2026 സാഫ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ ഏഴ് മലയാളികള്‍. അബ്ദുല്‍ റബീഹ്, ബിജോയ് വര്‍ഗീസ്, മുഹമ്മദ് ഉവൈസ്, എബിന്‍ദാസ് യേശുദാസന്‍, നൗഫല്‍ പി.എന്‍, മുഹമ്മദ് സുഹൈല്‍, വിഷ്ണു പി.വി.

ഏഴു പേരുകള്‍. ഏഴു സ്വപ്നങ്ങള്‍. കേരളത്തിന്റെ നാട്ടുമുറ്റങ്ങളില്‍നിന്ന് ഇന്ത്യയുടെ ദേശീയ ജേഴ്‌സിയിലേക്കുള്ള ഏഴ് യാത്രകള്‍.

ഇന്ന് (നവംബര്‍ 5) ധാക്കയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ കൗതുകം മറ്റൊന്നാണ്. ആദ്യ ഇലവനില്‍ എത്ര മലയാളികളുണ്ടാകും? ഏഴില്‍ എത്ര പേര്‍ക്ക് കളത്തിലിറങ്ങാനാകും?

ഉത്തരങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ ഓര്‍മകള്‍ അരനൂറ്റാണ്ട് പിന്നിലേക്ക് നടക്കുന്നു.

1976. സൗത്ത് കൊറിയ. പ്രസിഡന്റ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം യാത്ര തിരിക്കുന്നു. മഞ്ജിത് സിങ് നയിച്ച ആ ടീമില്‍ ആറ് മലയാളികളുണ്ടായിരുന്നു. അതുവരെ ഒരു ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച ഏറ്റവും വലിയ മലയാളി സാന്നിധ്യം.

എം.എം. ജേക്കബ്, ഡോ. മുഹമ്മദ് ബഷീര്‍, പി. ബാലചന്ദ്രന്‍, വിക്ടര്‍ മഞ്ഞില, അല്‍ഫോണ്‍സ്, സി.സി. ജേക്കബ്. ആറ് പേരുകള്‍, കേരളത്തിന്റെ ഫുട്‌ബോള്‍ കരുത്തിന്റെ അടയാളങ്ങള്‍.

ഇന്ന് കാണുന്ന അക്കാദമികളില്ല. ആധുനിക പരിശീലന സൗകര്യങ്ങളില്ല. പക്ഷേ, നാട്ടുമൈതാനങ്ങളുണ്ടായിരുന്നു. പ്രതിഭയുണ്ടായിരുന്നു. ദേശീയ ജേഴ്‌സിയെന്ന സ്വപ്നവുമുണ്ടായിരുന്നു.

അര്‍മാന്‍ഡോ കൊളാക്കോ, സുഖ്വിന്ദര്‍ സിങ്, ഹര്‍ജീന്ദര്‍ സിങ് തുടങ്ങിയവരും ആ ടീമിലുണ്ടായിരുന്നു.

എന്നാല്‍ സൗത്ത് കൊറിയന്‍ യാത്ര നല്ല ഓര്‍മയല്ല സമ്മാനിച്ചത്. നാല് മത്സരങ്ങള്‍. നാലിലും തോല്‍വി. സൗത്ത് കൊറിയ, സിംഗപ്പൂര്‍, ബ്രസീലിന്റെ അണ്ടര്‍-21 ടീം, മലേഷ്യ. എതിരാളികള്‍ക്ക് മുന്നില്‍ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഒരു ഗോള്‍ മാത്രം നേടി. വഴങ്ങിയത് 12 ഗോളുകള്‍.

ആ യാത്ര വിജയത്തിന്റെ ചരിത്രമായിരുന്നില്ല. പക്ഷേ, ഇന്ത്യന്‍ ജേഴ്‌സിയില്‍ കേരളം അടയാളപ്പെടുത്തിയ വലിയൊരു കാലത്തിന്റെ ഓര്‍മയാണത്. ബ്രസീല്‍ ടീമിന് എതിരെ മഞ്ഞില നടത്തിയ ഗംഭീര പ്രകടനവും.

അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ചരിത്രം പുതിയൊരു സംഖ്യ എഴുതുകയാണ്. 1976ല്‍ ആറ് മലയാളികള്‍. 2026 ല്‍ ഏഴ് പേര്‍. എന്നാല്‍ ഇത്തവണത്തെ സാഫ് ടീമിന്റെ രൂപീകരണത്തിന് മറ്റൊരു പശ്ചാത്തലമുണ്ട്.

ഇന്ത്യയുടെ ഒന്നാം നിര സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തിയാണ് 28 അംഗ ടീമിനെ പ്രഖ്യാപിച്ചത്. നവംബര്‍ 12, 15 തീയതികളില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്കായി സീനിയര്‍ ടീമിനെ പരിശീലകന്‍ ഖാലിദ് ജമീല്‍ നിലനിര്‍ത്തി. ലോകകപ്പ് കളിച്ചെത്തുന്ന ന്യൂസിലന്‍ഡിനെ നേരിടാനുള്ള ഒരുക്കത്തിലാണ് അവര്‍, അത് നടക്കട്ടെ.

സാഫില്‍ ഇന്ത്യയെ നയിക്കുന്നത് അണ്ടര്‍ 23 പരിശീലകന്‍ നൗഷാദ് മൂസയാണ്. സഹപരിശീലകന്‍ ബിബിയാനോ ഫെര്‍ണാണ്ടസ്.

ഇവിടെ 1976ലെ ഓര്‍മകള്‍ക്ക് ചെറിയൊരു സാമ്യമുണ്ട്. അന്നും താരലഭ്യതയുടെ പ്രതിസന്ധി ഉണ്ടായിരുന്നു. കൊല്‍ക്കത്ത ക്ലബ്ബുകള്‍ താരങ്ങളെ വിട്ടുനല്‍കാന്‍ തയ്യാറാകാത്തതിനാല്‍ ലഭ്യമായവരെ ചേര്‍ത്താണ് ടീം രൂപീകരിച്ചത്. കൊല്‍ക്കത്ത ലീഗിന്റെ ആവേശവും അതിന് കാരണമായി.

കാലം മാറി. സാഹചര്യങ്ങള്‍ മാറി. പക്ഷേ, പ്രതിസന്ധികള്‍ക്കിടയിലും ദേശീയ ജേഴ്‌സിയണിയാന്‍ കാത്തുനില്‍ക്കുന്ന കളിക്കാര്‍ മാറിയിട്ടില്ല.

2023 ല്‍ ബെംഗളൂരുവില്‍ കുവൈത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ ഒമ്പതാം സാഫ് കിരീടം നേടിയത്. പത്താം കിരീടമാണ് ഇത്തവണ ലക്ഷ്യം.

നവംബര്‍ 5ന് (വ്യാഴം) പാകിസ്ഥാനെതിരെ ആദ്യ മത്സരം. നവംബര്‍ 11ന് മാലദ്വീപിനെതിരെ ഗ്രൂപ്പിലെ അവസാന പോരാട്ടം. നവംബര്‍ 14ന് സെമിഫൈനല്‍. നവംബര്‍ 17ന് ഫൈനല്‍.

കിരീടത്തിലേക്കുള്ള വഴിയില്‍ ഇന്ത്യയ്ക്ക് മുന്നില്‍ കടമ്പകളുണ്ട്. ആ യാത്രയില്‍ ഏഴ് മലയാളി സാന്നിധ്യങ്ങളുമുണ്ട്.

കേരളത്തിന്റെ ഫുട്‌ബോള്‍ ചരിത്രം ദേശീയ ടീമിലെ ഈ ഏഴ് പേരുകളില്‍ തുടങ്ങുന്നതല്ല. നാട്ടിന്‍പുറങ്ങളിലെ പൊടിമൈതാനങ്ങളില്‍ തുടങ്ങിയതാണ്. പന്തിന് പിന്നാലെ ഓടിയ ബാല്യങ്ങള്‍. മഴ നനഞ്ഞ കളികള്‍. വെളിച്ചം മങ്ങിയ സന്ധ്യകള്‍. അവിടെനിന്നാണ് പലരും നീലക്കുപ്പായത്തിന്റെ വെളിച്ചത്തിലേക്ക് നടന്നുകയറിയത്.

അരനൂറ്റാണ്ടിന്റെ ദൂരം. ഒരു തലമുറയുടെ മാറ്റം. പക്ഷേ, മൈതാനത്തോടുള്ള കേരളത്തിന്റെ പ്രണയത്തിന് മാത്രം പ്രായമായിട്ടില്ല.

Content Highlight: M.M. Jaffer Khan writes about the Malayali presence in the SAFF Cup