വാഷിങ്ടണ്‍: ഇറാനെതിരായ പുതിയ സൈനികാക്രമണങ്ങള്‍ തത്കാലം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തര്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുമെന്നും ട്രംപ് അറിയിച്ചു.

ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ പ്രധാന മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ട്രംപ്. കഴിഞ്ഞയാഴ്ച ഇറാന്‍ സന്ദര്‍ശിച്ച അല്‍താനി, യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് വൈറ്റ് ഹൗസിലെത്തിയത്.

അയല്‍രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് പുതിയ ആക്രമണങ്ങള്‍ ഒഴിവാക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ പുതിയ യു.എസ് ആക്രമണങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ ആണവായുധം സ്വന്തമാക്കാന്‍ പാടില്ല എന്ന് കാര്യം എല്ലാവരും സമ്മതിച്ചിട്ടുണ്ടെന്നും കര-നാവിക മാര്‍ഗങ്ങളിലൂടെ ഓപ്പറേഷന്‍ അയണ്‍ ഗേറ്റ് നടപ്പിലാക്കുമെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ യു.എസ് തയ്യാറായി നില്‍ക്കുകയാണെന്നും മുന്നോട്ട് പോകാന്‍ സജ്ജമാണെന്നും ട്രംപ് പറഞ്ഞു.

ട്രംപുമായും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായും നടത്തിയ ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി പ്രതികരിച്ചു.

‘കരാറിലെത്താനും മേഖലയില്‍ സമാധാനം കൊണ്ടുവരാനുമുള്ള ക്രിയാത്മക ചര്‍ച്ചകള്‍ക്ക് നന്ദി,’ അല്‍താനി എക്‌സില്‍ കുറിച്ചു.

എന്നാല്‍, സാങ്കല്‍പ്പിക ചര്‍ച്ചകളെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് യു.എസ് അവസാനിപ്പിക്കണമെന്നും ഇറാന്‍ ആവര്‍ത്തിച്ച് മുന്നോട്ടുവെച്ച ഏഴ് വ്യവസ്ഥകള്‍ അംഗീകരിച്ച് കീഴടങ്ങാനുള്ള സമയമായെന്നും ഇറാന്റെ സുരക്ഷാ കൗണ്‍സില്‍ മേധാവി മൊഹ്‌സെന്‍ റെസായി എക്‌സില്‍ കുറിച്ചു.

യു.എസിന്റെ തുറമുഖ ഉപരോധം അവസാനിപ്പിക്കുക, ചില ഉപരോധങ്ങള്‍ പിന്‍വലിക്കുക, ബോംബാക്രമണങ്ങള്‍ നിര്‍ത്തുക എന്നിവയാണ് ഇറാന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിലെ പ്രധാന വ്യവസ്ഥകള്‍. ഇതിന് പകരമായി ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കാമെന്നാണ് ഇറാന്റെ വാഗ്ദാനം. ആണവപദ്ധതിയും മറ്റ് ഉപരോധങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ പിന്നീട് നടത്താമെന്നും ഇറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇറാന്‍ യുദ്ധമാണ് കഴിഞ്ഞയാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായതെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദം ശക്തമാകുമ്പോഴും നയതന്ത്ര ചര്‍ച്ചകളില്‍ ഉടന്‍ വഴിത്തിരിവുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് റൂബിയോ പറഞ്ഞിരുന്നു.

Content Highlight: Trump says Qatar, Saudi prefer peace in Iran conflict