ന്യൂദല്‍ഹി: പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിട്ട് 88 ദിവസം കഴിഞ്ഞിട്ടും പാര്‍ലമെന്റ് സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്. എക്‌സിലൂടെ ജയറാം രമേശ് പങ്കുവെച്ച പോസ്റ്റിലാണ് സഭ അവസാനിപ്പിക്കേണ്ട ചട്ടത്തെക്കുറിച്ചും സര്‍ക്കാര്‍ അത് ചെയ്യാതെ നീട്ടിക്കൊണ്ട് പോകുന്നതിനുപിന്നിലെ ദുരുദ്ദേശത്തെക്കുറിച്ചും പറയുന്നത്.

പാര്‍ലമെന്റിന്റെ നടപടിക്രമങ്ങളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യേഴ്‌സ് ഓഫ് പാര്‍ലമെന്റ് (Practice and Procedure of Parliament) എന്ന പുസ്തകത്തിന്റെ എട്ടാം പതിപ്പ് 2024 മധ്യത്തിലാണ് പ്രസിദ്ധീകരിച്ചതെന്നും പ്രധാനമന്ത്രി തന്നെ സന്ദേശം നല്‍കിയ ഈ പുസ്തകം ‘കൗള്‍ ആന്‍ഡ് ശക്ധര്‍’ (Kaul and Shakdher) എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നതും ജയറാം രമേശ് പറയുന്നു.

‘പുസ്തകത്തിന്റെ 192ാം പേജില്‍ ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിനും (Adjournment Sine Die) സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിനും (Prorogation) ഇടയിലുള്ള സമയപരിധി പൊതുവെ രണ്ട് മുതല്‍ നാല് ദിവസം വരെയാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഇതേ പേജിലെ 53ാം അടിക്കുറിപ്പില്‍ ഈ ഇടവേള പരമാവധി 28 ദിവസം വരെ നീണ്ടിട്ടുണ്ടെന്നും 2015ലെ മണ്‍സൂണ്‍ സമ്മേളനത്തിലാണ് അങ്ങനെ സംഭവിച്ചതെന്നും പറയുന്നു,’ അദ്ദേഹം കുറിപ്പില്‍ പറയുന്നു.

എന്നാല്‍ 2008ലെ മണ്‍സൂണ്‍ സമ്മേളനം 87 ദിവസം ഔദ്യോഗികമായി അവസാനിപ്പിക്കാതെ നിലനിര്‍ത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി 2026 ഒക്ടോബര്‍ 19ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചിരുന്നുവെന്ന് ജയറാം രമേശ് പറയുന്നു.

ഈ 87 ദിവസത്തെ ഇടവേളയെക്കുറിച്ച് കൗള്‍ ആന്‍ഡ് ശക്ധര്‍ പുസ്തകത്തില്‍ പരാമര്‍ശമില്ലാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും അന്നത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സമവായത്തോടെയായിരുന്നു 2008ല്‍ ഇത്രയും നീണ്ട കാലയളവിലേക്ക് സമ്മേളനം അവസാനിപ്പിക്കാതെ നിലനിര്‍ത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയുടെ തന്നെ കണക്കുകള്‍ പ്രകാരം ഇന്ന് പുതിയ റെക്കോര്‍ഡ് സ്ഥാപിക്കപ്പെട്ടിരിക്കുകയാണ് എന്നാണ് ജയറാം രമേശ് കുറിപ്പില്‍ പറയുന്നത്.

എന്നാല്‍ മുന്‍കാലങ്ങളില്‍, 2008ല്‍ ഉള്‍പ്പെടെ ഉണ്ടായതില്‍ നിന്ന് വ്യത്യസ്തമായി, ലോക്‌സഭയില്‍ കൃത്രിമമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് സമയം അനുവദിക്കാനാണ് ഇത്തവണ പാര്‍ലമെന്റ് സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് ജയറാം രമേശ് ആരോപിക്കുന്നത്. അതീവ വിവാദപരവും അപകടകരവും വിനാശകരവുമായ മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2026 ഏപ്രില്‍ 17ന് ആഭ്യന്തര മന്ത്രിയുടെ ഈ ഗൂഢനീക്കങ്ങളെ പ്രതിപക്ഷത്തിന്റെ ഐക്യവും കൂട്ടായ ചെറുത്തുനില്‍പ്പും പരാജയപ്പെടുത്തി. അദ്ദേഹത്തിന്റെ പതിവ് ബുള്‍ഡോസര്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചാലും പ്രതിപക്ഷത്തിന്റെ ഐക്യവും ഐക്യദാര്‍ഢ്യവും വീണ്ടും വിജയിക്കുമെന്ന് ഉറപ്പുണ്ട്,’ അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദേശങ്ങളും സുതാര്യമായും വിശദമായും ചര്‍ച്ച ചെയ്യുന്നതിനായി ഏതെങ്കിലും നിയമനിര്‍മാണം അവതരിപ്പിക്കുന്നതിന് മുമ്പ് സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആറുമാസത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിക്ക് നാല് തവണ കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന ഈ ആവശ്യം പ്രധാനമന്ത്രി നിരന്തരം നിരസിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: 88 days since adjournment sine die; Congress states that the Parliament session has not been officially concluded.