സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരിലൊരാളാണ് റെജീന കസാന്‍ഡ്ര. 2005ല്‍ കണ്ട നാള്‍ മുതല്‍ എന്ന ചിത്രത്തിലൂടെയാണ് റെജീന സിനിമയിലേക്ക് കടന്നുവന്നത്. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്ത റെജീന ശിവ മനസുലോ ശ്രുതിയിലൂടെയാണ് നായികയായി അരങ്ങേറിയത്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

നായികാവേഷങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ക്യാരക്ടര്‍ റോളുകളിലും നെഗറ്റീവ് റോളുകളിലും റെജീന പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. സുന്ദര്‍ സി സംവിധാനം ചെയ്ത മൂക്കുത്തി അമ്മന്‍ 2 ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മിത്തോളജക്കില്‍ ഫാന്റസി ഴോണറിലൊരുങ്ങിയ സിനിമയില്‍ ഭൈരവി എന്ന നെഗറ്റീവ് ക്യാരക്ടറായാണ് റെജീന വേഷമിടുന്നത്.

കരിയറിന്റെ തുടക്കത്തില്‍ ചെയ്ത സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് താരം. തുടക്കകാലത്ത് തമിഴ് ഇന്‍ഡസ്ട്രിയില്‍ തന്റെ ഏറ്റവുമടുത്ത സുഹൃത്ത് ശിവകാര്‍ത്തികേയനായിരുന്നെന്ന് റെജീന പറഞ്ഞു. തങ്ങള്‍ ഒന്നിച്ച് ചെയ്ത കേഡി ബില്ല കില്ലാഡി രംഗ എന്ന ചിത്രത്തിന് ഇന്നും ആരാധകരുണ്ടെന്നും ആ സിനിമയുടെ ഷൂട്ട് നല്ല ഓര്‍മകളായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു റെജീന കസാന്‍ഡ്ര.

‘ആ സമയത്ത് ശിവകാര്‍ത്തികേയന്‍ ഇന്ന് കാണുന്നതുപോലെ വലിയ സ്റ്റാറായിട്ടൊന്നുമില്ല. സിനിമയിലേക്ക് വന്ന സമയമായിരുന്നു അത്. കേഡി ബില്ല കില്ലാഡി രംഗ ചെയ്യുന്നതിന് മുന്നേ ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യേണ്ടതായിരുന്നു. അറ്റ്‌ലീയുടെ ആദ്യത്തെ സിനിമ രാജാ റാണിയിലെ ആദ്യത്തെ കാസ്റ്റ് ഞങ്ങളായിരുന്നു.

ഞാനും ശിവകാര്‍ത്തികേയനും പ്രിയ ആനന്ദുമായിരുന്നു അന്നത്തെ കാസ്റ്റ്. പിന്നീട് എന്റെ റോളിലേക്ക് നസ്രിയ വന്നു. ആ കാസ്റ്റ് മൊത്തം മാറ്റി. കാരണം അന്ന് അതിന്റെ പ്രൊഡ്യൂസേഴ്‌സിന് എസ്റ്റാബ്ലിഷ്ഡായിട്ടുള്ള ആര്‍ട്ടിസ്റ്റുകളെയായിരുന്നു ആവശ്യം. അതിന് ശേഷമാണ് കേഡി ബില്ല കില്ലാഡി രംഗ ചെയ്യുന്നത്,’ റെജീന കസാന്‍ഡ്ര പറയുന്നു.

തമിഴില്‍ സമീപകാലത്ത് ഏറ്റവുമധികം പണം ചെലവഴിച്ച ചിത്രമാണ് മൂക്കുത്തി അമ്മന്‍ 2. ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ മൂക്കുത്തി അമ്മന്റെ സ്പിരിച്വല്‍ സീക്വലാണ് ഈ ചിത്രം. നയന്‍താര, ഉര്‍വശി, ദുനിയാ വിജയ്, റെജീന കസാന്‍ഡ്ര തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് നല്ല റിപ്പോര്‍ട്ടല്ല ലഭിക്കുന്നത്.

Content Highlight: Regeena Cassandra saying he was the first choice for Nazriya’s role in Raja Rani movie