13 വര്‍ഷത്തെ കളിയാക്കലുകള്‍ക്കും പരിഹാസങ്ങള്‍ക്കുമൊടുവില്‍ ഈ വര്‍ഷം രാജകീയമായി തന്റെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സൂര്യ. കറുപ്പ്, വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നീ സിനിമകളുടെ വിജയത്തിന് ശേഷം പുതിയ ചിത്രമായ സീനും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. 15 വര്‍ഷത്തിന് ശേഷം ദീപാവലി റിലീസുമായി എത്തിയ സൂര്യക്ക് തന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ല.
സമീപകാലത്തെ ഏറ്റവും മികച്ച കൊമേഷ്‌സ്യല്‍ എന്റര്‍ടൈനറെന്നാണ് സീനിനെ പലരും വിശേഷിപ്പിക്കുന്നത്. ഹാട്രിക് ബ്ലോക്ക്ബസ്റ്ററിനപ്പുറം തമിഴില്‍ മറ്റൊരു താരത്തിനും സ്വന്തമാക്കാനാകാത്ത നേട്ടത്തിലേക്ക് സൂര്യ കാലെടുത്തുവെക്കാനുള്ള സാധ്യതകളേറെയാണ്. ആദ്യദിനം 41 കോടിയുമായി ബോക്‌സ് ഓഫീസില്‍ മികച്ച ഓപ്പണിങ് നേടാന്‍ സീനിന് സാധിച്ചു.

എന്നാല്‍ ആദ്യദിനത്തെക്കാള്‍ കൂടുതല്‍ കളക്ഷനാണ് ചിത്രത്തിന് രണ്ടാം ദിനം ലഭിച്ചിരിക്കുന്നത്. രണ്ടാം ദിവസത്തെ ഫൈനല്‍ ട്രാക്കിങ് അനുസരിച്ച് 45 കോടിക്കടുത്ത് സീന്‍ സ്വന്തമാക്കിക്കഴിഞ്ഞു. രണ്ട് ദിവസം കൊണ്ട് 85 കോടിയോളം നേടിയ സീന്‍ ഞായറാഴ്ച ഉച്ചയോടെ തന്നെ 100 കോടി എന്ന നേട്ടം സ്വന്തമാക്കുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.
തമിഴ് സിനിമയുടെ ഇത്രയും കാലത്തെ ചരിത്രത്തില്‍ മറ്റാര്‍ക്കും നേടാനാകാത്ത ഒരു വമ്പന്‍ നേട്ടവും സൂര്യ ഇതോടെ സ്വന്തം പേരില്‍ എഴുതി ചേര്‍ക്കും. ഹാട്രിക് 100 കോടി നേടിയ താരങ്ങള്‍ വേറെയുണ്ടെങ്കിലും ഒരു വര്‍ഷത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരവും തമിഴില്‍ ഇല്ല. രജിനി, വിജയ്, പ്രദീപ് രംഗനാഥന്‍ എന്നിവര്‍ക്ക് ഒരു വര്‍ഷത്തില്‍ രണ്ട് 100 കോടി ചിത്രങ്ങള്‍ മാത്രമേയുള്ളൂ.

കറുപ്പ് പോലെ ഒരു റീജിയണല്‍ ഭക്തി സിനിമ വെച്ച് 300 കോടി നേടുകയും, വിശ്വനാഥ് ആന്‍ഡ് സണ്‍സ് പോലെ ഒരു ചിത്രം മിക്‌സഡ് റിവ്യൂ വെച്ച് 220 കോടി നേടുകയും ചെയ്ത സൂര്യ സീനിലൂടെ തന്റെ പീക്ക് ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തമിഴില്‍ ഒപ്പം ക്ലാഷിനെത്തിയ മൂക്കുത്തി അമ്മന്‍ പ്രതീക്ഷിച്ച റിപ്പോര്‍ട്ട് നേടാതെ വന്നതോടെ സീനിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.
വിതരണക്കാരുടെ കടുംപിടുത്തം കാരണം മൂക്കുത്തി അമ്മനാണ് പ്രധാന സ്‌ക്രീനുകള്‍. എന്നാല്‍ വീക്കെന്‍ഡിന് ശേഷം സ്‌ക്രീനുകളുടെ എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടല്‍. കേരള, ആന്ധ്ര/ തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ രാമായണയുടെ കുതിപ്പിനിടയിലും സീനിന് മികച്ച ഹോള്‍ഡാണുള്ളത്. ഫൈനല്‍ കളക്ഷനില്‍ 300 കോടിയെങ്കിലും ചിത്രം നേടുമെന്നാണ് കണക്കുകൂട്ടല്‍.
Content Highlight: Second day collection of Scene movie bigger than first day
