തമിഴ് സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് അനിഷ്മ അനില്‍കുമാര്‍. ഐ.ആം കാതലന്‍ എന്ന മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച അനിഷ്മ ബേസില്‍ ജോസഫ് നായകനായ മരണമാസിലും മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ചിരുന്നു. എന്നാല്‍ 2025ല്‍ പുറത്തിറങ്ങിയ സുരേഷ് രാജ്കുമാരി സംവിധാനം ചെയ്ത സിറൈ എന്ന സിനിമയിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ കലയരസി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ തമിഴില്‍ സജീവമായ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു കെന്‍ കരുണാസ് സംവിധാനം ചെയ്ത യൂത്തും രാജ കറുപ്പസ്വാമി സംവിധാനം ചെയ്ത മൊതരാത്രിയും.

മലയാളി പ്രേക്ഷകര്‍ക്കിടയിലടക്കം വലിയ രീതിയില്‍ ചര്‍ച്ചയായ ചിത്രമായിരുന്നു മൊത രാത്രി. അനിഷ്മ അനില്‍കുമാറും റിഷികാന്തും പ്രധാനവേഷത്തിലെക്കിയ ചിത്രം വലിയ താരനിരയോ ബജറ്റോ ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഹിറ്റായത്. തിരുനെല്‍വേലിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കല്യാണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ദിവസത്തെ സംഭവങ്ങളുമാണ് മൊത രാത്രിയുടെ കഥ.

അനിഷ്മ അനില്‍ കുമാര്‍. Photo: X.com

നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച രാജ കറുപ്പസ്വാമി ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു.. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായ നിതീഷായി വേഷമിട്ടതും രാജയാണ്. ഒ.ടി.ടി റിലീസിന് ശേഷം മലയാളികള്‍ക്കിടയിലും ചിത്രം ചര്‍ച്ചയായിരുന്നു. കോമഡി ഴോണറില്‍ ഒരുക്കിയ ചിത്രത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില അനാചാരങ്ങളെയും പുരുഷാധിപത്യത്തെയും വിമര്‍ശിച്ചിരുന്നു.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിനിമ തന്നെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നതിനെ കുറിച്ച് അനിഷ്മ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘എനിക്ക് തോന്നുന്നത് ഒരു വിധത്തില്‍ സിനിമ എന്റെ ചിന്തകളെ ഷേപ്പ് ചെയ്തിട്ടുണ്ട് എന്നാണ്. ഞാനറിയാതെ തന്നെ ഒരുപാട് ചിത്രങ്ങളും കഥാപാത്രങ്ങളും എന്റെ ചിന്തയെ ഷേപ്പ് ചെയ്തിട്ടുണ്ട്. ടീനേജ് സമയത്ത് നമ്മള്‍ തെറ്റാണെന്നറിഞ്ഞിട്ടും ചെയ്ത കാര്യങ്ങളുണ്ടല്ലോ അത് നമ്മള്‍ തിരുത്തണം എന്ന ചിന്ത എനിക്ക് നല്‍കിയത് സംവിധായകരും സിനിമയുമാണ്. ഇത്തരത്തില്‍ ഇരൈവി എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചിത്രമാണ്.

‘തപ്പട്’ ഈ കൂട്ടത്തിലെ മറ്റൊരു ചിത്രമാണ്. ഭാര്യ തെറ്റ് ചെയ്താല്‍ ഭര്‍ത്താവ് കരണത്തടിക്കുകയും പിന്നീട് ഭാര്യ നന്നാവുന്നതുമായ ഒരുപാട് ചിത്രങ്ങള്‍ മലയാളത്തിലും തമിഴിലുമുണ്ട്. ഇതുപോലെ എന്റെ ഫ്രണ്ടസിന്റെ ഇടയിലും എനിക്ക് ഒരുപാട് പേരെ അറിയാം. ലെഗ്ഗിന്‍സ് ഇട്ടതിന് അടിച്ച ബോയ്ഫ്രണ്ട്‌സുള്ള സുഹൃത്തുക്കള്‍ എനിക്കുണ്ട്. ഇത് നടക്കുന്ന സമയത്ത് എനിക്കൊരു പതിനെട്ട് വയസായിരുന്നു, ഇതെല്ലാം നോര്‍മലാണെന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്. അത് തെറ്റാണെന്ന് എനിക്കാരും അന്ന് പറഞ്ഞ് തന്നില്ല.

അനിഷ്മ അനില്‍ കുമാര്‍. Photo: X.com

സിനിമ കണ്ടതിന് ശേഷമാണ് ഭര്‍ത്താവായാലും ശരി, ആരായാലും ശരി അങ്ങനെ ചെയ്യാന്‍ പാടില്ല എന്ന ചിന്ത എനിക്ക് ആദ്യമായി വരുന്നത്. എന്റെ ഭര്‍ത്താന് എന്നെ അടിച്ചിട്ട് എനിക്ക് ഡിവോഴ്‌സ് വേണമെന്ന് വീട്ടില്‍ വന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്ത് പറയും എന്ന് അച്ഛനോട് അതിന് ശേഷം ഞാന്‍ പോയി ചോദിച്ചു. അത് കേട്ടപ്പോള്‍ അച്ഛന്‍ സൈലന്റായിരുന്നു. അങ്ങനെ നീ വന്നോ, പക്ഷേ തിരിച്ച് അങ്ങോട്ട് തന്നെ പോകണമെന്ന രീതിയിലായിരുന്നു അച്ഛന്റെ മറുപടി,’ അനിഷ്മ പറഞ്ഞു.

Content Highlight: Anishma Anilkumar talks about how cinema shaped her thoughts