ആംസ്റ്റര്‍ഡാം: ഗസയിലെ സൈനിക നടപടികള്‍ക്കും ഫലസ്തീന്‍ ജനതയ്ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കുമെതിരെ നെതര്‍ലന്‍ഡ്സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ പ്രതിഷേധം. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത ബഹുജന മാര്‍ച്ച് അരങ്ങേറി. രണ്ട് ലക്ഷത്തിലധികം പ്രതിഷേധക്കാരാണ് നഗരത്തിലെ തെരുവുകള്‍ കൈയടക്കിയത്.

മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള പന്ത്രണ്ടോളം കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ‘റെഡ് ലൈന്‍’ എന്ന പേരില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചത്.

നഗരത്തിലെ പ്രശസ്തമായ മ്യൂസിയം സ്‌ക്വയറില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ഫലസ്തീന്‍ പതാകകള്‍ ഏന്തിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് മാര്‍ച്ച് ചെയ്തത്. ഫലസ്തീന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി പ്രതിഷേധക്കാരില്‍ ഭൂരിഭാഗം പേരും ചുവന്ന വസ്ത്രങ്ങളും സ്‌കാര്‍ഫുകളും ധരിച്ചിരുന്നു.

‘ഗസയിലെ വംശഹത്യ അവസാനിപ്പിക്കുക, ഫലസ്തീന് സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പ്രതിഷേധ മാര്‍ച്ചില്‍ മുഴങ്ങിയത്. ഗസയില്‍ ഇസ്രഈല്‍ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും, ഇസ്രഈലുമായുള്ള നെതര്‍ലന്‍ഡ്‌സിന്റെ സാമ്പത്തിക-സൈനിക ബന്ധങ്ങളെ ചോദ്യം ചെയ്തുമായിരുന്നു റാലി.

ഇസ്രഈലിലേക്കുള്ള എല്ലാത്തരം ആയുധ കയറ്റുമതികളും നെതര്‍ലന്‍ഡ്‌സ് ഉടന്‍ നിരോധിക്കണമെന്നും ശക്തമായ വ്യാപാര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഗസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ഡച്ച് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നും ആവശ്യമുയര്‍ന്നു. ആംനസ്റ്റി ഇന്റര്‍നാഷണലിന് പുറമെ ഓക്‌സ്ഫാം നോവിബ് സേവ് ദി ചില്‍ഡ്രന്‍ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സംഘടനകളും റാലിക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.

ഈ പ്രതിഷേധത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ആംസ്റ്റര്‍ഡാമിലെ സ്ലോട്ടര്‍ഡൈക് മേഖലയില്‍ നിര്‍മാണം പുരോഗമിക്കുന്ന മൈക്രോസോഫ്റ്റ് ഡാറ്റാ സെന്ററിലേക്ക് നൂറുകണക്കിന് പ്രക്ഷോഭകര്‍ ഇരച്ചുകയറിയിരുന്നു. ഇസ്രഈല്‍ പ്രതിരോധ സേനയ്ക്ക് മൈക്രോസോഫ്റ്റ് ക്ലൗഡ് സാങ്കേതികവിദ്യയും എ.ഐ സേവനങ്ങളും നല്‍കുന്നു എന്ന് ആരോപിച്ചായിരുന്നു നിര്‍മാണ മേഖല ഉപരോധിച്ചത്.

നിര്‍മാണ സ്ഥലത്തെ ക്രെയിനുകളിലും കെട്ടിടത്തിന് മുകളിലും കയറി ഫലസ്തീന്‍ പതാകകളും ‘മൈക്രോസോഫ്റ്റ് വംശഹത്യയെ പിന്തുണയ്ക്കുന്നു’ എന്നെഴുതിയ ബാനറുകളും സ്ഥാപിച്ചു. തുടര്‍ന്ന് പൊലീസ് ഇടപെടുകയും നൂറ്റമ്പതിലധികം ആളുകളെ അറസ്റ്റ് ചെയ്ത് നീക്കുകയുമാണുണ്ടായത്.

ഗസ വിഷയത്തില്‍ നെതര്‍ലന്‍ഡ്സും ഇസ്രഈലും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കടുത്ത വിള്ളലുകള്‍ വീഴുന്നതിനിടയിലാണ് ഈ പ്രതിഷേധം. വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ക്ക് ഡച്ച് സര്‍ക്കാര്‍ അടുത്തിടെ ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് ഇസ്രഈല്‍ ഡച്ച് നയതന്ത്രജ്ഞരുടെ അംഗീകാരം റദ്ദാക്കുകയും ഇരുരാജ്യങ്ങളും തമ്മില്‍ വലിയ നയതന്ത്ര തര്‍ക്കം ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നിലവിലെ സാഹചര്യത്തില്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തിലാണ് ഡച്ച് ഗവണ്‍മെന്റ്.

 

Content Highlight: Impose a total blockade on Israel; massive public protest in Amsterdam: over 200,000 people take to the streets.