അത്‌ലറ്റികോ മാഡ്രിഡിന്റെ തട്ടകമായ മെട്രോപൊളിറ്റാനോയില്‍ ഫെര്‍മിന്‍ ലോപസിന്റെ ഇരട്ടഗോള്‍ മികവില്‍ തിരിച്ച് വരവ് നടത്തി എഫ്.സി ബാര്‍സലോണ. വിജയത്തോടെ ലീഗ് പോയിന്റ് പട്ടികയില്‍ കറ്റാലന്‍മാര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

കളത്തിലിറങ്ങുന്നതിന് മുമ്പ് രണ്ട് പോയിന്റ് മാത്രം വ്യത്യാസമായിരുന്നു ഇരുടീമുകളും തമ്മില്‍ ഉണ്ടായിരുന്നത്. മത്സരം ജയിച്ചാല്‍ അത്‌ലെറ്റിക്കോ മാഡ്രിഡിന് ലീഗ് ടേബിളില്‍ ഒന്നാമന്മാരായി ഇന്റര്‍നാഷണല്‍ ബ്രേക്കിന് പോകാമായിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ ആസ്റ്റണ്‍വില്ലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്‌സലോണ അത്‌ലെറ്റികോ മാഡ്രിഡിനെതിരെ കളത്തിലിറങ്ങിയത്. എന്നാല്‍ ടേബിള്‍ ടോപ്പേഴ്‌സിന് ചേര്‍ന്ന തുടക്കമല്ല ബാഴ്‌സലോണയ്ക്ക് ലഭിച്ചത്. ആദ്യ മിനിട്ട് മുതല്‍ ആക്രമിച്ച് കളിച്ച അത്‌ലെറ്റിക്കോ  ബാഴ്‌സയുടെ മുകളില്‍ ആധിപത്യം സ്ഥാപിച്ചു.

അഞ്ചാം മിനിട്ടില്‍ തന്നെ സ്വന്തം ഹാഫില്‍ നിന്നും കൊക്കെ നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച് മുന്നേറിയ അല്‍വാരസ് ഗോളിനടുത്തെത്തി. എന്നാല്‍ ഷോട്ട് എടുക്കുന്നതില്‍ അല്‍വാരസിന് പിഴച്ചു. തൊട്ടടുത്ത മിനിട്ടില്‍ മറുവശത്ത് പെഡ്രിയുടെ ഒരു ഷോട്ട് ക്രോസ്ബാറില്‍ തട്ടി മടങ്ങി.

പത്താം മിനിട്ടില്‍ തന്നെ അത്‌ലെറ്റിക്കോ മത്സരത്തില്‍ ലീഡ് എടുത്തു. മാര്‍ക്കോസ് ലോറെന്റെ നല്‍കിയ പന്തുമായി ഇടതുവിങ്ങിലൂടെ മുന്നേറിയ ജൂലിയന്‍ അല്‍വാരസ് പെനാല്‍റ്റി ബോക്‌സിലേക്ക് നല്‍കിയ ക്രോസ് കൃത്യമായി ജൂലിയാനോ സിമിയോണി വലയിലെത്തിച്ചു.

ഗോള്‍ വീണതോടെ ബാഴ്‌സലോണ ഉണര്‍ന്നുകളിച്ചെങ്കിലും അത്‌ലെറ്റിക്കോ പ്രതിരോധം ഉറച്ചുനിന്നു. ആദ്യപകുതിയുടെ അവസാനമിനിട്ടിലാണ് ഫെര്‍മിന്‍ ലോപസിലൂടെ ബാഴ്‌സലോണയുടെ മറുപടി ഗോള്‍ വന്നത്.

മിഡ്ഫീല്‍ഡില്‍ അത്‌ലെറ്റിക്കോ താരങ്ങളെ മറികടന്ന് പന്തുമായി മുന്നേറിയ പെഡ്രി ബോക്‌സിന് പുറത്ത് വെച്ച് നല്‍കിയ പാസ് ഫെര്‍മിന്റെ തകര്‍പ്പനൊരു ഷോട്ടിലൂടെ വലയിലേക്ക്. രണ്ടാം പകുതിയില്‍ മൊമന്റം കൈവിടാതെ ബാഴ്‌സ കളിച്ചു.

66ാം മിനിട്ടില്‍ പെഡ്രി നല്‍കിയ പന്തുമായി വലത് വിങ്ങിലൂടെ മുന്നേറിയ യുവതാരം ലാമിന്‍ യമാല്‍ നല്‍കിയ പാസില്‍ കൃത്യമായി കാലുവെച്ച് ഫെര്‍മിന്‍ ലോപസ് തന്റെയും ടീമിന്റെയും രണ്ടാം ഗോള്‍ നേടി.

പിന്നിലായതോടെ ഡിയേഗോ സിമിയോണി അലക്‌സാന്‍ഡര്‍ സൊര്‍ലോതിനെ കളത്തിലിറക്കിയെങ്കിലും താരത്തിനെ കൃത്യമായി ബാഴ്‌സ പ്രതിരോധം പിടിച്ചുകെട്ടി. അവസാന വിസില്‍ വരെ അത്‌ലെറ്റിക്കോയ്ക്ക് ഒന്നും ചെയ്യാനായില്ല. ബാഴ്‌സലോണ വിജയവും മൂന്ന് പോയിന്റും നേടി ടേബിള്‍ ടോപ്പേഴ്‌സ് ആയിത്തന്നെ മാഡ്രിഡില്‍ നിന്നും മടങ്ങി.


ബാഴ്‌സയുടെ രണ്ട് ഗോളുകളും നേടിയ ഫെര്‍മിന്‍ തന്നെയാണ് കളിയിലെ താരം. ഇതോടെ ടീമിന് വേണ്ടി എല്ലാ മത്സരങ്ങളിലുമായി 15 ഗോള്‍ പങ്കാളിത്തമായി (ഏഴ് ഗോള്‍, എട്ട് അസിസ്റ്റ്). മാച്ചില്‍ ഏഴ് ഗോളവസരങ്ങള്‍ സൃഷ്ടിച്ച ലാമിന്‍ യമാല്‍ 2008 ഒക്ടോബറില്‍ ചാവിയ്ക്ക് ശേഷം അത്‌ലെറ്റിക്കോയ്ക്ക എതിരെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി.

തോറ്റതോടെ അത്‌ലെറ്റിക്കോ പോയിന്റ് പട്ടികയില്‍ മാഡ്രിഡിന് പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ഒന്നാംസ്ഥാനക്കാരായ ബാഴ്‌സലോണയേക്കാള്‍ അഞ്ച് പോയിന്റ് പിന്നിലാണ് അത്‌ലെറ്റിക്കോ.

Content Highlight: Barcelona came from behind to beat LaLiga title rivals Atletico Madrid on Sunday, with Fermin Lopez scoring both of their goals.