തിരുവനന്തപുരം: സ്വയംഭരണ പദവിയുടെ മറവിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കുകയാണെന്ന് ആരോപിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ എസ്.എഫ്.ഐ രംഗത്ത്.
വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കും വഴിതുറക്കുന്ന വിവാദ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
സ്വയംഭരണ എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതിനും സീറ്റ് വർധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കി 2026 സെപ്റ്റംബർ 11-ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ മാനേജ്മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി സർക്കാർ തലത്തിലുള്ള ഈ പരിശോധനകളെയും നിയന്ത്രണങ്ങളെയും അട്ടിമറിച്ചിരിക്കുകയാണെന്ന് ശിവപ്രസാദ് വിമർശിച്ചു.
നവംബർ ആറിന് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം സ്വയംഭരണ എയ്ഡഡ് കോളേജുകളിലെ അൺഎയ്ഡഡ് വിഭാഗങ്ങളിലും സ്വാശ്രയ ഓട്ടോണമസ് കോളേജുകളിലും പുതിയ കോഴ്സുകളും സീറ്റുകളും അനുവദിക്കുന്നതിന് ഇനി സർക്കാരിന്റെ നിരാക്ഷേപ പത്രം (എൻ.ഒ.സി) ആവശ്യമില്ല. പ്രവേശന നടപടികൾ പൂർത്തിയായ ശേഷം വിവരം സർക്കാരിനെ അറിയിച്ചാൽ മതിയെന്ന ഇളവും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യകതാ പഠനം നടത്താതെയും നിലവിലെ നിയന്ത്രണങ്ങൾ മറികടന്നുമുള്ള ഈ തീരുമാനം മെറിറ്റും സംവരണവും അട്ടിമറിച്ച് സീറ്റുകൾ വിൽക്കാൻ സഹായിക്കുന്നതാണെന്ന് അദ്ദേഹം വിമർശിച്ചു.
മാനേജ്മെന്റ് പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ഇത്തരം വൻ ഇളവുകൾ പ്രഖ്യാപിച്ചത് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും, എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ വ്യാപകമായി അനുവദിക്കില്ലെന്ന സുപ്രീം കോടതിയിലെ ഉറപ്പുകൾ പോലും സർക്കാർ കാറ്റിൽപ്പറത്തിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പഠനാവകാശങ്ങൾ തകർക്കുന്ന ഈ സർക്കുലർ പിൻവലിച്ച് സമഗ്രമായ പരിശോധന നടത്താൻ സർക്കാർ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം വിദ്യാർത്ഥികളെ അണിനിരത്തി അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് എസ്.എഫ്.ഐ നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Content Highlight:Circular paves the way for the commercialization of education and corruption; SFI demands its withdrawal.
