വാഷിങ്ടണ്‍: ഇറാനെതിരായ യു.എസ് യുദ്ധത്തെ വിമര്‍ശിക്കുന്നവര്‍ ആത്മീയ അന്ധകാരത്തിലാണെന്ന് ഇസ്രഈലിലെ യു.എസ് അംബാസഡര്‍ മൈക്ക് ബക്കബി. ഇറാന്‍ യുദ്ധത്തിനെതിരെ സംസാരിക്കുന്നവരെ സാത്താന്‍ അന്ധരാക്കിയിരിന്നുവെന്നും ഹക്കബി പറഞ്ഞു.

ദി ആങ്കര്‍ പോഡ്കാസ്റ്റില്‍ ഇസ്രഈലി കമന്റേറ്റര്‍ അമീര്‍ സര്‍ഫാത്തിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇറാനെതിരെയുള്ള യു.എസ് സൈനിക നടപടികളെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിക്കുന്നതിനെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു ഹക്കബിയുടെ പ്രതികരണം.

‘ഇതൊരു ആത്മീയ പ്രശ്‌നമാണ്. ഒരു നയതന്ത്ര പ്രതിനിധി ഇത്തരമൊരു ഭാഷയില്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് അല്‍പം വിചിത്രമായി തോന്നാം. എങ്കിലും ഇതിനെ ഞാന്‍ കാണുന്നത് ഒരു ആത്മീയ അന്ധതയായാണ്. കാരണം, സാത്താന്‍ ഇവരുടെ ചിന്തകളെ അന്ധമാക്കുകയും അവരുടെ ബുദ്ധിയെ കീഴടക്കുകയും ചെയ്തിരിക്കുകയാണ്. കേവലമായ ഭൗമരാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കപ്പുറം വളരെ ആഴത്തിലുള്ള എന്തോ ഒന്ന് ഇതിന് പിന്നിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ഹക്കബി പറഞ്ഞു.

അമേരിക്കയിലെ ബാപ്റ്റിസ്റ്റ് സഭയിലെ മുന്‍ പാസ്റ്റര്‍ കൂടിയായ മൈക്ക് ഹക്കബി മുമ്പും കടുത്ത ഇസ്രഈല്‍ അനുകൂല നിലപാടുകളിലൂടെ ശ്രദ്ധേയനാണ്. ഇസ്രഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെ വെറുമൊരു രാഷ്ട്രീയ പോരാട്ടമായി കാണാനാകില്ലെന്നും, ഇത് ‘വെളിച്ചത്തിന്റെ ശക്തികളും ഇരുട്ടിന്റെ ശക്തികളും തമ്മിലുള്ള ആത്മീയ യുദ്ധമാണ്’ എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

അന്താരാഷ്ട്ര തലത്തിലുള്ള തന്ത്രപ്രധാനമായ ഒരു യുദ്ധ സാഹചര്യത്തെ തീവ്ര മതപരമായ പദാവലികള്‍ ഉപയോഗിച്ച് വിശേഷിപ്പിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിവിധ വിദേശകാര്യ വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും ഹക്കബിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഒരു നയതന്ത്ര പ്രതിനിധിക്ക് യോജിച്ച രീതിയിലല്ല അദ്ദേഹം സംസാരിക്കുന്നതെന്നും, യുദ്ധത്തെ എതിര്‍ക്കുന്ന സമാധാനവാദികളെ സാത്താന്റെ അനുയായികളായി ചിത്രീകരിക്കുന്നത് കടുത്ത അപരാധമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഹക്കബിയെ അംബാസഡര്‍ പദവിയില്‍ നിന്ന് നീക്കണമെന്ന ആവശ്യവും ചില യാഥാസ്ഥിതിക രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് പോലും ഉയരുന്നുണ്ട്.

 

Content Highlight: Those who oppose a war against Iran are in spiritual darkness; Satan has taken hold of them: U.S. representative in Israel