ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാലിനെ പ്രശംസിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം മാർക്കസ് റാഷ്ഫോർഡ്. യമാൽ മെസിയുമായി അടുത്തുനിൽക്കുന്ന താരമാണെന്നും ഭാവിയിൽ ഏഴ് ബാലൺ ഡി ഓർ അവാർഡുകൾ നേടാൻ താരത്തിന് സാധിക്കുമെന്നുമാണ് റാഷ്ഫോർഡ് പറഞ്ഞത്.
ഓൾഡ് ട്രാഫോഡിലെ അംബാസഡേഴ്സ് ലോഞ്ചിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു ഇംഗ്ലണ്ട് താരം.
”ബാഴ്സലോണ വിടുന്നതിന് മുമ്പ് ഞാൻ ലാമിൻ യമാലിനോട് പറഞ്ഞിരുന്നു. വളരെ മികച്ച താരങ്ങൾക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ട്, എന്നാൽ അവരിൽ നിന്നെല്ലാം മികച്ചവനാണ് നീ എന്ന്. യമാലിനെ പോലെ ഇത്രയും കഴിവുള്ള ഒരു യുവതാരത്തെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.
വർഷങ്ങളായി മെസിയുടെ നിലവാരത്തോട് ഏറ്റവും ഏറ്റവും അടുത്ത് നിൽക്കുന്ന താരമാണ് അവൻ. അവന്റെ കഴിവിൽ എനിക്ക് വലിയ വിശ്വാസമുണ്ട്. അവൻ ഏഴ് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ നേടിയാലും എനിക്ക് അത്ഭുതമുണ്ടാവില്ല. ഇതിനകം തന്നെ അവൻ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ഇപ്പോൾ അവന് എത്ര വയസായി? വെറും 19 വയസ്!’ മാർക്കസ് റാഷ്ഫോർഡ് പറഞ്ഞു.
2026 ബാലൺ ഡി ഓറിൽ ലാമിൻ യമാൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബാലൺ ഡി ഓർ നഷ്ടമായെങ്കിലും മറ്റൊരു പുരസ്കാരം സ്വന്തമാക്കി യമാൽ തിളങ്ങി. മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി ഏറ്റുവാങ്ങിയാണ് താരം ശ്രദ്ധ നേടിയത്. മൂന്നാം തവണയാണ് സ്പാനിഷ് യുവതാരം ഈ നേട്ടം സ്വന്തമാക്കുന്നത്. തുടർച്ചയായി മൂന്ന് തവണ ‘യങ് ടാലന്റ് ഓഫ് ദി ഇയർ’ അവാർഡ് നേടുന്ന ചരിത്രത്തിലെ ആദ്യ താരം കൂടിയാണ് യമാൽ.

കഴിഞ്ഞ സീസണിൽ സ്പാനിഷ് ലീഗിൽ ബാഴ്സയെ ചാമ്പ്യന്മാരാക്കുന്നതിൽ യമാൽ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 28 മത്സരങ്ങളിൽ നിന്നും ബാഴ്സക്ക് വേണ്ടി 16 ഗോളുകളും 11 അസിസ്റ്റുകളുമാണ് യമാൽ നേടിയത്. രാജ്യാന്തര തലത്തിൽ സ്പെയ്നിനൊപ്പം 2026 ഫിഫ ലോകകപ്പും താരം സ്വന്തമാക്കി. അന്താരാഷ്ട്ര ഫുട്ബോളിൽ സ്പെയ്നിന് വേണ്ടി ഏഴ് ഗോളുകളാണ് യമാൽ ഇതുവരെ നേടിയിട്ടുള്ളത്.
ഇത്ര ചെറിയ പ്രായത്തിൽ തന്നെ വലിയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ യമാലിന്റെ കൈകളിലേക്ക് ഭാവിയിൽ ബാലൺ ഡി ഓർ നേട്ടവും എത്തുമെന്ന് തന്നെയാണ് ഫുട്ബോൾ ലോകം വിശ്വസിക്കുന്നത്.
Content Highlight: Marcus Rashford talks about Lamine Yamal
