കോളിവുഡ്-മോളിവുഡ് പ്രേക്ഷകര്‍ ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ജിത്തു മാധവന്‍ സംവിധാനം ചെയ്ത സീന്‍. രോമാഞ്ചം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ജിത്തു മാധവന്‍, ആവേശം എന്ന ഫഹദ് ഫാസില്‍ നായകനായ തന്റെ ചിത്രത്തിലൂടെയാണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കേരളത്തിന് പുറത്തും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് ശേഷം ജിത്തു സംവിധാനം ചെയ്യുന്ന ചിത്രം ഏതായിരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാലോകം ഒന്നടങ്കം.

സീന്‍. Photo: X.com
തമിഴിന്റെ നടിപ്പിന്‍ നായകന്‍ സൂര്യയെ നായകനാക്കിയായിരിക്കും ജിത്തുവിന്റെ അടുത്ത ചിത്രം എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ വലിയ ആവേശത്തിലായിരുന്നു തമിഴ്‌നാട്ടിലെയും കേരളത്തിലെയും സിനിമാപ്രേമികള്‍. പ്രതീക്ഷകളെയെല്ലാം സഫലമാക്കുന്നതായിരുന്നു ആദ്യഷോയ്ക്ക് പിന്നാലെ സീനിന് ലഭിച്ച പ്രതികരണങ്ങള്‍. സൂര്യയുടെ കരിയറിലെ തന്നെ മികച്ച പടങ്ങിലൊന്ന് എന്ന് നിസംശയം ആരാധകര്‍ ചിത്രത്തെ വിലയിരുത്തുകയാണിപ്പോള്‍. സൂര്യയ്ക്ക് പുറമെ നസ് ലെന്‍, നസ്രിയ നസീം, ലാല്‍ തുടങ്ങിയ അഭിനേതാക്കളും മറ്റുള്ളവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കിയപ്പോള്‍ ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലര്‍ കോമഡി എന്റര്‍ടെയിനറായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്.
നോര്‍ത്ത് ഇന്ത്യയില്‍ ചിത്രത്തിന് ക്ലാഷായി നിതിഷ് തിവാരി സംവിധാനം ചെയ്ത രാമായണ എത്തിയെങ്കിലും സൗത്തില്‍ സീന്‍ മികച്ച പ്രകടനമായിരുന്നു ആദ്യദിനം കാഴ്ചവെച്ചത്. കേരള ബോക്സ് ഓഫീസില്‍ രാമായണയ്ക്ക് ഒരു സാധ്യതയും നല്‍കാത്ത വിധത്തില്‍ ചിത്രം ആധിപത്യം പുലര്‍ത്തുകയായിരുന്നു. ഇതോടെ ആദ്യദിനത്തില്‍ ആറ് കോടിയ്ക്ക് മുകളിലാണ് ചിത്രം കളക്ഷനായി നേടിയത്. ഇപ്പോഴിതാ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സീന്‍. Photo: X.com
ലോക്കല്‍ ബോക്‌സ് ഓഫീസായ കോളിവുഡില്‍ നിന്നുമാണ് സീനിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത്. 24.30 കോടിയാണ് ചിത്രം തമിഴ്‌നാട്ടില്‍ നിന്നും നേടിയിരിക്കുന്നത്. രണ്ടാമത് ചിത്രത്തിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത് കേരള ബോക്സ് ഓഫീസില്‍ നിന്നുമാണ്. പത്ത് കോടിയോളമാണ് സീന്‍ കേരളത്തില്‍ നിന്നും നേടിയിരിക്കുന്നത്. തെലങ്കാനയില്‍ നിന്നും ചിത്രം 4.78 കോടി നേടിയപ്പോള്‍ ആന്ധ്രപ്രദേശില്‍ നിന്നും 3.90 കോടിയും സീന്‍ നേടിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നും നാലര കോടി ചിത്രം നേടിയപ്പോള്‍ അമ്പത് കോടിയ്ക്കടുത്താണ് ഇന്ത്യയില്‍ നിന്നും മാത്രമായി സീന്‍ സ്വന്തമാക്കിയിരിക്കുന്നത്. വിദേശത്ത് നിന്നുമുള്ള കളക്ഷനടക്കം ആഗോളതലത്തില്‍ 81 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
Content Highlight: World Wide Box Office collection of Scene Movie starring Scene
