പട്ന: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മുസ്ലിങ്ങളെ പൂർണമായി മാറ്റിനിർത്തുന്ന ബി.ജെ.പിയുടെ ഹിന്ദുത്വ വർഗീയ രാഷ്ട്രീയം ഏറ്റവും വലിയ തിരിച്ചടിയുണ്ടാക്കിയത് ബ്രാഹ്മണ സമുദായത്തിന് തന്നെയെന്ന് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ.
ജനനസംഖ്യാപരമായി കുറവായ ഒരു സമുദായത്തിന് കാലങ്ങളായി ലഭിച്ചിരുന്ന നിർണായക രാഷ്ട്രീയ പിന്തുണ ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് പിന്നാലെ പോയതോടെ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം തുറന്നടിച്ചു.
ബീഹാറിലെ ദർഭംഗ ജില്ലയിലുള്ള മഹിനാം ഗ്രാമത്തിൽ നടന്ന മൈഥിലി ബുദ്ധിജീവി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഥില മേഖലയിൽ, പ്രത്യേകിച്ച് ദർഭംഗയിലും മധുബനിയിലും വലിയ ജനസംഖ്യയും നിർണായക സ്വാധീനവുമുള്ള മൈഥിൽ ബ്രാഹ്മണരെ അഭിസംബോധന ചെയ്താണ് അദ്ദേഹം സംസാരിച്ചത്.
പണ്ഡിതന്മാരുടെ നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന മിഥില ഇന്ന് തൊഴിൽരഹിതരായ ആളുകളുടെ നാടായി മാറിയെന്ന് പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 15 വർഷമായി പ്രദേശത്തെ എം.എൽ.എയും എം.പിയും ബ്രാഹ്മണർ തന്നെയായിരുന്നിട്ടും ജനങ്ങളുടെ ദാരിദ്ര്യത്തിന് മാറ്റമുണ്ടായിട്ടില്ല എന്ന് അദ്ദേഹം വിമർശിച്ചു.
‘പൂർവികർ വലിയ ഭൂവുടമകളായിരുന്ന കുടുംബങ്ങളിലെ യുവാക്കൾ പോലും ഇന്ന് 10,000–20,000 രൂപയുടെ ചെറിയ ജോലികൾക്കായി നെട്ടോട്ടമോടുകയാണ്. സ്വന്തം സമുദായത്തിൽപ്പെട്ട ജനപ്രതിനിധികൾ അധികാരത്തിലിരുന്നിട്ടും മേഖലയിലെ പകുതിയിലധികം കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. വർത്തമാനകാലത്ത് ഒന്നുമില്ലാത്തവരാണ് പഴയ പ്രതാപങ്ങളെക്കുറിച്ച് മാത്രം വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന്’ അദ്ദേഹം വിമർശിച്ചു.
ജനാധിപത്യത്തിൽ അധികാരത്തിലെത്താൻ വോട്ടുകളുടെ എണ്ണമാണ് പ്രധാനമെന്ന് ഓർമിപ്പിച്ച പ്രശാന്ത് കിഷോർ, സമുദായത്തിന്റെ രാഷ്ട്രീയ നിലപാടുകളിലെ വലിയ അബദ്ധങ്ങൾ തുറന്നുകാട്ടി. കോൺഗ്രസ് ഭരണകാലത്ത് ബ്രാഹ്മണർക്കൊപ്പം 20 ശതമാനത്തോളം വരുന്ന മുസ്ലിങ്ങളും അതിപിന്നോക്ക വിഭാഗങ്ങളും ഉറച്ചുനിന്നിരുന്നു. എന്നാൽ ബി.ജെ.പിയുടെ കൊടിയുമേന്തി വിദ്വേഷ പ്രചാരണം തുടങ്ങിയതോടെ ആ വലിയ വോട്ട് ബാങ്ക് പൂർണമായി എതിർചേരിയിലേക്ക് നീങ്ങിയതായി അദ്ദേഹം പറഞ്ഞു.
മുസ്ലിങ്ങളുമായി ബ്രാഹ്മണർക്ക് ഭൂമി തർക്കമോ സംവരണ തർക്കമോ ഇല്ലാതിരുന്നിട്ടും, നേരിട്ട് ഒരു അക്രമത്തിനും പോകാത്തവർ പോലും സോഷ്യൽ മീഡിയയിലൂടെ മുസ്ലിങ്ങളെ അധിക്ഷേപിക്കുകയും ‘പാകിസ്താനികൾ’ എന്ന് മുദ്രകുത്തുകയും ചെയ്തു. തങ്ങളെ ആദരിച്ച് വോട്ട് നൽകി അധികാരത്തിലെത്തിച്ചിരുന്ന ഒരു ജനവിഭാഗത്തെ അകാരണമായി ശത്രുക്കളാക്കിയതിലൂടെ സ്വന്തം രാഷ്ട്രീയ ഭാവിയാണ് ബ്രാഹ്മണർ ഇല്ലാതാക്കിയതതെന്ന് പ്രശാന്ത് കിഷോർ വിമർശിച്ചു.
ഞങ്ങൾ പരശുരാമന്റെ പിന്മുറക്കാരാണെന്ന മട്ടിൽ ചിലർ നടത്തുന്ന ആയുധമേന്തൽ ആഹ്വാനങ്ങൾ ആത്മഹത്യാപരമാണെന്നും പ്രശാന്ത് കിഷോർ ഓർമ്മിപ്പിച്ചു.
‘ബ്രാഹ്മണരുടെ യഥാർത്ഥ കരുത്ത് കായികബലമോ പണബലമോ ആയിരുന്നില്ല, മറിച്ച് അറിവും സംസ്കാരവുമായിരുന്നു. സ്വന്തം വയറു നിറഞ്ഞാൽ അയൽക്കാരന്റെ പട്ടിണിയെക്കുറിച്ച് ചിന്തിക്കുന്നതായിരുന്നു ആ സംസ്കാരം. ആ സംസ്കാരം കൈവിട്ട് പരശുരാമ ജയന്തി ആഘോഷിക്കാനും കോടാലി വീശാനും ഇറങ്ങിയാൽ കുട്ടികൾക്ക് ജോലി കിട്ടില്ല, പട്ടിണിയും മാറില്ല’ അദ്ദേഹം പറഞ്ഞു.
അറിവിന്റെയും വിവേകത്തിന്റെയും പേനയുടെയും വഴിയേ സഞ്ചരിച്ചാൽ മാത്രമേ ഇനി നിലനിൽപ്പുള്ളൂവെന്നും സമരമോ മഴു വീശലോ അല്ല നിങ്ങളുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന ജാതിക്കാരെയും ന്യൂനപക്ഷങ്ങളെയും വീണ്ടും ഒരുമിപ്പിക്കാനുള്ള ഈ പുതിയ രാഷ്ട്രീയ നീക്കം വരാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Content Highlight:The BJP’s hardline Hindutva politics backfired on the Brahmins themselves; by sowing hatred, they destroyed their own vote bank: Prashant Kishor.
