വാഷിങ്ടണ്‍: യു.എസില്‍ അബ്ദുള്‍ എല്‍ സഈദിന്റെ സെനറ്റിലേക്കുള്ള വിജയത്തിന് പിന്നാലെ യു.എസില്‍ ട്രെന്‍ഡിങ് ആയി ‘ജെ.ഡി. ഹബീബി’ എന്ന വാക്ക്. യു.എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ് ലിം വ്യക്തിയാണ് ഡെമോക്രാറ്റ് നേതാവ് അബ്ദുള്‍ എല്‍ സഈദ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെ പരിഹസിച്ചുകൊണ്ട് എല്‍ സഈദ് പറഞ്ഞ ഒരു വാചകത്തില്‍ നിന്നാണാണ് ജെ.ഡി. ഹബീബി എന്ന വാക്ക് വരുന്നത്.
ജനുവരിയില്‍ തനിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ ഭരണഘടനാപരമായി വാന്‍സ് ബാധ്യസ്ഥനാണെന്നത് രസകരമായ ഒരു ഐറണി ആണെന്ന് എല്‍ സഈദ് പറഞ്ഞിരുന്നു. ‘ജെ.ഡി, ഹബീബി, ജനുവരിയില്‍ എനിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ നിങ്ങള്‍ ഭരണഘടനാപരമായി ബാധ്യസ്ഥനാണ് എന്നത് വളരെ രസകരമായ ഒരു വൈരുദ്ധ്യമാണ്,’ എന്നായിരുന്നു നിയുക്ത ഡെമോക്രാറ്റ് സെനറ്ററുടെ പരാമര്‍ശം. ഇതോടെ ജെ.ഡി ഹബീബി വൈറലായി. ഇതിന് പിന്നാലെ ജെ.ഡി. ഹബീബി എന്ന് എഴുതിയ സ്റ്റിക്കറുകളുടെയും ടി ഷര്‍ട്ടുകളുടെയും വീഡിയോകളും സമൂഹ മാധ്യമങങ്ങളില് കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
മിഷിഗണ്‍ സെനറ്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തിയാണ് എല്‍-സഈദ് സെനറ്റിലെത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടത്തിയ വിജയപ്രസംഗത്തിലായിരുന്നു അദ്ദേഹം വാന്‍സിനെ ജെ.ഡി. ഹബീബി എന്ന് വിളിച്ചത്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചും ആ പ്രസംഗത്തില്‍ എല്‍ സഈദ് പറഞ്ഞിരുന്നു. ‘ഡൊണാള്‍ഡ്, എന്റെ പേര് ഉച്ചരിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട്, ജനുവരിയില്‍ ജെ.ഡി എനിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് എന്നെ സെനറ്റര്‍ എന്ന് വിളിക്കാവുന്നതാണ്,’ എല്‍-സയദ് പറഞ്ഞു. ഈ വാചകം ഓര്‍മിപ്പിച്ച് ‘ഹബീബീ, കോള്‍ മീ സെനറ്റര്‍,’ എന്നെഴുതിയ സ്റ്റിക്കറുകളും ഇറങ്ങി.
അതെസമയം, സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം എല്‍ സഈദ് ‘ഹബീബി പി.എ.സി’ എന്ന പേരില്‍ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാനോ എതിര്‍ക്കാനോ വേണ്ടി പണം സമാഹരിക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന സംഘടനകളാണ് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റികള്‍ അഥവാ പി.എ.സികള്‍.
തനിക്ക് പ്രിയപ്പെട്ടവരെ വിളിക്കാന്‍ ഉപയോഗിക്കുന്ന അറബി പദമാണ് ഹബീബി എന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എല്‍ സഈദ് പലപ്പോഴും ഈ വാക്ക് ഉപയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ എല്‍ സഈദിനെ പിന്തുണക്കുന്നവര്‍ പലപ്പോഴും ‘ഹബീബി ഫോര്‍ അബ്ദുല്‍’ എന്ന് എഴുതിയ ടീ-ഷര്‍ട്ടുകള്‍ ധരിക്കുകയും ചെയ്തു.. തന്റെ മതത്തെക്കുറിച്ചുള്ള വലതുപക്ഷ പ്രചാരണങ്ങളെ നേരിടാന്‍ ‘ഹബീബി’ എന്ന വിളിപ്പേര് തമാശരൂപേണ എല്‍ സഈദ് ഉപയോഗിക്കുകയും ചെയ്തിരുന്നു.
ഇസ്രഈലിന് യു.എസ് സൈനിക സഹായം നല്‍കുന്നതിനെതിരെ ശക്തമായ നിലപാടുള്ള നേതാവാണ് എല്‍ സഈദ്. മതത്തിന്റെ പേരില്‍ നിരന്തരം ആക്രമണങ്ങള്‍ നേരിട്ടപ്പോള്‍, തന്റെ വിശ്വാസത്തെക്കുറിച്ചും ‘ദൈവത്തെ സേവിക്കുക, അയല്‍ക്കാരെ സേവിക്കുക’ എന്ന തന്റെ ലക്ഷ്യത്തെക്കുറിച്ചും പറയുന്ന ഒരു പരസ്യം അദ്ദേഹം പുറത്തിറക്കിയിരുന്നു.
പ്രസിഡന്റ് ട്രംപ് പലപ്പോഴും എല്‍ സഈദിനെ ‘ജിഹാദിസ്റ്റ്’ എന്ന് വിളിക്കുകയും, അദ്ദേഹത്തിന്റെ പേര് മനഃപൂര്‍വ്വം തെറ്റായി ‘മുഹമ്മദ്’ എന്ന് വിളിക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ ജനപ്രതിനിധി മൈക്ക് റോജേഴ്സ് എല്‍-സഈദിന് യാതൊരു ബന്ധവുമില്ലാത്ത സായുധ സംഘടനകളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു.
യു.എസ് തെരഞ്ഞെടുപ്പിന് പിന്നാലെ സെര്‍ച്ച് എന്‍ജിനുകളില്‍ ഏറ്റവും തിരയപ്പെട്ട രണ്ട് വാക്കുകളില്‍ ഒന്നായി ഹബീബി മാറിയിരുന്നു. ബ്ലൂ സുനാമി ആണ് അടുത്ത വാക്ക്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയത്തെ ആ പാര്‍ട്ടിയുടെ നിറം പറഞ്ഞ് സൂചിപ്പിക്കുന്ന ഒരു പ്രയോഗമെന്ന തരത്തിലാണ് ബ്ലൂ സുനാമി എന്ന വാക്ക് ഉപയോഗിച്ചത്. എല്‍ സഈദിന്റെ വിജയപ്രസംഗത്തില്‍ നിന്നാണ് ‘ഹബീബി’ എന്ന വാക്ക് സെര്‍ച്ചുകളില്‍ പെട്ടെന്ന് ഇടംപിടിച്ചത്.
Content Highlight: Habibi, Call Me Senator: J.D. Habibi Trends Following El-Saeed’s Victory
