കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് ജിത്തു മാധവന്. രോമാഞ്ചം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ജിത്തു 2024ല്‍ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിലൂടെയാണ് തന്റെ ക്ലാസ് തെളിയിക്കുന്നത്. കേരളത്തിന് പുറത്തും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് ആരാധകരേറെയാണ്.

ജിത്തു മാധവന്. Photo: X.com
ജിത്തു മാധവന് തിരക്കഥയെഴുതി ചിദംബരം സംവിധാനം ചെയ്ത ബാലന് ദി ബോയിയും നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ സൂര്യയെ നായകനാക്കി ജിത്തു സംവിധാനം ചെയ്ത സീന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. നസ് ലെന്, നസ്രിയ നസീം തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തമിഴ്നാട്ടില്‍ നിന്നടക്കം ലഭിക്കുന്നത്.
ഇതോടെ സൗത്ത് ഇന്ത്യയിലെ നൂറ് ശതമാനം ഹിറ്റ് സ്റ്റാറ്റസുള്ള സംവിധായകനായി മാറിയിരിക്കുകയാണ് ജിത്തു. ഇപ്പോഴിതാ സംവിധായകന്റെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കിയായിരിക്കും ജിത്തു തന്റെ അടുത്ത ചിത്രം ചെയ്യുക എന്ന റിപ്പോര്‍ട്ടുകളാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത്. ചിത്രത്തില്‍ മമിത ബൈജുവും നായികയായെത്തും എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് സിനിമാലോകം.

ദുല്‍ഖര്‍. Photo: X.com
ഇതോടെ അഭ്യൂഹങ്ങള്‍ യാഥാര്ത്ഥ്യമാകണേ എന്ന പ്രാര്‍ത്ഥനയിലാണ് ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍. 2023 ല്‍ കിങ് ഓഫ് കൊത്തയ്ക്കേറ്റ പരാജയത്തിന് ശേഷം ദുല്‍ഖര്‍ നായകനായെത്തിയ മലയാള ചിത്രമായ ഐ ആം ഗെയ്മിനും പരാജയമായിരുന്നു ഫലം. ഇതോടെ മലയാളത്തിലേക്ക് മറ്റൊരു വിജയചിത്രവുമായി എത്തി സ്ഥാനമുറപ്പിക്കേണ്ടത് ദുല്‍ഖര്‍ സല്‍മാന്റെ ആവശ്യമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വിജയക്കുതിപ്പ് തുടരുന്ന ജിത്തു മാധവനും ഒപ്പം തിളങ്ങി നില്ക്കുന്ന മമിതയും എത്തിയാല്‍ മറ്റൊരു കിടിലന്‍ ചിത്രം കാണാമെന്നുള്ള പ്രതീക്ഷയും സിനിമാ പ്രേമികള്‍ക്കുണ്ട്.
Content Highlight: Reports of Dulquer Salmaan and Jithu Madhavan movie starring Mamitha
