വിഴിഞ്ഞം: സംസ്ഥാന സർക്കാരിന്റെ ‘മിഷൻ സമുദ്ര’ പദ്ധതിയുടെ മറവിൽ തീരദേശത്തെ എണ്ണായിരം ഹെക്ടറോളം വരുന്ന സർക്കാർ–പൊതു ഭൂമി സ്വകാര്യവത്ക്കരിക്കാൻ നീക്കം നടക്കുന്നതായി മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്.
പുതിയ കേരള മാരിടൈം ബോർഡ് നിയമത്തിലൂടെ തീരദേശ ഭൂമി പിടിച്ചെടുത്ത് ലാൻഡ് ബാങ്ക് രൂപീകരിക്കാനാണ് ശ്രമിക്കുന്നതെന്നും, ഇതിനെതിരെ കേരളം ഇന്നുവരെ കാണാത്ത രീതിയിലുള്ള ജനകീയ പ്രതിരോധം ഉയരണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വിഴിഞ്ഞത്ത് സംഘടിപ്പിച്ച ജനകീയ സംവാദത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഈ കാര്യം പങ്കുവെച്ചത്.
പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയിട്ടുള്ള 400 കോടി രൂപ ഒന്നിനും തികയില്ലെന്നും കിഫ്ബി സഹായമില്ലാത്ത സാഹചര്യത്തിലാണ് കടപ്പുറത്തെ ഭൂമിയിൽ കണ്ണ് വെച്ചിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. തുറമുഖങ്ങളുടെ ഏകോപന ചുമതല മാത്രമുണ്ടായിരുന്ന മാരിടൈം ബോർഡിന്, പുതിയ നിയമത്തിലൂടെ തീരദേശത്തെ സർക്കാർ ഭൂമിയും ഏറ്റെടുക്കാവുന്ന ഭൂമികളും ചേർത്ത് ലാൻഡ് ബാങ്ക് രൂപീകരിക്കാൻ അനുമതി നൽകിയിരിക്കുകയാണ് എന്ന് തോമസ് ഐസക് പറഞ്ഞു.
ഈ ഭൂമി നിക്ഷേപകർക്ക് വിൽക്കാനോ ടൂറിസം, പാണ്ടികശാലകൾ, ഫാക്ടറികൾ തുടങ്ങിയവയ്ക്കായി സ്വകാര്യ വ്യക്തികൾക്ക് കൈമാറാനോ ആണ് ആലോചനയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തീരദേശ നിയന്ത്രണ മേഖലയിലെ (CRZ) നിയമത്തിലെ പഴുതുകൾ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഫോർട്ട് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ സി.ആർ.സെഡ് രണ്ടിൽപ്പെടുന്ന 4,000 ഹെക്ടറോളം സർക്കാർ-പൊതു ഭൂമിയാണ് ഇതിനായി പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കർശന നിർമാണ നിയന്ത്രണമുള്ള ഗ്രാമപ്രദേശങ്ങളിലെ സി.ആർ.സെഡ് മൂന്നിൽ തുറമുഖ വികസനത്തിന് ഇളവുകൾ അനുവദിക്കാമെന്ന കേന്ദ്ര നിയമത്തിലെ പഴുതുപയോഗിച്ച് 4,000 ഹെക്ടർ ഭൂമി കൂടി മാരിടൈം ബോർഡിന് കീഴിലാക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ 17 തുറമുഖങ്ങൾ വികസിപ്പിക്കാൻ സർക്കാർ തിടുക്കം കൂട്ടുന്നതിന് പിന്നിലെ യഥാർഥ ലക്ഷ്യം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ഭൂമി ഏറ്റെടുക്കൽ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആവാസവ്യവസ്ഥയെ പാടേ തകർക്കുമെന്ന് തോമസ് ഐസക് മുന്നറിയിപ്പ് നൽകി. തീരത്തെ ഭൂരഹിതരായ തൊഴിലാളികളുടെ കിടപ്പാടം ഇല്ലാതാകുന്നതിനൊപ്പം, നൂറ്റാണ്ടുകളായി വലയുണക്കാനും വള്ളം അടുപ്പിക്കാനും ഉപയോഗിക്കുന്ന പൊതു ഇടങ്ങൾ മതിൽ കെട്ടി അടയ്ക്കപ്പെടും. കടൽത്തീരത്തേക്കുള്ള വഴികൾ കൊട്ടിയടയ്ക്കപ്പെടുന്നതോടെ തൊഴിലാളികൾ ചുറ്റിവളഞ്ഞു സഞ്ചരിക്കേണ്ടി വരികയും ഉപകരണങ്ങളുടെ സുരക്ഷിതത്വം നഷ്ടപ്പെടുകയും ചെയ്യും. കൂടാതെ, തീരശോഷണം കാരണം മണ്ണടിഞ്ഞുണ്ടാകുന്ന പുതിയ തീരഭൂമികൾ പോലും ബോർഡ് സ്വന്തമാക്കാൻ തുനിയുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
ഒരു കാരണവശാലും കടപ്പുറത്തെ പൊതുഭൂമികൾ സ്വകാര്യ മുതലാളിമാർക്ക് വിട്ടുനൽകാൻ അനുവദിക്കരുതെന്നും, ഓരോ പ്രദേശത്തെയും പൊതുഭൂമികളും പുറമ്പോക്കുകളും അളന്നു തിട്ടപ്പെടുത്തി സംരക്ഷിക്കണമെന്നും തോമസ് ഐസക് വ്യക്തമാക്കി. മാരി ടൈം ഭേദഗതി ബില്ലിനെതിരായി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എൽ.ഡി.എഫ്.
Content Highlight: ‘Mission Samudra’ targets coastal land; Thomas Isaac calls for popular resistance against the move to hand it over to private investors.
