സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടി സിനിമയില്‍ അരങ്ങേറിയവരിലൊരാളാണ് ജുനൈസ്. വ്യത്യസ്തമായ കണ്ടന്റുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ജുനൈസ് ബിഗ് ബോസ് ഷോയിലും സാന്നിധ്യമറിയിച്ചിരുന്നു. ആ സീസണില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കാനും ജുനൈസിന് സാധിച്ചു. ജോജു ജോര്‍ജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ പണിയിലൂടെയായിരുന്നു ജുനൈസിന്റെ ബിഗ് സ്ക്രീന്‍ എന്‍ട്രി.
ചിത്രത്തിലെ രണ്ട് വില്ലന്മാരിലൊരാളായ സിജു എന്ന കഥാപാത്രത്തെയാണ് ജുനൈസ് അവതരിപ്പിച്ചത്. ആദ്യചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ ഗംഭീര പ്രകടനം പുറത്തെടുക്കാന്‍ ജുനൈസിന് സാധിച്ചു. സാക്ഷാല്‍ മണിരത്നം വരെ ജുനൈസിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പണിക്ക് ശേഷം ജുനൈസ് ഭാഗമാകുന്ന ചിത്രമാണ് പ്രേംപാറ്റ.

അമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന റോം കോം ഡ്രാമയില്‍ നായകന്റെ സുഹൃത്തായാണ് ജുനൈസ് വേഷമിടുന്നത്. ആദ്യ സിനിമയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഷെയ്ഡിലുള്ള കഥാപാത്രം തെരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ജുനൈസ്. പണി എന്നത് തനിക്ക് വലിയൊരു ബെഞ്ച്മാര്ക്കായിരുന്നെന്ന് ജുനൈസ് പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘പണി സത്യം പറഞ്ഞാല്‍ വലിയൊരു ബെഞ്ച്മാര്‍ക്കായിരുന്നു. ആ പടത്തിന് ശേഷം സൈക്കോകളുടെ ഒരു കൂമ്പാരമായിരുന്നു എന്നെ തേടി വന്നത്. എല്ലാ പടത്തിലും മുടി മൊട്ടയടിച്ച് ബംഗാളി ലുക്കുള്ള റേപ്പിസ്റ്റ് റോളുകള്‍ മാത്രമായിരുന്നു. അത്തരം റോളുകളിലേക്ക് ടൈപ്കാസ്റ്റാകുമോ എന്നായിരുന്നു ആ സമയത്ത് ചിന്തിച്ചത്.

അപ്പോഴാണ് അമീറിക്ക പ്രേംപാറ്റയിലേക്ക് വിളിച്ചത്. പണി കഴിഞ്ഞയുടനെ ഷൂട്ട് തുടങ്ങാനിരുന്ന സിനിമയായിരുന്നു ഇത്. അമീറിക്ക എന്നെ വിളിച്ചിട്ട് ‘പണിയില്‍ നിന്ന് ഡിഫറന്റായിട്ടുള്ള റോളാണ്’ എന്ന് മാത്രമേ പറഞ്ഞുള്ളൂ. പണിയില്‍ നായകന് പണി കൊടുക്കുന്ന വില്ലനാണെങ്കില്‍ ഇതില്‍ സുഹൃത്തിന് വേണ്ടി ജീവിക്കുന്ന ഒരു ക്യാരക്ടറാണ്,’ ജുനൈസ് പറഞ്ഞു.
അയിഷ, ഇ.ഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേംപാറ്റ. ജോമോന് ജ്യോതിറാണ് ചിത്രത്തിലെ നായകന്. കോളേജ് പ്രണയം പ്രധാന തീമായി വരുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ് തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. നവംബര്‍ 27ന് പ്രേംപാറ്റ തിയേറ്ററുകളിലെത്തും.
Content Highlight: Junaiz about his career after Pani movie
