മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ബിജി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഫെമിന ജോർജ്. എന്നാൽ ആ കഥാപാത്രത്തിനപ്പുറം താൻ അവതരിപ്പിക്കുന്ന മറ്റ് വേഷങ്ങളിലൂടെയും പ്രേക്ഷകർ തന്നെ തിരിച്ചറിയണമെന്നാണ് താരത്തിന്റെ ആഗ്രഹം. ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത ‘ഡിസ്കോ’ കരിയറിൽ അത്തരമൊരു മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫെമിന ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മിന്നൽ മുരളിക്ക് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും അവയൊന്നും വലിയ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിയില്ലെന്ന് ഫെമിന പറഞ്ഞു. അതുകൊണ്ടുതന്നെ മിന്നൽ മുരളിക്ക് ശേഷം മറ്റൊരു സിനിമയിലും അഭിനയിച്ചിട്ടില്ലെന്നാണ് പലരും കരുതിയിരുന്നതെന്നും താരം വ്യക്തമാക്കി.

ഡിസ്കോ. Photo. Screen Grab/ Youtube

‘മിന്നൽ മുരളിക്ക് ശേഷം തീപ്പൊരി ബെന്നി, ശേഷം മൈക്കൽ ഫാത്തിമ, കറക്കം, ഒറിജിനൽ തുടങ്ങിയ സിനിമകൾ ചെയ്തിരുന്നു. പക്ഷേ, അവയൊന്നും അത്രയധികം പ്രേക്ഷകരിലേക്ക് എത്തിയില്ല. അതുകൊണ്ടുതന്നെ മിന്നൽ മുരളിക്ക് ശേഷം ഞാൻ മറ്റൊരു സിനിമയും ചെയ്തിട്ടില്ലെന്ന ധാരണ പലർക്കുമുണ്ട്. ഈ സിനിമകളൊക്കെ ഇറങ്ങിയിട്ടും ആളുകൾ എന്നെ തിരിച്ചറിഞ്ഞിരുന്നത് മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ബിജി എന്ന കഥാപാത്രത്തിലൂടെയായിരുന്നു,’ ഫെമിന പറഞ്ഞു.

എന്നാൽ ‘ഇതിനോ ആദാമേ’ എന്ന പാട്ട് പുറത്തിറങ്ങിയതോടെ ആ തിരിച്ചറിയലിൽ മാറ്റം വന്നുതുടങ്ങിയെന്നും താരം പറയുന്നു. ഡിസ്കോയിലെ പാട്ടിലൂടെ ആളുകൾ തന്നെ തിരിച്ചറിയുകയും സിനിമയെക്കുറിച്ച് ചോദിച്ചുതുടങ്ങുകയും ചെയ്തുവെന്നും ഫെമിന പറഞ്ഞു.

‘ഇതിനോ ആദാമേ എന്ന പാട്ട് ഇറങ്ങിയതിനുശേഷം അതിലൊരു മാറ്റം ഞാൻ കണ്ടു. ആളുകൾ എന്നോട് ഡിസ്കോയെക്കുറിച്ച് ചോദിക്കാൻ തുടങ്ങി. ‘നിങ്ങൾ ആ ഡിസ്കോ പാട്ടിലുള്ള ആളല്ലേ?’ എന്നൊക്കെ ചോദിക്കുമായിരുന്നു. ഇത്രയും വർഷത്തിനിടയിൽ ആദ്യമായിട്ടാണ് മിന്നൽ മുരളി എന്ന പേരിനപ്പുറം മറ്റൊരു സിനിമയുടെ പേരിൽ ആളുകൾ എന്നെ തിരിച്ചറിയുന്നത്,’ ഫെമിന പറഞ്ഞു.

മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ബിജിയെ പ്രേക്ഷകർ മറക്കണമെന്നല്ല, മറിച്ച് ഇനി ചെയ്യുന്ന കഥാപാത്രങ്ങളും അവരുടെ മനസിൽ ഇടംപിടിക്കണമെന്നാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി.

‘ഈ മാറ്റം കൂടുതൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആളുകൾ എന്നെ ഡിസ്കോയിലൂടെയും തിരിച്ചറിയണം. ബ്രൂസ്‌ലി ബിജിയെ മറക്കണമെന്നോ മിന്നൽ മുരളിയെക്കുറിച്ച് ഓർക്കരുതെന്നോ അല്ല പറയുന്നത്. പക്ഷേ, ഇനി ചെയ്യുന്ന കഥാപാത്രങ്ങളും ആളുകൾ ഓർത്തിരിക്കണം. ഡിസ്കോ അങ്ങനെയൊരു സിനിമയായി മാറുമെന്നാണ് ഞാൻ വിശ്വസിക്കുന്നതും ആഗ്രഹിക്കുന്നതും,’ ഫെമിന കൂട്ടിച്ചേർത്തു.

ഡിസ്കോ. Photo.IMDb

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത ഡിസ്കോയിൽ ഫെമിന ജോർജ് പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചെമ്പൻ വിനോദ്, ദേവ് മോഹൻ, അർജുൻ അശോകൻ, ആന്റണി വർഗീസ്, ലുഖ്മാൻ അവറാൻ തുടങ്ങിയ വമ്പൻ താര നിരകൾ അണിനിരന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight:  Actress Femina George says that after *Minnal Murali*, people recognize her through the song ‘Ithino Adame’