2017 ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് അനശ്വര രാജൻ. പിന്നീട് 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട അനശ്വര നിലവിൽ മലയാളത്തിലെ മുൻ നിര നായിക നടിമാരിൽ ഒരാളാണ്. ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം നേരിലൂടെ അഭിനേത്രി എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച അനശ്വര ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമാണ്.

ഇപ്പോൾ സിനിമയിൽ സജീവമായ താരം 2025ൽ പുറത്തിറങ്ങിയ ചാമ്പ്യൻ എന്ന സിനിമയിലൂടെയാണ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഇതല്ലു അർജുന,വിത്ത് ലവ്, 7/G റെയിൻ ബോ കോളനി 2, അന്ത രാമുലൊരു ചൂസ്‌കുണ്ടാരു തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തെലുങ്കിൽ മെഗാസ്റ്റാർ ചിരഞ്ജീവിയോടപ്പമുള്ള ‘കാക്ക’ ചിത്രവും താരത്തിന്റെതായി റിലീസിന് തയ്യാറെടുക്കുകയാണ്.

അനശ്വര രാജൻ. Photo. Screen Grab/ Youtube

ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള ‘നേര്’ സിനിമയും തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രമായ ‘കാക്ക’യും തന്റെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട സിനിമകളാണെന്ന് പറയുകയാണ് നടി അനശ്വര രാജൻ. രണ്ട് ചിത്രങ്ങളും തനിക്ക് ഓരോ തരത്തിൽ പ്രത്യേകതയുള്ളതാണെന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമകളായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അനശ്വര ഗേൾ ഫോർമുലക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘വ്യക്തിപരമായി ഈ രണ്ട് സിനിമകളും എനിക്ക് ഒരുപോലെ പ്രധാനപ്പെട്ടതാണ്. ‘നേര്’ ആയാലും ‘കാക്ക’ ആയാലും എനിക്ക് ഒരുപാട് സന്തോഷം നൽകുന്ന സിനിമകളാണ്. കാക്ക ചിത്രം മികച്ചതായിരിക്കുമെന്നും എല്ലാവർക്കും ഇഷ്ടപ്പെടുമെന്നും എനിക്ക് ഉറപ്പുണ്ട്. ‘കാക്ക’യിലെ കഥാപാത്രം എനിക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു,’ അനശ്വര പറഞ്ഞു.

‘നേര്’ തന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയ സിനിമയാണെന്നും ആ ചിത്രത്തിലൂടെ ലഭിച്ച അവസരത്തിന് സംവിധായകൻ ജീത്തു ജോസഫിനോട് എന്നും കടപ്പാടുണ്ടെന്നും താരം പറയുന്നു. അതേസമയം, ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിന് അദ്ദേഹത്തോടും നന്ദിയുണ്ടെന്ന് അനശ്വര വ്യക്തമാക്കി.

‘നേര് എന്റെ ജീവിതം മാറ്റിയ സിനിമയാണ്. ലാൽ സാറിനോട് എനിക്ക് ഒരുപാട് നന്ദിയും കടപ്പാടുമുണ്ട്. ചിരഞ്ജീവി സാറിന്റെ കാര്യത്തിലും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്, ഈ പ്രോജക്ട് എനിക്ക് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന്. അത് അദ്ദേഹം കൂടി കാരണമാണ്,’ അനശ്വര പറഞ്ഞു.

നേര്. Photo. Screen Geab/ Youtube

മോഹൻലാലും ചിരഞ്ജീവിയും പ്രൊഫഷണലിസത്തിന്റെ കാര്യത്തിൽ ഒരുപോലെയാണെന്നും ഇരുവരും അടുത്തിടപഴകാൻ വളരെ ഇഷ്ടം തോന്നുന്ന വ്യക്തികളാണെന്നും അനശ്വര കൂട്ടിച്ചേർത്തു.

‘രണ്ടുപേരും പ്രൊഫഷണലാണ്. അതേസമയം, രണ്ടുപേരും വളരെ സ്നേഹമുള്ളവരാണ്. അവർക്കൊപ്പം സമയം ചെലവഴിക്കാൻ തന്നെ നല്ല രസമാണ്,’ താരം പറഞ്ഞു.

Content Highlight:  Actress Anaswara Rajan expressed her happiness at having had the opportunity to act alongside two legends: Mohanlal and Chiranjeevi