ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. വെല്ലിങ്‌ടണിലെ റീജിയണൽ സേ്റ്റഡിയത്തിൽ നടന്ന മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് സ്റ്റേൺ നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ന്യൂസിലാൻഡിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു.

മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 41 ഓവറിൽ 134 ന് ഓൾ ഔട്ട് ആയി. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 113 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിൽ നിൽക്കെ മഴ വീണ്ടും വില്ലനായി എത്തുകയായിരുന്നു. ഒടുവിൽ ഡക്ക് വർത്ത് ലൂയിസ് കണക്കുകൾ പ്രകാരം വിജയലക്ഷ്യം 26 ഓവറിൽ 110 റൺസാക്കി ചുരുക്കിയതോടെ ഇന്ത്യ വിജയം നേടുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നിരാശപ്പെടുത്തിയ പ്രകടനമാണ് ഗിൽ നടത്തിയത്. റൺസ് ഒന്നും നേടാതെയാണ് ഗിൽ മടങ്ങിയത്. ജേക്കബ് ഡഫിയുടെ നേരിട്ട ആദ്യ പന്തിൽ തന്നെ ഹെൻറി നിക്കോൾസിന് ക്യാച്ച് നൽകിയാണ് ഇന്ത്യ നായകൻ പുറത്തായത്.

ക്യാപ്റ്റനെന്ന നിലയിൽ ഏകദിനത്തിൽ ആദ്യമായാണ് ഗിൽ ആദ്യ പന്തിൽ പുറത്താവുന്നത്. ഇതോടെ ഏകദിനത്തിൽ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ ക്യാപ്റ്റന്മാരുടെ ലിസ്റ്റിലും ഗില്ലിന്റെ പേര് ആദ്യമായി രേഖപ്പെടുത്തപ്പെട്ടു. ഈ മോശം റെക്കോഡിൽ ഇടം നേടുന്ന 15ാം ക്യാപ്റ്റനാണ് ഗിൽ.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ ഡക്കായ ഇന്ത്യൻ ക്യാപ്റ്റൻമാർ

സൗരവ് ഗാംഗുലി – 9

മുഹമ്മദ് അസറുദ്ദിൻ – 6

രാഹുൽ ദ്രാവിഡ് – 4

കപിൽ ദേവ് – 4

സച്ചിൻ ടെൻഡുൽക്കർ – 4

എം.എസ് ധോണി – 3

സുനിൽ ഗവാസ്കർ – 3

വിരാട് കോഹ്‌ലി – 3

രോഹിത് ശർമ – 3

വിരേന്ദർ സെവാഗ് – 2

ദിലീപ് വെങ്‌സർക്കാർ -2

ഗൗതം ഗംഭീർ -1

അജയ് ജഡേജ -1

സുരേഷ് റെയ്ന -1

ശുഭ്മൻ ഗിൽ -1

അതേസമയം മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പർ കെ.എൽ രാഹുലുമാണ്. അയ്യർ 30 റൺസും രാഹുൽ പുറത്താവാതെ 26 റൺസുമാണ്‌ നേടിയത്. മുൻനായകൻ രോഹിത് ശർമ 23 റൺസ് നേടി.

104 പന്തിൽ 55 റൺസ് നേടിയ ഡാരിൽ മിച്ചലാണ് ന്യൂസിലാൻഡ് നിരയിൽ പൊരുതിനിന്നത്. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ 31 റൺസും നേടി.

ഇന്ത്യൻ ബൗളിങ്ങിൽ നാല് വിക്കറ്റ് നേടി ഗുർണൂർ ബ്രാർ മികച്ച പ്രകടനമാണ്‌ നടത്തിയത്. ഔഖിബ് നബി, അക്‌സർ പട്ടേൽ, അൻഷുൽ കാംബോജ് എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

രണ്ടാം മത്സരവും വിജയിച്ചതോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0ത്തിന് മുന്നിലാണ്. നവംബർ 10നാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.

 

Content Highlight: Indian captain Shubhman Gill create a unwanted record in ODI