രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. സൂര്യ നായകനാകുന്ന ചിത്രത്തിൽ ഇൻബരാജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മായയായി നസ്രിയയും ഈശ്വരനായി നസ്‌ലനും ചിത്രത്തിൽ എത്തുന്നുണ്ട്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ തമിഴ് സിനിമയിൽ തിരിച്ചെത്തുന്നത്. നവംബർ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.

ഇപ്പോഴിതാ നടൻ സൂര്യയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കാരണം ‘സീൻ’ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമം പങ്കുവെക്കുകയാണ് സംവിധായകൻ ജിത്തു മാധവൻ. സൂര്യയുടെ മുന്നിൽവെച്ച് മലയാളത്തിൽ സംസാരിക്കണമെന്ന് തനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നെന്നും തമിഴിൽ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ പതർച്ച മലയാളത്തിൽ ഉണ്ടാകില്ലെന്നും ജിത്തു പറഞ്ഞു. നസ്‌ലെനും സൂര്യയോട് പറയാൻ ഒരുപാട് കാര്യങ്ങൾ കരുതിവെച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സീൻ. Photo. Screen Grab/ Youtube

‘സൂര്യ സാറിന് ഈ പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്തതിൽ ഞങ്ങൾക്കും ഭയങ്കര വിഷമമുണ്ട്. കാരണം, നമ്മുടെ നാട്ടിൽ സൂര്യ സാറിന്റെ മുന്നിൽവെച്ച് മലയാളത്തിൽ തെറ്റാതെ നാല് വാക്ക് പറയണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. തമിഴിൽ സംസാരിക്കുമ്പോൾ നമ്മൾ ഒന്ന് പതറിപ്പോകും. മലയാളത്തിലാകുമ്പോൾ ആ പതർച്ചയില്ലാതെ സംസാരിക്കാൻ പറ്റുമല്ലോ.

ശരിക്കും എന്നേക്കാൾ കൂടുതൽ വിഷമം നസ്‌ലെനായിരിക്കും. കാരണം, നസ്‌ലെന്റെ മനസിൽ കുറെ വാക്കുകളുണ്ടായിയുന്നു പറയാൻ. അതൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതെല്ലാം ഇവിടെ സൂര്യ സാറിന്റെ മുന്നിൽവെച്ച് പറയണമെന്നായിരുന്നു അവന്റെ ആഗ്രഹം,’ ജിത്തു മാധവൻ പറഞ്ഞു.

അതേസമയം, ചിത്രം നാളെ തിയേറ്ററുകളിലെത്തുമെന്നും എല്ലാവരും സിനിമ കണ്ട് അഭിപ്രായം അറിയിക്കണമെന്നും ജിത്തു അഭ്യർഥിച്ചു.

സീൻ. Photo. Screen Grab/ Youtube

‘കുറച്ചു ദിവസമെന്ന് പറഞ്ഞ് കാത്തിരുന്ന സിനിമ ഇപ്പോൾ അടുത്തേക്ക് എത്തിയിരിക്കുകയാണ്. നാളെ ചിത്രം റിലീസ് ചെയ്യുകയാണ്. ബുക്കിങ് തുറന്നിട്ടുണ്ട്. എല്ലാവരും ബുക്ക് ചെയ്ത് സിനിമ കാണണം. കണ്ടിട്ട് അഭിപ്രായം പറയണം. അതാണ് ഞങ്ങൾക്ക് പറയാനുള്ളത്. സൂര്യ സാറിനെ കാണാൻ എല്ലാവരും ഒരുപാട് കാത്തിരുന്നിട്ടുണ്ടെന്ന് എനിക്കറിയാം. ഞങ്ങളെ പ്രാകരുത്. സാറിന് സുഖമില്ലാത്തതുകൊണ്ടാണ് വരാൻ കഴിയാത്തത്,’ എന്നും ജിത്തു പറഞ്ഞു.

Content Highlight:  Director Jithu Madhavan expresses his regret that actor Suriya could not attend the promotional event for the film ‘Seen’ due to health issues