വാഷിംഗ്ടണ്‍: യു.എസിലെ സിയാറ്റിലില്‍ ദീപാവലി ആഘോഷങ്ങങ്ങള്ക്കിടയിലേക്ക് തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ അതിക്രമമിച്ച് കയറി. ‘ഡോട്ട് ഹെഡ്സ്’ ആയവരെ നാട് കടത്തണമെന്ന് പറഞ്ഞുള്ള പ്ലക്കാഡുകളുമേന്തിയാണ് തീവ്ര വലതുപക്ഷ പ്രവര്ത്തകന് ജെയ്ക് ലാങിന്റെ നേതൃത്വത്തിലുള്ള സംഘം ദീപാവലി ആഘോഷങ്ങളിലേക്ക് അതിക്രമിച്ച് കയറിയത്. ഇന്ത്യക്കാര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശമാണ് ഡോട്ട് ഹെഡ്സ് എന്നത്.
സിയാറ്റില്‍ സെന്റര്‍ ആര്‍മറിയില്‍ ശനിയാഴ്ച ഒരു നൃത്ത പരിപാടി നടന്നുകൊണ്ടിരിക്കെ ലാങ്ങും കൂട്ടുപ്രവര്ത്തകനായ തോമസ് അലനും അമേരിക്കന്‍ പതാക വീശി അതിക്രമിച്ച് കയറുകയായിരുന്നു. ‘എല്ലാ ‘ഡോട്ട് ഹെഡ്സു’കളെയും നാടുകടത്തുക’, ‘ക്രിസ്ത്യാനികള്‍ക്ക് പകരം ഹിന്ദുക്കള്‍ വരുന്നത് അവസാനിപ്പിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ഇവര്‍ എത്തിയത്.
‘സിയാറ്റില്‍ സെന്റര്‍ ഫെസ്റ്റലി’ന്റെ ഭാഗമായിരുന്നു ഈ ദീപാവലി ആഘോഷം. ദീപാവലി ആഘോഷങ്ങള്‍ക്കിടയിലേക്ക് ജെയ്ക് ലാങും സംഘവും അതിക്രമിച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഡൊണാള്‍ഡ് ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ അനുഭാവിയാണ് തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ ജെയ്ക് ലാങ്. യു.എസില്‍ മുസ് ലിങ്ങള്‍, ഹിന്ദുക്കള്‍, ജൂതര്‍ എന്നീ മതവിഭാങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണങ്ങളിലും വംശീയ അതിക്രമങ്ങളിലും പങ്കാളശിയാണ് ജെയ്ക് ലാങ്. വെള്ളക്കാര്‍ അല്ലാത്ത വംശീയ വിഭാഗങ്ങള്‍ക്കെതിരെയും ഇയാള്‍ അതിക്രമങ്ങളും വിദ്വേഷ പ്രചാരണങ്ങളും നടത്തിയിട്ടുണ്ട്.
‘വൈറ്റ് റീപ്ലേസ്മെന്റ്’ എന്ന സംഘടനയുമായി ബന്ധമുള്ള വ്യക്തിയാണ് മിസ്റ്റര്‍ ലാങ്. 2021 ജനുവരി ആറിന് യു.എസ്. ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തില്‍ ഇയാളും പങ്കാളിയായിരുന്നു. നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ഇയാള്‍ക്ക് 2025-ല്‍ തന്റെ രണ്ടാം പ്രസിഡന്‍ഷ്യല്‍ ടേം ആരംഭിച്ച ദിവസം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാപ്പ് നല്‍കിയിരുന്നു.
ദീപാവലി ആഘോഷങ്ങള്‍ക്ക് നേര്‍ക്കുണ്ടായ അതിക്രമങ്ങള്‍ ഡയസ്പോറ സംഘടനകളും ഇന്ത്യന്‍ അമേരിക്കന്‍ നിയമ നിര്‍മാതാക്കളും അപലപിച്ചു. ഇന്ത്യയിലെ ഇന്ത്യയിലെ സംഘപരിവാര്‍ അതിക്രമങ്ങള്‍ക്ക് സമാനമാണ് യു.എസിലെ വംശീയവാദികളുടെ അക്രമമെന്ന് ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്’ സഹസ്ഥാപകയായ സുനിത വിശ്വനാഥ് പറഞ്ഞു.
കുടിയേറ്റക്കാരോടുള്ള വിരോധം ഇപ്പോള്‍ ഹിന്ദുക്കള്‍ക്കെതിരായ തീവ്രമായ വിദ്വേഷമായി മാറിയിരിക്കുന്നു. ക്രിസ്ത്യന്‍ തീവ്രവാദികള്‍ സിയാറ്റിലിലെ ദീപാവലി ആഘോഷസ്ഥലത്തേക്ക് ഇരച്ചുകയറുകയും, എല്ലാ ഡോട്ട്ഹെഡ്സുകളെയും നാടുകടത്തുക എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തത് ഇതിന്റെ തെളിവാണെന്ന് സുനിത വിശ്വനാഥ് പറഞ്ഞു.
ഇന്ത്യയില്‍ ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവരെ ഉപദ്രവിക്കുകയും, അക്രമം കാട്ടുമെന്ന് ഭീഷണിപ്പെടുത്തി പള്ളികളിലെ വിശ്വാസികളെക്കൊണ്ട് ‘ജയ് ശ്രീറാം’ എന്ന് വിളിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വ അക്രമികളുടെ പ്രവൃത്തി എത്രത്തോളം ഹൃദയഭേദകമാണോ, അത്രത്തോളം തന്നെ വേദനാജനകമാണ് ഇതെന്നും സുനിത വിശ്വനാഥ് എക്സ് പോസ്റ്റില്‍ കുറിച്ചു.
ഹിന്ദുക്കള്‍ക്കെതിരെ തീവ്രവലതുപക്ഷ ക്രിസ്ത്യാനികള്‍ കാണിക്കുന്ന ഇത്തരം വിദ്വേഷപൂര്‍ണ്ണവും ഭീഷണിപ്പെടുത്തുന്നതുമായ പെരുമാറ്റത്തില്‍ നമുക്ക് അമര്ഷമുണ്ടെങ്കില്, തീവ്രവലതുപക്ഷ ഹിന്ദുക്കളില്‍ നിന്ന് ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന വിദ്വേഷത്തെയും അക്രമത്തെയും കുറിച്ചും നമുക്ക് അതേ അളവില്‍ അമര്‍ഷം തോന്നേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ നീചവും വംശീയവുമായ പ്രവൃത്തിയോട് തനിക്ക് ‘അങ്ങേയറ്റം വെറുപ്പാണ്’ തോന്നുന്നതെന്ന് യു.എസ് കാണ്‍ഗ്രസ് അംഗം പ്രമീള ജയപാല്‍ പറഞ്ഞു. ദീപാവലി ഒരു പ്രധാന ആഘോഷമാണ്, അത് സുരക്ഷിതമായി ആഘോഷിക്കാന്‍ നമ്മുടെ സമൂഹത്തിന് അവകാശമുണ്ട്. ഇത്തരം വിദ്വേഷപരമായ പ്രവൃത്തികള്‍ക്ക് നമ്മുടെ നഗരത്തിലോ ഈ രാജ്യത്തോ ഒരിടവുമില്ലെന്നും വാഷിംഗ്ടണില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായ പ്രമീള ജയപാല്‍ എക്സില്‍ കുറിച്ചു.
ലാങ്ങിന്റെയും അലന്റെയും നടപടികള്‍ ‘തികച്ചും വെറുപ്പുളവാക്കുന്നതാണ്’ എന്ന് വൈറ്റ് ഹൗസ് മുന്‍ ഉപദേഷ്ടാവ് അജയ് ജെയിന് ഭൂട്ടോരിയ പറഞ്ഞു. വംശീയ അധിക്ഷേപങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും ഉപയോഗിച്ച് ഹിന്ദു-അമേരിക്കക്കാരെയും ഇന്ത്യന്‍ കുടിയേറ്റക്കാരെയും ലക്ഷ്യമിടുന്നതിന് ഈ രാജ്യത്ത് സ്ഥാനമില്ല. ഇത്തരം വംശീയതയ്ക്കെതിരെ ഞങ്ങള്‍ നിലകൊള്ളുന്നു. ഓരോ അമേരിക്കക്കാരനും അവരുടെ പൈതൃകം സ്വതന്ത്രമായി ആഘോഷിക്കാനുള്ള അവകാശത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും ഭൂട്ടോരിയ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
ഇത്തരം പ്രവൃത്തികളെ ഞങ്ങള്‍ അപലപിക്കുന്നുവെന്ന് കൊയലിഷന്‍ ഓഫ് ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടന എക്സ് പോസ്റ്റില്‍ പറഞ്ഞു. മറ്റ് ആഘോഷങ്ങളും തടസ്സപ്പെടുത്തുമെന്ന് ഈ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍, ദീപാവലി ആഘോഷിക്കുമ്പോള്‍ സമൂഹാംഗങ്ങള്‍ ജാഗ്രത പാലിക്കണമനെന്ന് നിര്‍ദേശിക്കുന്നതായും സംഘടന വ്യക്തമാക്കി.
Content Highlight: Deport dot heads: Conservatives storm Seattle’s Diwali festivities
