സീരിയലില്‍ നിന്ന് സിനിമയിലേക്കെത്തിയ നടന്മാരിലൊരാളാണ് മണിക്കുട്ടന്. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ പ്രേക്ഷകപ്രീതി നേടിയ മണിക്കുട്ടന് ബോയ് ഫ്രണ്ടിലൂടെ നായകനായി അരങ്ങേറി. നായകവേഷത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ക്യാരക്ടര്‍ റോളുകളും നെഗറ്റീവ് റോളുകളും ചെയ്ത് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു.
ബിഗ് ബോസ് റിയാലിറ്റി ഷോ മണിക്കുട്ടന്റെ കരിയറില്‍ വലിയ ഇംപാക്ടുണ്ടാക്കി. ആ സീസണിലെ വിജയി മണിക്കുട്ടനായിരുന്നു. കരിയറില്‍ തനിക്ക് പലപ്പോഴും സപ്പോര്‍ട്ടായി നിന്നവരെക്കുറിച്ച് സംസാരിക്കുകയാണ് മണിക്കുട്ടന്. ലെജന്‍ഡറി സംവിധായകന് പ്രിയദര്ശന് ഒരുപാട് തവണ സഹായിച്ചിട്ടുണ്ടെന്ന് മണിക്കുട്ടന് പറയുന്നു.

സി.സി.എല്ലിന്റെ സമയത്ത് താനും സെലക്ഷന് വേണ്ടി പോയിരുന്നെന്നും ക്രിക്കറ്റില്‍ തനിക്ക് അത്ര പ്രാവീണ്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആളുകളുമായുള്ള തന്റെ ഇന്ററാക്ഷന് കണ്ടിട്ടാണ് പ്രിയദര്ശന് ടീമിലേക്ക് തെരഞ്ഞെടുത്തെന്നും അത് തനിക്ക് കരിയറില്‍ വലിയ മൈലേജ് നല്‍കിയെന്നും മണിക്കുട്ടന് പറയുന്നു. വണ്‍ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു താരം.
‘പ്രിയന് സാര്‍ പിന്നീടും കരിയറില്‍ ഒരുപാട് തവണ സഹായിച്ചിട്ടുണ്ട്. മരക്കാര്‍ പോലൊരു വലിയ സിനിമയില്‍ നല്ലൊരു വേഷം കിട്ടി. ബിഗ് ബോസ് കഴിഞ്ഞ് കൊറോണ ടൈമില്‍ ഒരു വെബ് സീരീസ് ചെയ്തിട്ടുണ്ടായിരുന്നു. നവരസ എന്നായിരുന്നു അതിന്റെ പേര്. ഒമ്പത് ഡയറക്ടേഴ്സ് ഓരോ കഥ ഡയറക്ട് ചെയ്യുന്ന സീരീസായിരുന്നു അത്.

അതില്‍ പ്രിയന് സാര്‍ ഡയറക്ട് ചെയ്തത് ഹാസ്യം എന്ന സെഗ്മെന്റായിരുന്നു. നെടുമുടി വേണു സാര്‍, രമ്യ നമ്പീശന്, യോഗി ബാബു തുടങ്ങിയവരുടെ കൂടെ ഞാനും ഒരു ഇംപോര്‍ട്ടന്റ് റോള്‍ ചെയ്തു. ആ സീരീസിന്റെ ട്രെയ്ലര് ഇറങ്ങിയത് ബിഗ് ബോസിന്റെ സമയത്തായിരുന്നു. അതിന്റെ കമന്റ് ബോക്സില്‍ എന്നെക്കുറിച്ചായിരുന്നു പലരുടെയും സംസാരം.
അരവിന്ദ് സാമി സാര്‍, സൂര്യ സാര്‍ തുടങ്ങി വലിയ സ്റ്റാര്‍ കാസ്റ്റ് ഉണ്ടായിരുന്നിട്ടും അവരെക്കാള്‍ കമന്റ് ബോക്സില്‍ എന്നെക്കുറിച്ച് പലരും സംസാരിച്ചത് കണ്ടപ്പോള്‍ മണിരത്നം സാറിന് തന്നെ സംശയമായി. അദ്ദേഹം പ്രിയദര്ശന് സാറിനെ വിളിച്ചിട്ട് ‘ആരാണീ മണിക്കുട്ടന്?’ എന്ന് ചോദിച്ചു. പ്രിയന് സാറാണ് ഇത് എന്നോട് പറഞ്ഞത്. അദ്ദേഹം എനിക്ക് തന്ന സപ്പോര്‍ട്ട് വലുതാണ്,’ പ്രിയദര്ശന് പറയുന്നു.
Content Highlight: Manikuttan about the help of Priyadarshan in his career
