തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ട് ഏതെന്ന് ചോദിച്ചാല്‍ രജിനി- കമല്‍ റീയൂണിയനായിരുന്നു കഴിഞ്ഞദിവസം വരെ പലരുടെയും ഉത്തരം. എന്നാല്‍ ഇന്നുമുതല്‍ തമിഴിലെ ഏറ്റവും ഹൈപ്പേറിയ സിനിമയുടെ സ്ഥാനം മറ്റൊരു പ്രൊജക്ട് സ്വന്തമാക്കിയിരിക്കുകയാണ്. തമിഴില്‍ എക്കാലത്തു കള്‍ട്ട് ഫാന്‍ ഫോളോയിങ്ങുള്ള തമിഴ് പടം ഫ്രാഞ്ചൈസിയുടെ പുതിയ ഭാഗത്തിന് ഇന്ന് തുടക്കമായി.
സ്പൂഫ് ഴോണറില്‍ തമിഴിലെ സകല സിനിമകളെയും ട്രോളി ഗ്യാലക്‌സിയിലെത്തിച്ച ചിത്രങ്ങളാണ് തമിഴ് പടത്തിന്റെ രണ്ട് ഭാഗങ്ങളും. മിര്‍ച്ചി ശിവ എന്ന നടനെ അഗില ഉലക സൂപ്പര്‍സ്റ്റാറാക്കി മാറ്റിയ തമിഴ് പടം ഫ്രാഞ്ചൈസിക്ക് മലയാളികള്‍ക്കിടയിലും ആരാധകരുണ്ട്. ഒരുപാട് കാലമായി പലരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴ് പടം 3.

ചിത്രത്തിന്റെ ഷൂട്ട് ഇന്ന് ആരംഭിക്കുകയാണെന്ന് നിര്‍മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് അറിയിച്ചു. ബജറ്റിലും സ്‌കെയിലിലും മുന്‍ ഭാഗങ്ങളെക്കാള്‍ വലിയ സിനിമയാകും ഇതെന്ന് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ സൂചന നല്‍കുന്നുണ്ട്. ഇളയ ദളപതിയില്‍ നിന്ന് വിജയ് ദളപതിയായതുപോലെ അഗില ഉലക സൂപ്പര്‍സ്റ്റാറില്‍ നിന്ന് ഇന്റര്‍ഗാലക്റ്റിക് സൂപ്പര്‍സ്റ്റാര്‍ എന്ന ലെവലിലേക്ക് ഈ ചിത്രത്തിലൂടെ ശിവ ഉയര്‍ന്നിട്ടുണ്ട്.
2010ല്‍ പുറത്തിറങ്ങിയ ആദ്യഭാഗവും 2018ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാഗവും ഗംഭീര വിജയം നേടിയിരുന്നു. സൂപ്പര്‍താര സിനിമകളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ട്രോളിയ തമിഴ് പടം ഇത്തവണയും ഞെട്ടിക്കുമെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്. തമിഴ് പടത്തിന് ട്രോളാനുള്ള വകുപ്പ് കോളിവുഡ് ഇന്‍ഡസ്ട്രിയിലെ പലരും നല്‍കിയിട്ടുണ്ടെന്നാണ് കമന്റുകള്‍.

ബിഗില്‍, വിക്രം, തഗ് ലൈഫ്, കങ്കുവ, ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ഇന്ത്യന്‍ 2, ബീസ്റ്റ്, കൂലി, അണ്ണാത്തെ, വലിമൈ, വിടാമുയര്‍ച്ചി തുടങ്ങിയ സിനിമകളെല്ലാം ഇത്തവണ തമിഴ് പടത്തിന്റെ ഇരയാകുമെന്നാണ് പലരുടെയും പ്രവചനം. നായകനായി ശിവയും വില്ലനായി സതീഷും എത്തുമ്പോള്‍ ബാക്കി താരങ്ങള്‍ ആരൊക്കെയാകുമെന്നാണ് സിനിമാപേജുകള്‍ ഉറ്റുനോക്കുന്നത്.
സി.എസ് അമുദന്‍ തന്നെയാണ് മൂന്നാം ഭാഗവും ഒരുക്കുന്നത്. കോളിവുഡിലെ ഏറ്റവും ഹൈപ്പേറിയ സിനിമ അണിയറയില്‍ ഒരുങ്ങുമ്പോള്‍ ഇഷ്ടനടന്റെ ഫ്‌ളോപ്പ് പടങ്ങള്‍ അതില്‍ ഇടംപിടിക്കരുതേ എന്നാണ് ഓരോ ആരാധകനും പ്രാര്‍ത്ഥിക്കുന്നത്. 2027 സമ്മര്‍ റിലീസായി തമിഴ് പടം 3 തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Content Highlight: Tamizh Padam 3 movie shoot starts today
