ഞുതരുന്നതിനേക്കാൾ ഞാൻ വായിക്കുമ്പോഴാണ് കൂടുതൽ മനസിലാകുന്നത്. അതുകൊണ്ട് ഞാൻ എപ്പോഴും ഡിമാൻഡ് ചെയ്യുന്നത് സ്ക്രിപ്റ്റാണ്.

ചിലപ്പോൾ നമ്മൾ സ്ക്രിപ്റ്റ് വായികാതെ അതിൽ ഇങ്ങനെയൊരു സംഭവം ഉണ്ടെന്ന് പറയുമ്പോൾ അവിടെ നമുക്ക് വോയ്സ് ഉണ്ടാകില്ല. ‘എനിക്ക് അറിയില്ലായിരുന്നു’ എന്നൊക്കെ അപ്പോൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അപ്പോൾ നമ്മുടെ ഭാഗം നമ്മൾ തന്നെ ക്ലിയർ ചെയ്യണമല്ലോ,’ അനുശ്രീ പറഞ്ഞു.

ഒരു സിനിമയിൽ എന്താണ് ചെയ്യേണ്ടതെന്നും ആ കഥാപാത്രത്തിന് എന്തൊക്കെ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകേണ്ടതെന്നും അറിയേണ്ടത് ഒരു അഭിനേതാവിന്റെ ആവശ്യമാണെന്നും അനുശ്രീ പറയുന്നു.

‘ഇപ്പോൾ എല്ലാവരും സ്ക്രിപ്റ്റ് തരാറുണ്ട്. എന്നാലും വളരെ കുറച്ച് ആളുകൾ ഇപ്പോഴും അങ്ങനെയല്ല. ഒന്നര വർഷം മുമ്പ് ഞാൻ സംസാരിച്ച ഒരു സിനിമയുടെ കാര്യത്തിൽ ഡയറക്ടർക്കായിരുന്നില്ല പ്രശ്നം, പ്രൊഡ്യൂസർക്കായിരുന്നു. ഫുൾ സ്ക്രിപ്റ്റ് വായിച്ചാലേ എനിക്ക് അഭിനയിക്കാൻ പറ്റുകയുള്ളൂ എന്ന് ഞാൻ പറഞ്ഞു.

കാരണം എന്റെ പ്രൊഫഷനാണിത്. ഞാനാണ് പോയി അഭിനയിക്കേണ്ടത്. അപ്പോൾ അതിലുള്ള കാര്യങ്ങൾ എനിക്ക് ചെയ്യാൻ പറ്റുന്നതാണോ എന്ന് അറിയേണ്ട ആവശ്യം എനിക്കുണ്ട്. എന്റെ അഭിപ്രായത്തിൽ ഒരു ആർട്ടിസ്റ്റിന് സ്ക്രിപ്റ്റ് കൊടുക്കണം. എന്താണ് അതിൽ ചെയ്യാനുള്ളതെന്ന് കൃത്യമായി പറഞ്ഞുകൊടുക്കണം,’ അനുശ്രീ വ്യക്തമാക്കി.

ചിത്രത്തിൽ സസ്പെൻസ് ഉണ്ടെന്നും അത് വെളിപ്പെടുത്താൻ കഴിയില്ലെന്നും പറഞ്ഞ് സ്ക്രിപ്റ്റ് നൽകാതിരിക്കുന്നവരുമുണ്ടെന്ന് അനുശ്രീ പറയുന്നു. എന്നാൽ സിനിമയുടെ ഭാഗമാകാൻ വിളിക്കുന്ന ഒരു അഭിനേതാവിന് കഥയിൽ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള അവകാശമുണ്ടെന്നും തരാം വ്യക്തമാക്കി.

അനുശ്രീ. Photo. Screen Grab/ Youtube

‘ചിലർ പറയും, ഇതിൽ സസ്പെൻസ് ഉണ്ട്, അത് നമുക്ക് റിവീൽ ചെയ്യാൻ പറ്റില്ല എന്നൊക്കെ. അപ്പോൾ നമ്മൾ അതിന്റെ പാർട്ടല്ലേ? അതിനെക്കുറിച്ച് നമുക്ക് അറിയണ്ടേ? സത്യത്തിൽ എനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ ആരുടെയും പേര് പറയുന്നില്ല. എന്നെ ഒരു ആർട്ടിസ്റ്റായിട്ടല്ലേ അവർ വിളിക്കുന്നത്. അപ്പോൾ എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയണ്ടേ? അങ്ങനെ ചില ആളുകളുമുണ്ട്. ഇല്ലെന്നൊന്നും ഞാൻ പറയുന്നില്ല,’ അനുശ്രീ പറഞ്ഞു.

Content Highlight: Actress Anusree states that she prefers to read the entire script before acting in a film