സമീപകാലത്ത് സിനിമാലോകത്ത് ചര്‍ച്ചയായ വിഷയമായിരുന്നു ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറിന്റെയും രാധിക ആപ്‌തെയുടെയും പ്രസ്താവനകള്‍. തെലുങ്കില്‍ തങ്ങള്‍ ചെയ്ത സിനിമകളെക്കുറിച്ച് പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പെദ്ദി എന്ന ചിത്രത്തെക്കുറിച്ച് ജാന്‍വി പറഞ്ഞതും ബാലകൃഷ്ണയുമായി അഭിനയിച്ചതിനെക്കുറിച്ച് രാധിക ആപ്‌തെ പറഞ്ഞ വാക്കുകളുമാണ് ചര്‍ച്ചയായത്.

പെദ്ദിയുടെ സ്‌ക്രിപ്റ്റ് മുഴുവന്‍ തനിക്ക് വായിക്കാന്‍ തന്നില്ലായിരുന്നെന്നും ക്യാമറ ആംഗിളുകളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നുമായിരുന്നു ജാന്‍വി കപൂര്‍ പറഞ്ഞത്. തന്റെ ഇരട്ടി പ്രായമുള്ള നടനുമായി റൊമാന്‍സ് ചെയ്യേണ്ടി വന്ന അനുഭവത്തെക്കുറിച്ച് രാധിക ആപ്‌തെയുടെ വാക്കുകളും വൈറലായി. ഇതിന് പിന്നാലെ തെലുങ്ക് സിനിമക്ക് നേരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് തമിഴ് താരം റെജീന കസാന്‍ഡ്ര. താന്‍ ഒരു സ്ത്രീയാണെന്നും ജാന്‍വിക്കും രാധികക്കുമൊപ്പമാണ് താനെന്നും റെജീന പറഞ്ഞു. എന്നാല്‍ അവര്‍ പറഞ്ഞ രീതിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അത് എടുത്തുപറയേണ്ടത് അത്യാവശ്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ടുഡേയോട് സംസാരിക്കുകയായിരുന്നു റെജീന കസാന്‍ഡ്ര.

‘ഞാന്‍ എപ്പോഴും സ്ത്രീകള്‍ക്കൊപ്പമാണ്. പക്ഷേ, അവര്‍ പറഞ്ഞതിലെ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കണമെന്ന് എനിക്ക് തോന്നി. ജാന്‍വിയുടെയും രാധികയുടെയും ഇന്റര്‍വ്യൂ മുഴുവന്‍ ഞാന്‍ കണ്ടിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായ ക്ലിപ്പുകള്‍ മാത്രമേ കണ്ടിട്ടുള്ളൂ. അറിഞ്ഞിടത്തോളം പെദ്ദി എന്ന സിനിമയെക്കുറിച്ചാണ് ജാന്‍വി സംസാരിച്ചത്. രാധിക ഒരു തെലുങ്ക് സിനിമയെക്കുറിച്ചും സംസാരിച്ചു.

അവര്‍ക്ക് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ പ്രശ്‌നം തോന്നിയാല്‍ പിന്മാറാമായിരുന്നു. തങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഇതെന്ന് പറഞ്ഞ് മാറാമായിരുന്നു. അത് ചെയ്യാതെ, പിന്നീട് അതിനെക്കുറിച്ച് കുറ്റം പറയുന്നത് ശരിയായ നടപടിയായി തോന്നിയിട്ടില്ല. സൗത്ത് ഇന്ത്യയില്‍ ബൗണ്ട് സ്‌ക്രിപ്റ്റ് ഇല്ലെന്ന് ജാന്‍വി പറഞ്ഞു. ബോളിവുഡില്‍ എന്താണ് ഷൂട്ട് ചെയ്യുന്നതെന്ന് ആ ദിവസം മാത്രമേ നമ്മളോട് പറയുള്ളൂ. കഥ മുഴുവന്‍ നമ്മളോട് പറയണമെന്ന നിര്‍ബന്ധം അവര്‍ക്കില്ല,’ റെജീന കസാന്‍ഡ്ര പറയുന്നു.

നോര്‍ത്ത് ഇന്ത്യയിലെ ആര്‍ട്ടിസ്റ്റുകള്‍ ഇത്തരത്തില്‍ സൗത്ത് ഇന്ത്യന്‍ സിനിമകളെക്കുറിച്ച് പറയുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും താരം പറഞ്ഞു. ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നോര്‍ത്ത്- സൗത്ത് എന്ന് വേര്‍തിരിവുണ്ടെന്നും ഇത്തരം പ്രസ്താവനകള്‍ ഇതിനെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും റെജീന കൂട്ടിച്ചേര്‍ത്തു.

Content Highlight: Regina Cassandra shares her opinion on Radhika Apte and Jhanvi Kapoor’s statement