ലഖ്നൗ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ രാമക്ഷേത്ര സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അയോധ്യയെ അവഗണിക്കുകയും, അപമാനിക്കുകയും ചെയ്തവരും രാമഭക്തർക്കും കർസേവകർക്കും നേരെ വെടിയുതിർത്തവരും, സന്യാസിമാർക്കെതിരെ ലാത്തിചാർജിന് ഉത്തരവിട്ടവരും പുണ്യനഗരം സന്ദർശിക്കുന്നതിന് മുമ്പ് മാപ്പ് പറയണമെന്ന് യോഗി ആവശ്യപ്പെട്ടു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സമർപ്പണ ചടങ്ങിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷം, യു.പി തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് ഡിസംബർ 12 ന് ആണ് അഖിലേഷ് യാദവ് ആദ്യമായി ക്ഷേത്രം സന്ദർശിക്കുന്നതെന്ന് എസ്.പി ശനിയാഴ്ച പ്രഖ്യാപിച്ചു. അതിനുപിന്നാലെയാണ് യോഗിയുടെ പരാമർശം. ശനിയാഴ്ച അയോധ്യയിൽ ദീപാവലിയുടെ തലേന്ന് പത്താം ദീപോത്സവത്തോടനുബന്ധിച്ച് നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു യോഗി.
‘രാമഭക്തരോടും സന്യാസിമാരോടും അവർ മാപ്പ് പറയുകയും ചെയ്ത തെറ്റുകളിൽ പശ്ചാത്തപിക്കുകയും വേണം. ശ്രീരാമൻ എല്ലാവരെയും സംരക്ഷിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവനാണ്. അഹങ്കാരികളായ ഭരണാധികാരികളുടെ അഹങ്കാരം അവസാനിപ്പിക്കാൻ ശ്രീരാമന് അധികം സമയം വേണ്ടിവന്നില്ലെന്ന്’ യോഗി പറഞ്ഞു.
‘ശ്രീരാമന്റെ പേര് വിളിച്ചതിന് ആളുകൾക്ക് നേരെ ലാത്തിച്ചാർജും വെടിവെപ്പും നടത്തിയിരുന്ന, രാമനാമം വിളിക്കുന്നത് പോലും വിലക്കിയിരുന്ന ആ നഗരം ഇന്ന് പഴയ പ്രതാപം വീണ്ടെടുത്ത് ലോകശ്രദ്ധ നേടുകയാണെന്ന്’ അദ്ദേഹം പറഞ്ഞു.
അയോധ്യയുടെ പഴയ മഹത്വം വീണ്ടെടുക്കാൻ നൂറ്റാണ്ടുകളോളം നീണ്ട പോരാട്ടം നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. 500 വർഷത്തെ വിദേശ ആക്രമണങ്ങൾക്കിടയിലും രാമഭക്തർ, സന്യാസിമാർ, നാഗ സാധുക്കൾ, നിഹാങ്ങുകൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ ഇതിനായി പോരാടി. കർസേവകർ വലിയ ത്യാഗങ്ങൾ സഹിച്ചപ്പോൾ, സന്യാസിമാർ ക്ഷേത്രനിർമാണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാക്ഷേത്രത്തിന്റെ വിജയകരമായ നിർമ്മാണത്തിന് സന്യാസിമാരുടെ മാർഗനിർദേശവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും കാരണമാണെന്ന് യോഗി പറഞ്ഞു.
അതേസമയം, രാമക്ഷേത്രം സന്ദർശിക്കുന്നതിലൂടെ യാദവ് മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്നുവെന്ന ആരോപണങ്ങൾ തള്ളിക്കളയാനും യു.പി തെരഞ്ഞെടുപ്പുകളിൽ യാദവ് ഇതര ഒ.ബി.സികളുടെയും ബ്രാഹ്മണരും ഠാക്കൂർമാരും ഉൾപ്പെടെയുള്ള ഉയർന്ന ജാതിക്കാരുടെയും പിന്തുണ നേടാനും ശ്രമിക്കുമെന്ന് ഒരു മുതിർന്ന എസ്.പി നേതാവ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
‘രാമഭക്തർക്ക് നേരെ വെടിയുതിർത്തത് തങ്ങളുടെ നേട്ടമായി കണക്കാക്കുകയും ബാബറി പള്ളി പുനർനിർമിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തവർ ഇപ്പോൾ ഹിന്ദുത്വത്തിന്റെ വർധിച്ചുവരുന്ന സ്വാധീനം കാരണം രാമക്ഷേത്രം സന്ദർശിക്കുമെന്ന് പ്രഖ്യാപിക്കുന്നുവെന്ന്’ ബി.ജെ.പി സംസ്ഥാന വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു.
ബി.ജെ.പിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ എസ്.പി വക്താവ് പവൻ പാണ്ഡെ, അഖിലേഷിന്റെ സന്ദർശനം പൂർണമായും മതപരമാണെന്നും അതിന് രാഷ്ട്രീയ ബന്ധമില്ലെന്നും വ്യക്തമാക്കി.
Content Highlight: Akhilesh Yadav must apologize to the devotees of Ram before visiting the Ram Temple, says Yogi.
