മുംബൈ/പൂനെ: വൃന്ദാവന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രശസ്ത ആത്മീയ പ്രഭാഷകനും ഭഗവത് കഥാവാചകനുമായ ഇന്ദ്രദേവ് മഹാരാജിനെതിരെ പീഡന കേസ്. ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തലിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ മീരാ റോഡില്‍ താമസിക്കുന്ന 42 വയസുകാരിയായ പൂനെ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
താന്‍ ദൈവമാണെന്നും പറയുന്നതെല്ലാം അനുസരിക്കണമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു ഇയാളുടെ പീഡനമെന്ന് യുവതി വെളിപ്പെടുത്തി. 2023 ജനുവരിയില്‍ സോഷ്യല്‍ മീഡിയയിലെ ആത്മീയ പ്രഭാഷണങ്ങളിലൂടെയാണ് യുവതി ഇന്ദ്രദേവ് മഹാരാജിനെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് മുംബൈയിലെ സാന്താക്രൂസില്‍ നടന്ന സത്സംഗത്തില്‍ വെച്ച് ഇയാളില്‍ നിന്ന് ദീക്ഷ സ്വീകരിച്ചു. യുവതിയുടെ വ്യക്തിപരമായ കുടുംബ പ്രശ്നങ്ങള്‍ പരിഹരിച്ചു തരാമെന്ന് വാഗ്ദാനം നല്കി ഇയാള്‍ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു.
ചികിത്സയുടെയും നാഡി പരിശോധനയുടെയും വ്യാജേന ഇന്ദ്രദേവ് മഹാരാജ് യുവതിയെ ഉത്തര്‍പ്രദേശിലെ വൃന്ദാവനിലുള്ള തന്റെ രാധാ കിശോരി സേവാധാം ആശ്രമത്തിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് രാത്രി വൈകി സ്വന്തം മുറിയിലേക്ക് വിളിച്ചുവരുത്തുകയും, വാതിലടച്ച് നിര്‍ബന്ധപൂര്‍വ്വം ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പുറത്താരെങ്കിലും ചോദിച്ചാല്‍ മരുന്ന് വാങ്ങാന്‍ പോയതാണെന്ന് പറയാന്‍ ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചു.
ആശ്രമത്തില്‍ നിന്ന് മടങ്ങിയ ശേഷവും ഫോണ്‍ വഴിയും വീഡിയോ കോള്‍ വഴിയും പീഡനം തുടര്‍ന്നു. രാത്രി 10നും 11നും ഇടയിലുള്ള സമയങ്ങളില്‍ വിഡിയോ കോളിലൂടെ വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിക്കുകയും അശ്ലീല പ്രവൃത്തികള്‍ ചെയ്യിപ്പിക്കുകയും അത് റെക്കോര്‍ഡ് ചെയ്തു വെക്കുകയും ചെയ്തു.
ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും പരസ്യമായി നാണംകെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പിന്നീട് പീഡനം തുടര്‍ന്നത്. യുവതിക്കും മകള്‍ക്കുമെതിരെ ഇയാള്‍ മോശം ഭാഷ ഉപയോഗിച്ചതായും പരാതിയിലുണ്ട്.
നീതിക്കായി മാസങ്ങളായി ശ്രമിച്ചിട്ടും മഥുര പൊലീസ് ആദ്യം നടപടിയൊന്നും എടുത്തില്ലെന്ന് യുവതി ആരോപിക്കുന്നു. തുടര്‍ന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് അധ്യക്ഷയുമായ തൃപ്തി ദേശായി വിഷയത്തില്‍ ഇടപെട്ടു.
അവരുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ മീരാ-ഭയാന്ദറിലെ കാശിമീര പൊലീസ് സ്റ്റേഷനില്‍ ഒക്ടോബര്‍ 28-ന് ഇന്ദ്രദേവ് മഹാരാജിനെതിരെ ‘സീറോ എഫ്.ഐ.ആര്’ രജിസ്റ്റര്‍ ചെയ്തു. കുറ്റകൃത്യം നടന്നത് ഉത്തര്‍പ്രദേശിലായതിനാല്‍ കേസ് തുടരന്വേഷണത്തിനായി യു.പിയിലെ മഥുര/വൃന്ദാവന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
തൃപ്തി ദേശായി പൂനെയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പരാതിക്കാരിയോടൊപ്പം മറ്റ് ചില സ്ത്രീകളും പങ്കെടുത്തു. അവരും ഇന്ദ്രദേവ് മഹാരാജിനെതിരെ സമാനമായ ചൂഷണ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും തൃപ്തി ദേശായി ആവശ്യപ്പെട്ടു. ഈ കേസ് രജിസ്റ്റര്‍ ചെയ്തതോടെ സന്യാസി സമൂഹത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ആനന്ദ് അഖാഡ ഭാരവാഹികള്‍ ഇയാളുടെ സന്യാസ പദവിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: “I am God, you must obey me”: Sexual assault case filed against spiritual preacher Indradev Maharaj
