തിരുവനന്തപുരം: വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങള്‍ക്ക് വ്യക്തത നല്കുന്നതിനു പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി വി.ഡി. സതീശന് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വൈദ്യുതി പ്രതിസന്ധിയല്ല, ജി.എന്‍.എ.യെ വഴിവിട്ട് പരിഗണിക്കലാണ് അടിയന്തര സാഹചര്യമെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മുന്നില്‍ വന്ന ഫയലിന്റെ അടിസ്ഥാനത്തിലാണ് താന്‍ അന്തിമ തീരുമാനമെടുത്തതെന്ന് അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍, കെ.എസ്.ഇ.ബി. സാങ്കേതികവും സാമ്പത്തികവുമായ പരിശോധന നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ച ഹിമാചല്‍ വൈദ്യുതി വാങ്ങാനുള്ള പ്രൊപ്പോസല്‍ അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പിണറായി ചോദിച്ചു.
‘വകുപ്പ് മന്ത്രി ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്കു ശേഷം ഹിമാചല്‍ വൈദ്യുതി വാങ്ങാമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിരുന്നത് എന്നതില്‍ തര്‍ക്കം ഇല്ലല്ലോ. എന്നിട്ടും ജി.എന്‍.എ.യുടെ ദുരൂഹ ഓഫര്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത് ഏത് നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ്?
ജി.എന്‍.എ. ഓഫര്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കെ.എസ്.ഇ.ബി സര്‍ക്കാരിനെ അറിയിച്ചിരുന്നോ? ചീഫ് എന്‍ജിനീയറുടെ വിശദമായ പരിശോധനാ റിപ്പോര്‍ട്ട് ഉണ്ടായിരുന്നോ? ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് ഉത്തരമില്ല. ഡ്യൂ പ്രോസസിന് പകരം മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനമാണ് ഉണ്ടായതെന്ന് വ്യക്തമാണ്. കെ.എസ്.ഇ.ബി.ക്കും ഉപഭോക്താക്കള്‍ക്കും സാമ്പത്തിക ബാധ്യത വരുത്തുന്ന ഈ ഇടപാട്, വകുപ്പ് മന്ത്രിയുടെ അഭിപ്രായം പോലും മറികടന്ന് ആര്‍ക്കുവേണ്ടി ഇത് ചെയ്തു?
കെ.എസ്.ഇ.ബി. എം.ഡി. ആയിരുന്ന ശ്രീ രാജമാണിക്യം ഐ.എ.എസ്. എഴുതിയ കുറിപ്പിലെ ഏതാനും വരികള്‍ അടര്‍ത്തിയെടുത്ത് കാണിച്ചതുകൊണ്ട് ബോര്‍ഡ് ഉയര്‍ത്തിയ എതിര്‍പ്പ് ഇല്ലാതാകുമോ? മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കില്‍ ബന്ധപ്പെട്ട ഫയലും സര്‍ക്കാരിന് ലഭിച്ച കത്തും പൂര്‍ണമായി പുറത്തുവിടാത്തത് എന്തുകൊണ്ടാണ്? രേഖകള്‍ പുറത്തുവിടാന്‍ എന്താണ് തടസ്സം?’ എന്നും പിണറായി ചോദിച്ചു.
2026 നവംബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം. കമ്മീഷന്റെ നിഗമനങ്ങള്‍ തെറ്റാണെങ്കില്‍ സര്‍ക്കാര്‍ എന്ത് നിയമനടപടിയാണ് സ്വീകരിച്ചതെന്നും പിണറായി ചോദിച്ചു. കെ.എസ്.ഇ.ബി.യുടെയും റെഗുലേറ്ററി കമ്മീഷന്റെയും വകുപ്പ് മന്ത്രിയുടെയും അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി നേരിട്ട് ജി.എന്‍.എ.യുമായി കരാര്‍ ഉറപ്പിക്കാന്‍ തീരുമാനിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
‘ജി.എന്‍.എ. കൂടുതല്‍ വൈദ്യുതി നല്‍കുമെന്നും ഹിമാചല്‍ കുറവേ നല്‍കൂ എന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം കെ.എസ്.ഇ.ബിയുടെ സാങ്കേതിക റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമല്ലേ? ജി.എന്‍.എ.യാണ് പീക്ക് സമയത്ത് വൈദ്യുതി നല്‍കുകയെന്നതിന് എന്ത് റിപ്പോര്‍ട്ടാണുള്ളത്? ഹിമാചലില്‍ നിന്നുള്ള ഉത്പാദന പ്രൊഫൈല്‍ സംബന്ധിച്ച രേഖകള്‍ കെ.എസ്.ഇ.ബി.യില്‍ ലഭ്യമായിരിക്കെ, അതിനെ ഖണ്ഡിക്കുന്ന എന്ത് വിവരമാണ് ജി.എന്‍.എ. മുഖ്യമന്ത്രിക്ക് നല്‍കിയത്? അങ്ങനെയെങ്കില്‍ അത് ബോര്‍ഡിന്റെ പരിശോധനയ്ക്ക് നല്‍കാതിരുന്നത് എന്തുകൊണ്ടാണ്?
ജി.എന്‍.എ. വൈദ്യുതി ഉത്പാദകരോ ലൈസന്‍സുള്ള വ്യാപാരിയോ അല്ല; വെറുമൊരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ്. അങ്ങനെയൊരു പ്ലാറ്റ്ഫോമിന് സ്വന്തം നിലയില്‍ വൈദ്യുതി വില്ക്കാന് എന്ത് അധികാരമാണുള്ളത്? ഈ ചോദ്യത്തിന് മറുപടി പറയാതെ കഴിഞ്ഞ സര്‍ക്കാരും അവരില്‍ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന വാദമാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്.
എല്‍.ഡി.എഫ്. ഭരണകാലത്ത് ടെന്‍ഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ ഒരു യൂണിറ്റ് വൈദ്യുതിയെങ്കിലും വാങ്ങാന്‍ കരാറുണ്ടാക്കിയിട്ടുണ്ടെങ്കില് അതിന്റെ രേഖ പുറത്തുവിടണം. കെ.എസ്.ഇ.ബി. ‘സ്വാപ്പ്’ അടിസ്ഥാനത്തില്‍ വൈദ്യുതി കൈമാറ്റം ചെയ്യാന്‍ അവരുടെ പ്ലാറ്റ്ഫോം ഉപയോഗിച്ചതിനെ മറയാക്കി, നിയമപരമായ അധികാരമില്ലാത്ത വൈദ്യുതി വില്പനയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് എന്തിനാണ്?,’ പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.
ഒരു നിയമത്തിലുമില്ലാത്ത ‘നേരിട്ടുള്ള ഓഫര്‍’ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് അധികാരമാണുള്ളത്? ‘അടിയന്തര സാഹചര്യം’ എന്ന വാദത്തിനും അടിസ്ഥാനമില്ല. അത്തരമൊരു സാഹചര്യം റെഗുലേറ്ററി കമ്മീഷന് കണ്ടെത്തിയിട്ടുണ്ടോ? മുഖ്യമന്ത്രിക്ക് മാത്രം ബോധ്യപ്പെട്ട അടിയന്തര സാഹചര്യം ഏതാണ്? ടെന്‍ഡര്‍ പോലുമില്ലാതെ സ്വകാര്യ ഓഫര്‍ നല്കിയ ജി.എന്‍.എ. മാത്രമാണ് വൈദ്യുതി പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിഗമനത്തിലെത്തിയതിനു പിന്നിലെ താല്‍പ്പര്യം എന്താണെന്നും പിണറായി ചോദിച്ചു.
സി.ഇ.ആര്.സി.യും സെബിയും അന്വേഷണം നടത്തുന്ന സംശയാസ്പദ പശ്ചാത്തലമുള്ള ഒരു കമ്പനിയില്‍ നിന്നാണ് വിപണി നിരക്ക് യൂണിറ്റിന് അഞ്ചു രൂപയോളം മാത്രമായിരിക്കെ 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചതെന്നും പിണറായി പറഞ്ഞു. 8.48 രൂപയില്‍ തുടങ്ങിയ ഫയലില്‍ എങ്ങനെയാണ് നിരക്ക് 8.63 രൂപയായത്? മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ 8.90 രൂപയുടെ ഓഫര്‍ എവിടെനിന്ന് വന്നു? നവംബര്‍ മുതല്‍ വൈദ്യുതി നല്കാന് കഴിയുമായിരുന്നെങ്കില്‍ എന്തുകൊണ്ട് ജി.എന്‍.എ. ഓപ്പണ്‍ ടെന്‍ഡറില്‍ പങ്കെടുക്കാതെ പിന്‍വാതിലിലൂടെ കരാര്‍ ഉറപ്പിക്കാന്‍ ശ്രമിച്ചു? അവരുടെ നിരക്കാണ് ഏറ്റവും കുറഞ്ഞതെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്ത് പരിശോധനയാണ് നടത്തിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘ഉദ്യോഗസ്ഥര്‍ കൊണ്ടുവരുന്ന ഫയലില്‍ കണ്ണടച്ച് ഒപ്പിടാനല്ല സര്‍ക്കാര്‍’ എന്നു പറയുന്ന മുഖ്യമന്ത്രി, കെ.എസ്.ഇ.ബി. തള്ളിയ ജി.എന്‍.എ. ഓഫര്‍ കണ്ണടച്ച് സ്വീകരിച്ചത് ഏത് മാനദണ്ഡപ്രകാരമാണ്?
കൃത്രിമമായി വൈദ്യുതി പ്രതിസന്ധിയുടെ ഭീതി സൃഷ്ടിച്ച് പൊതുപണം കൊള്ളയടിക്കാനുള്ളതാണ് ഈ ഇടപാടെന്ന സംശയം ബലപ്പെടുത്തുന്നതാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് സര്‍ക്കാരാണ്. മുഖ്യമന്ത്രി പറയുന്നതാണ് ശരിയെങ്കില്‍, ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും മന്ത്രിസഭാ കുറിപ്പുകളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുവെക്കാന്‍ എന്തിനാണ് മടിക്കുന്നതെന്നും പിണറായി ചോദിച്ചു.
Content Highlight: The Chief Minister is evading the issue by creating ambiguity; it raises the suspicion that the urgent situation is not the power crisis, but rather the consideration of GNA: Pinarayi
