വാഷിങ്ടണ്‍: ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന ആരോപണം നേരിടുന്ന യുവതിയുമായി അടുത്ത ബന്ധമുണ്ടെന്ന് സമ്മതിച്ചതിന് പിന്നാലെ എന്‍വിഡിയ സി.ഇ.ഒ ജെന്‍സണ്‍ ഹുവാങ്ങിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ദേശീയ സുരക്ഷയോ എന്‍വിഡിയയുടെ രഹസ്യവിവരങ്ങളോ ചോര്‍ന്നതായി വിശ്വസിക്കാന്‍ നിലവില്‍ കാരണമില്ലെങ്കിലും ലഭ്യമായ എല്ലാ വിവരങ്ങളും അന്വേഷണവിധേയമാക്കുമെന്ന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി.

അമേരിക്കയും ചൈനയും എ.ഐ ഉള്‍പ്പെടെയുള്ള നിര്‍ണായക സാങ്കേതിക മേഖലകളില്‍ ആധിപത്യം നേടാനുള്ള മത്സരത്തിലാണ്. ഈ സാഹചര്യത്തില്‍ ചാരപ്രവൃത്തി ആരോപണം വളരെ പ്രാധാന്യമുള്ളതാണ്. എ.ഐ മേഖലയിലെ കുതിച്ചുചാട്ടത്തോടെ എന്‍വിഡിയയുടെ ചിപ്പുകള്‍ക്കും പ്രോഗ്രാമിങ് സംവിധാനങ്ങള്‍ക്കുമുള്ള ആവശ്യം കുത്തനെ വര്‍ധിച്ചിരുന്നു. കമ്പനിയുടെ മൂല്യം ട്രില്യണ്‍ കണക്കിന് ഡോളറിലെത്തിയിരുന്നു.

പുറത്തുനിന്നുള്ള നിയമോപദേശകരുടെ സഹായത്തോടെ സ്വതന്ത്ര ഡയറക്ടര്‍മാരുടെ സമിതിയാകും അന്വേഷണം നടത്തുകയെന്ന് കമ്പനി ഞായറാഴ്ച അറിയിച്ചു. ഹുവാങിലും അദ്ദേഹത്തിന്റെ നേതൃത്വസംഘത്തിലും ബോര്‍ഡിന് വിശ്വാസമുണ്ടെന്നും അന്വേഷണകാലയളവിലും അദ്ദേഹം സി.ഇ.ഒ സ്ഥാനത്ത് തുടരുമെന്നും കമ്പനി അറിയിച്ചു.

ചൈനീസ് ചാരവൃത്തിയുടെ ലക്ഷ്യമായി ജെന്‍സണ്‍ ഹുവാങ് മാറിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ മാസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ആലീസ് ഹുവാങ് അഥവാ ഹുവാങ് ലെ എന്ന ചൈനീസ് യുവതി എന്‍വിഡിയയുടെ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി ജെന്‍സണ്‍ ഹുവാങ്ങുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട് ആരോപിക്കുന്നു.

യുവതിയുടെ തൊഴിലുടമയായ മെഗാസ്പീഡ് എന്‍വിഡിയോയുടെ ഏറ്റവും വലിയ ഉപയോക്താക്കളിലൊരാളായിരുന്നുവെന്നും ഏകദേശം 4.8 ബില്യണ്‍ ഡോളറിന്റെ ഉപകരണങ്ങള്‍ കമ്പനിയില്‍ നിന്ന് വാങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം സംഭവത്തില്‍ ചാരവൃത്തി ആരോപണങ്ങല്‍ ചൈനീസ് എംബസി നിഷേധിച്ചിട്ടുണ്ട്. ചൈനയ്ക്ക് സാങ്കേതികവിദ്യയിലും സൈനിക മേഖലയിലും മുന്‍തൂക്കം ലഭിക്കുമെന്ന ആശങ്കയില്‍ നൂതന ചിപ്പുകളുടെ കയറ്റുമതിക്ക് അമേരിക്ക വര്‍ഷങ്ങളായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്.

റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇരുകക്ഷികളില്‍ നിന്നും വിമര്‍ശനമുയരാന്‍ ഇടയാക്കി. നൂതന എ.ഐ ചിപ്പുകള്‍ ചൈനയിലെത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നയിച്ചുവരികയാണെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ ഏലിസബത്ത് വാറന്‍ പറഞ്ഞിരുന്നു.

2025ല്‍ വീണ്ടും അധികാരത്തിലെത്തിയതിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഹുവാങിന് അടുത്ത ബന്ധമാണുള്ളത്. 2025 ഓഗസ്റ്റില്‍ ചൈനയിലേക്കുള്ള എന്‍വിഡിയയുടെ ചില ചിപ്പ് വില്‍പ്പനകളില്‍നിന്ന് 15 ശതമാനം വിഹിതം അമേരിക്കന്‍ സര്‍ക്കാരിന് ലഭിക്കുന്ന സംവിധാനം ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

Content Highlight: Nvidia Launches Probe Into CEO Jensen Huang’s Affair With Suspected Chinese Spy.