കൊച്ചി: ഇന്ത്യയില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനം ലഭിക്കുന്നത് വരെ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ യില്‍ സി.ജെ.പി അടക്കമുള്ള സംഘടനകള്‍ സംഘടിപ്പിക്കുന്ന ജന്തര്‍ മന്തര്‍ അറ്റ് കൊച്ചി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കീഴില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളെ വിശ്വസിക്കാന്‍ കഴിയില്ലെന്നും, ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ സഹായിക്കുന്നതിനായി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും ദിപ്‌കെ അഭിപ്രായപ്പെട്ടു.

‘ഇന്ത്യയില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് സംവിധാനം ലഭിക്കുന്നത് വരെ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരും. ഗ്യാനേഷ് കുമാറിന്റെ കീഴില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളെ വിശ്വസിക്കാന്‍ കഴിയില്ലെന്നതാണ് ഇതിന് കാരണം. ഒരു പാര്‍ട്ടിയെ സഹായിക്കാന്‍ വേണ്ടി മാത്രം തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കുന്നു ഇതിന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്,’ അദ്ദേഹം പറഞ്ഞു.

കേരളത്തിലാണ് സി.ജെ.പിയില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ ഏറ്റവും കൂടുതലുള്ളതെന്നും ദീപ്‌കെ പറഞ്ഞു. വലിയൊരു വിഭാഗം യുവാക്കള്‍ കൊച്ചിയിലെ പ്രതിഷേധത്തില്‍ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ യുവജനത ഇന്ന് വലിയ തോതില്‍ മുന്നോട്ട് വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ ഡാറ്റാബേസ് പ്രകാരം, സി.ജെ.പിയില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്,’ അദ്ദേഹം പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആര്‍ റദ്ദാക്കലും അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സി.ജെ.പി അടക്കമുള്ള സംഘടനകളുടെ പ്രതിഷേധം കൊച്ചിയില്‍ സംഘടിപ്പിച്ചത്. അഭിജിത് ദീപ്‌കെക്ക് പുറമെ നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജ് തുടങ്ങിയവരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ദല്‍ഹിയിലെ പ്രതിഷേധത്തിനിടെ പോലീസ് കസ്റ്റഡിയിലായ ശേഷം അഭിജീത്ത് ദിപ്കെ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്.

സി.ജെ.പി ദേശീയ സെക്രട്ടറി ആഫ്രീന്‍ നവാസും മീഡിയ ഹെഡ് വിജയ് മല്ലംഗിയും അവതാരകയും ആക്ടിവിസ്റ്റുമായ രഞ്ജിനി ഹരിദാസും അടക്കമുള്ളവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.  എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാംഗ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് ഷാജു, എസ്.എഫ്.ഐ നേതാവും ഗവേഷകയുമായ ശില്‍പ സുരേന്ദ്രന്‍, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിന്‍ ജെയ്സണ്‍, ഐസ നേതാവ് ഡാനിഷ് അലി തുടങ്ങിയ വിദ്യാര്‍ത്ഥി നേതാക്കളും ‘ജന്തര്‍ മന്തര്‍ അറ്റ് കൊച്ചി’ യില്‍ പങ്കെടുക്കുന്നു.

Content Highlight: Abhijeet Dipke about Gyanesh- Meeting Media at Kochi Airport