മലയാള സിനിമയിൽ നായികയായി തിളങ്ങിയ ഒരുപാട് കഥാപാത്രങ്ങൾ ശോഭനയുടേതായുണ്ട്. പ്രണയവും കുടുംബബന്ധങ്ങളും വൈകാരിക നിമിഷങ്ങളുമെല്ലാം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ശോഭന. എന്നാൽ ശോഭനയുടെ സിനിമകളിൽ ഒരു കൗതുകകരമായ കാര്യം ചൂണ്ടിക്കാട്ടിയുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിവിധ സിനിമകളിൽ മരണത്തെ അഭിമുഖീകരിക്കുന്ന കഥാപാത്രങ്ങളായി ശോഭന എത്തിയിട്ടുണ്ടെന്നതാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
1985ൽ സാജൻ സംവിധാനം ചെയ്ത അക്കച്ചിയുടെ കുഞ്ഞുവാവയാണ് പട്ടികയിലെ ആദ്യ ചിത്രം. ശോഭനയ്ക്കൊപ്പം രതീഷ്, ജോസ് പ്രകാശ്, ലാലു അലക്സ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു. പിന്നാലെ 1986ൽ പുറത്തിറങ്ങിയ രാരീരം, അഭയം തേടി, ക്ഷമിച്ചു എന്നൊരു വാക്ക് എന്നീ ചിത്രങ്ങളിലും ശോഭന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രാരീരത്തിൽ മീരയായും അഭയം തേടിയിൽ മിറാൻഡയും ക്ഷമിച്ചു എന്നൊരു വാക്കിൽ ഇന്ദുവായും ശോഭന എത്തിയപ്പോൾ ചിത്രത്തിൽ താരം അവതരിപ്പിക്കുന്ന കഥാപാത്രം വിവിധ കരണങ്ങാളാൽ മരണപ്പെടുകയാണ് ഉണ്ടായത്.

ശോഭന. Photo. X.com
1987ൽ പുറത്തിറങ്ങിയ വ്രതം, നാൽക്കവല, കാലം മാറി കഥ മാറി എന്നീ ചിത്രങ്ങളിലും ശോഭനയുടെ സാന്നിധ്യമുണ്ട്. നാൽക്കവലയിൽ സൈനബയായും കാലം മാറി കഥ മാറിയിൽ ഉമ്മുക്കുൽസുവായും നടി എത്തി. 1988ൽ ജെ. ശശികുമാർ സംവിധാനം ചെയ്ത എന്റെ എന്റേതുമാത്രം എന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. ഈ ചിത്രങ്ങളിലും നടി മരണപ്പെടുകയാണ് ചെയ്യുന്നത്.
1991ൽ കമൽ സംവിധാനം ചെയ്ത ഉള്ളടക്കം, 1992ൽ ഫാസിൽ ഒരുക്കിയ പപ്പയുടെ സ്വന്തം അപ്പൂസ്, 1994ൽ പ്രിയദർശന്റെ മിന്നാരം എന്നിവയും പട്ടികയിലുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം ശോഭന അഭിനയിച്ച ചിത്രങ്ങളാണിവ.
1995ൽ പുറത്തിറങ്ങിയ സിന്ദൂരരേഖയിൽ അരുന്ധതിയായാണ് ശോഭന എത്തിയത്. ബാലചന്ദ്രനുമായി പ്രണയത്തിലാകുന്ന അരുന്ധതിക്ക് സഹോദരനിൽ നിന്നുണ്ടായ മസ്തിഷ്കപരിക്കിനെ തുടർന്ന് പ്രസവത്തിനുശേഷം അരുന്ധതി മരിക്കുന്നതാണ് ചിത്രത്തിന്റെ അവസാനം.
1996ൽ പുറത്തിറങ്ങിയ കുങ്കുമച്ചെപ്പ് ആണ് പട്ടികയിലെ മറ്റൊരു ചിത്രം. തുളസിദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദു എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. ഈ ചിത്രത്തിലും ശോഭന മരിക്കുന്നുണ്ട്.
2024ൽ പുറത്തിറങ്ങിയ കൽക്കി 2898 എ.ഡിയിലും ശോഭനയുടെ കഥാപാത്രത്തിന് ദാരുണമായ അന്ത്യമാണ്. ശംഭാലയുടെ നേതാവായ മറിയം എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. ദീപിക പദുകോൺ അവതരിപ്പിച്ച സുമതിയെ സംരക്ഷിക്കുന്നതിനിടെ കോംപ്ലക്സ് സൈന്യത്തിന്റെ ആക്രമണത്തിൽ മറിയം കൊല്ലപ്പെടുന്നുണ്ട്.

കൽക്കി. Photo.Screen Grab/ Youtube
വ്യത്യസ്ത കാലഘട്ടങ്ങളിലായി ശോഭന അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ചുള്ള ഈ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഓരോ സിനിമയിലെയും കഥാസന്ദർഭത്തിനും കഥാപാത്രത്തിന്റെ സാഹചര്യങ്ങൾക്കും അനുസരിച്ച് വ്യത്യസ്ത കാരണങ്ങളാലാണ് ശോഭനയുടെ കഥാപാത്രങ്ങൾ മരണപ്പെടുന്നത്. ഇതോടെ, ഇവരാണോ മരിച്ച് അഭിനയിക്കുന്ന നയിക്കായെന്നും മലയാള സിനിമയിലെ ‘ഡെത്ത് സ്റ്റാർ’ എന്ന തരത്തിലുള്ള രസകരമായ കമന്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
Content Highlight: Shobana became a heroine who dies in various films
