ഇന്ത്യ ഇതുവരെ ഒരിക്കല്‍ പോലും ഫുട്‌ബോള്‍ ലോകകപ്പ് കളിച്ചിട്ടില്ല. എന്നാല്‍ ഒരു മലയാളി സ്റ്റോപ്പര്‍ ബാക്ക് എട്ട് ലോകകപ്പുകള്‍ക്ക് സാക്ഷിയായി ചരിത്രം കുറിച്ചു. കളിക്കാരനായും മാധ്യമപ്രവര്‍ത്തകനായും ഫുട്‌ബോളിന്റെ രണ്ട് ലോകങ്ങളില്‍ ഒരുപോലെ നിറഞ്ഞുനിന്ന ആ മനുഷ്യന്റെ പേര് ഭാസി മലാപ്പറമ്പ്. അദ്ദേഹം ജീവിതത്തിന്റെ കളം വിട്ട് സ്വര്‍സ രാജ്യത്തെ മൈതാനം തേടി യാത്രയായി.

കോഴിക്കോട്ടെ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ സ്റ്റോപ്പര്‍ ബാക്കായി എതിരാളികളുടെ മുന്നേറ്റങ്ങള്‍ തടഞ്ഞുനിര്‍ത്തിയ അതേ മനുഷ്യന്‍, പിന്നീട് ലോകകപ്പുകളുടെ പ്രസ് ഗാലറികളിലിരുന്ന് ഫുട്‌ബോള്‍ ചരിത്രത്തിലെ അപൂര്‍വ നിമിഷങ്ങള്‍ അക്ഷരങ്ങളിലേക്ക് പകര്‍ത്തി. പന്തിനെ പിന്തുടര്‍ന്ന കാലുകള്‍ ഒടുവില്‍ ലോകഫുട്‌ബോളിന്റെ കഥകള്‍ പിന്തുടരുന്ന പേനയായി മാറുകയായിരുന്നു. പെലെയെ നേരില്‍ കാണാനും അദ്ദേഹത്തിന്റെ സ്‌നേഹാലിംഗനം ഏറ്റുവാങ്ങാനും ഭാസിക്ക് ഭാഗ്യമുണ്ടായി.

ഭാസി മലാപ്പറമ്പ്

കോഴിക്കോട്ടെ യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബിന്റെ പ്രതിരോധനിരയിലായിരുന്നു ഭാസിയുടെ കളിജീവിതത്തിന്റെ പ്രധാന അധ്യായങ്ങള്‍. സ്റ്റോപ്പര്‍ ബാക്ക് സ്ഥാനത്ത് ഇന്ത്യയിലെ പ്രമുഖ ടൂര്‍ണമെന്റുകളില്‍ കളിച്ച അദ്ദേഹം, അക്കാലത്തെ മികച്ച കളിക്കാര്‍ക്കൊപ്പം ബൂട്ടുകെട്ടി.

ഒറ്റപ്പാലം ഹുസൈന്‍, ഹംസ, ഇ.എന്‍. സുധീര്‍, പ്രസന്നന്‍, ഉമര്‍ തുടങ്ങിയവരെല്ലാം സഹതാരങ്ങള്‍. മുഹമ്മദന്‍സ് ഉള്‍പ്പെടെയുള്ള വമ്പന്‍ ടീമുകളെപ്പോലും അമ്പരപ്പിച്ച പ്രകടനങ്ങള്‍ യങ് ചാലഞ്ചേഴ്‌സ് കാഴ്ചവെച്ച കാലം. ആ ടീമിന്റെ പ്രതിരോധത്തിലെ വിശ്വസ്ത സാന്നിധ്യമായിരുന്നു ഭാസി.

മൈതാനത്തെ ആ അനുഭവസമ്പത്തും കളിയോടുള്ള അഗാധമായ പ്രണയവുമാകാം പിന്നീട് അദ്ദേഹത്തെ ഫുട്‌ബോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ വേറിട്ട വഴികളിലേക്ക് നയിച്ചത്. കളിക്കാരനെന്ന നിലയില്‍ പന്തിന്റെ ഗതിയും കളിയുടെ തന്ത്രങ്ങളും അടുത്തറിഞ്ഞ ഭാസിക്ക് റിപ്പോര്‍ട്ടറെന്ന നിലയില്‍ കളിയുടെ സൂക്ഷ്മതകള്‍ വായിച്ചെടുക്കാന്‍ വേഗത്തില്‍ കഴിഞ്ഞു.

ചലഞ്ചേഴ്‌സ് ടീം

അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവങ്ങളിലൊന്ന് 1977 ലായിരുന്നു. ന്യൂയോര്‍ക്ക് കോസ്‌മോസിനുവേണ്ടി കളിച്ചിരുന്ന പെലെ ഇന്ത്യയിലെത്തി, മോഹന്‍ ബഗാനെതിരെ കളിച്ചപ്പോള്‍ ആ ചരിത്രമത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ ഭാസിയും കൊല്‍ക്കത്തയിലെത്തി. പിന്നീട് ലോകകപ്പുകളുടെ വലിയ വാതിലുകള്‍ അദ്ദേഹത്തിനുമുന്നില്‍ തുറന്നു.

1982ല്‍ സ്‌പെയിനില്‍ നടന്ന ലോകകപ്പായിരുന്നു ആദ്യത്തേത്. അന്ന് സര്‍ക്കാര്‍ സര്‍വീസില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു ഭാസി. മാഡ്രിഡിലെ ഒരു ഫുട്പാത്തില്‍വെച്ച് പെലെയെ കണ്ടു. കല്ലായിയിലെ ഒരു കടയില്‍നിന്ന് വാങ്ങിയ ചന്ദനത്തടികൊണ്ടുള്ള പേനകൊണ്ട് പെലെയുടെ കൈയൊപ്പ് വാങ്ങി. പേനയുടെ സുഗന്ധം ആസ്വദിച്ച പെലെ പറഞ്ഞ വാക്കുകള്‍ ഭാസിയുടെ ഓര്‍മയില്‍ എന്നും സുഗന്ധം പരത്തി: ‘പേനയ്ക്ക് ഫുട്‌ബോളിന്റെ മണമാണെന്ന്’.
ചന്ദനപ്പേനകൊണ്ട് ഫുട്‌ബോള്‍ രാജാവ് കൈയൊപ്പിട്ട ആ നിമിഷം ഭാസിയുടെ ജീവിതത്തിലെ സുകൃതമായി, ചരിത്രമായി.

ഭാസി മലാപ്പറമ്പ് കാര്‍ലോസ് ആല്‍ബര്‍ട്ടോസിനൊപ്പം

1986 മെക്‌സിക്കോ, 1990 ഇറ്റലി, 1998 ഫ്രാന്‍സ്, 2002 കൊറിയ-ജപ്പാന്‍, 2006 ജര്‍മനി, 2010 സൗത്ത് ആഫ്രിക്ക, 2014 ബ്രസീല്‍. അങ്ങനെ തുടര്‍ച്ചയായി എട്ട് ലോകകപ്പുകള്‍. 2008 യൂറോ കപ്പിനായി ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് രാജ്യങ്ങളിലും ഭാസിയെത്തി.

ഓരോ ലോകകപ്പും പുതിയ അനുഭവങ്ങളുടെയും മനുഷ്യരുടെയും ഓര്‍മകളുടെയും വാതിലുകള്‍ തുറന്നു. 2002ല്‍ കൊറിയ-ജപ്പാന്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തതിന് സംഘാടകരില്‍നിന്ന് പുരസ്‌കാരം ലഭിച്ചു. 2010 സൗത്ത് ആഫ്രിക്കന്‍ ലോകകപ്പിനിടെയുണ്ടായ മറ്റൊരു അനുഭവവും വേറിട്ടതാണ്. ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞ പെലെ ഭാസിയെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചു. ഒരിക്കല്‍ മാഡ്രിഡില്‍ ചന്ദനപ്പേനയുടെ സുഗന്ധം ആസ്വദിച്ച ഫുട്‌ബോള്‍ രാജാവ്, വര്‍ഷങ്ങള്‍ക്കുശേഷം ഭാസിയെ സ്‌നേഹാലിംഗനത്തിലൂടെ ചേര്‍ത്തുനിര്‍ത്തി. ഭാസിയുടെ ലോകകപ്പ് ഓര്‍മകളിലെ ഏറ്റവും ഹൃദ്യമായ ചിത്രങ്ങളിലൊന്നായിരിക്കും അത്.

ഭാസി മലാപ്പറമ്പും പെലെയും- Photo: Footytimse (ചാറ്റ് ജി.പി.ടിയുടെ സഹായത്തോടെ വ്യക്തത വരുത്തിയ ചിത്രം)

എന്നാല്‍ എട്ട് ലോകകപ്പുകളുടെ യാത്രയേക്കാള്‍ ആഴത്തില്‍ മനസില്‍ തൊടുന്നൊരു അധ്യായവും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. 2018 റഷ്യന്‍ ലോകകപ്പിന് ഫിഫയുടെ ഫ്രീലാന്‍സ് ജേണലിസ്റ്റ് അക്രെഡിറ്റേഷന്‍ ലഭിച്ചു.

പക്ഷേ ഭാര്യ പാര്‍വതിയുടെ അസുഖാവസ്ഥയില്‍ അവരെ തനിച്ചാക്കി പോകാന്‍ അദ്ദേഹത്തിന് മനസുവന്നില്ല. യാത്ര ചെയ്യണമെന്ന് ഭാര്യ നിര്‍ബന്ധിച്ചിട്ടും ഭാസി തീരുമാനം മാറ്റിയില്ല. ലോകഫുട്‌ബോളിന്റെ ഏറ്റവും വലിയ വേദിയിലേക്കുള്ള ക്ഷണത്തേക്കാള്‍ വലുതായിരുന്നു അദ്ദേഹത്തിന് ജീവിതപങ്കാളിക്കരികില്‍ ചെലവഴിക്കേണ്ടിയിരുന്ന ആ സമയം. 2019ല്‍ പാര്‍വതി വിടപറഞ്ഞു.

കളിക്കളത്തില്‍ പന്ത് എവിടേക്ക് പോകുമെന്ന് മുന്‍കൂട്ടി വായിച്ചെടുത്തിരുന്ന സ്റ്റോപ്പര്‍ ബാക്ക്, ജീവിതത്തില്‍ കണ്ടുമുട്ടിയ മനുഷ്യരുടെയും അനുഭവങ്ങളുടെയും ചരിത്രം അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്തി. യങ് ചാലഞ്ചേഴ്‌സിന്റെ പ്രതിരോധനിരയില്‍നിന്ന് ലോകകപ്പുകളുടെ പ്രസ് ഗാലറിയിലേക്ക് നീണ്ട ആ യാത്രയില്‍ ഫുട്‌ബോള്‍ ഒരിക്കലും അദ്ദേഹത്തെ വിട്ടുപോയില്ല.

ഇന്ത്യയുടെ ജേഴ്‌സിയില്‍ ലോകകപ്പ് കളിക്കാന്‍ ഒരു തലമുറയ്ക്ക് കഴിഞ്ഞില്ലെങ്കിലും, കോഴിക്കോട്ടെ ഒരു മലയാളി എട്ട് ലോകകപ്പുകളുടെ ചരിത്രത്തിന് സാക്ഷിയായി. പന്തുരുണ്ട മൈതാനങ്ങള്‍ക്കും പിറന്നുവീണ വാര്‍ത്തകള്‍ക്കും ഇടയില്‍, ഫുട്‌ബോളിന്റെ മണമുള്ള ആ ചന്ദനപ്പേനയുടെ ഓര്‍മ ബാക്കിയാക്കി ഭാസി മലാപ്പറമ്പ് വിടവാങ്ങി.

Content Highlight: M.M. Jaffer Khan Writing About Bhasi Malaparamba