ലഖ്നൗ: ഗോരഖ്പൂരിലെ ദീപാവലി ആഘോഷത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രനഗരമായ അയോധ്യയിൽ നടക്കുന്ന സമഗ്ര വികസനവും ഉത്തർപ്രദേശിന്റെ ചരിത്രപൈതൃകം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളും സ്വന്തം രാഷ്ട്രീയ അസ്തിത്വത്തെ തകർക്കുമെന്ന ഭയത്താലാണ് കോൺഗ്രസും സമാജ്വാദി പാർട്ടിയും അയോധ്യയ്ക്കെതിരെ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുന്നതെന്ന് യോഗി ആരോപിച്ചു.
ഗോരഖ്പൂരിലെ ജംഗിൾ തിൻകോണിയ പ്രദേശത്ത് വൻ താങ്കിയ ജനതയ്ക്കായി സംഘടിപ്പിച്ച ദീപാവലി സംഗമത്തിൽ സംസാരിക്കവെയാണ്, അയോധ്യയിലും സംസ്ഥാനത്തുടനീളവും ദ്രുതഗതിയിൽ നടക്കുന്ന പശ്ചാത്തല സൗകര്യ വികസനങ്ങൾ പ്രതിപക്ഷ പാർട്ടികളിൽ കടുത്ത അസഹിഷ്ണുത ഉണ്ടാക്കുന്നുണ്ടെന്ന് യോഗി പറഞ്ഞു.
‘ഭയം കാരണമാണ് ചിലർ ഇപ്പോൾ അയോധ്യയെ താറടിച്ചു കാണിക്കാൻ ശ്രമിക്കുന്നത്. വികസനത്തിന്റെയും പൈതൃക സംരക്ഷണത്തിന്റെയും ഈ കുതിപ്പ് ഇതേപടി മുന്നോട്ടുപോയാൽ സമാജ്വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയം എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെടുമെന്ന് അവർക്കറിയാം. അതുകൊണ്ടാണ് അവർ അയോധ്യയെ ലക്ഷ്യമിട്ട് വ്യാജവാർത്തകൾ ചമയ്ക്കുന്നത്,’അദ്ദേഹം പറഞ്ഞു.
’14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ രാജ്യം മുഴുവൻ ദീപാവലി ആഘോഷിച്ചു. എന്നാൽ ബ്രിട്ടീഷുകാരും പിന്നീട് കോൺഗ്രസും സമാജ്വാദി പാർട്ടിയും നിങ്ങളെയും നിങ്ങളുടെ പൂർവികരെയും നൂറിലേറെ വർഷം കാട്ടിൽ അനാഥരായി കഴിയാൻ വിട്ടുവെന്ന്’ അദ്ദേഹം ആരോപിച്ചു.
എന്നാൽ 2017-ൽ ബി.ജെ.പി സർക്കാർ അധികാരമേറ്റതോടെ ഈ അവസ്ഥയ്ക്ക് വലിയ മാറ്റമുണ്ടായെന്നും, ഇന്ന് ഈ ജനങ്ങൾക്ക് മികച്ച കോൺക്രീറ്റ് റോഡുകൾ, സ്വന്തം വീടുകൾ, റേഷൻ കാർഡുകൾ, സ്കൂളുകൾ, ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എന്നിവയെല്ലാം ലഭ്യമാണെന്നും യോഗി പറഞ്ഞു.
മുൻ സർക്കാരുകളുടെ പ്രവർത്തനശൈലിയുമായി ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ ഭരണത്തെ താരതമ്യം ചെയ്ത അദ്ദേഹം, മുൻ ഭരണാധികാരികൾ പാവപ്പെട്ടവരെയും പിന്നാക്കം നിൽക്കുന്നവരെയും അവഗണിച്ച് സ്വന്തം കുടുംബങ്ങളുടെ താത്പര്യങ്ങൾക്ക് മുൻഗണന നൽകിയപ്പോൾ, ബി.ജെ.പി സർക്കാർ ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ ഓരോ പൗരനിലേക്കും ക്ഷേമപദ്ധതികൾ എത്തിച്ചുവെന്ന് പറഞ്ഞു.
രാമക്ഷേത്ര നിർമാണ കോൺഗ്രസും സമാജ്വാദി പാർട്ടിയും ശക്തമായി എതിർത്തിരുന്നുവെന്നും ഭക്തരെ അയോധ്യയിലേക്ക് വരുന്നത് തടയാൻ ശ്രമിച്ചിരുന്നുവെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. അയോധ്യയുടെ വികസനം തടയാൻ കഴിയാതെ വന്നതോടെയാണ് ഈ പാർട്ടികൾ ഇപ്പോൾ വ്യാജപ്രചാരണങ്ങളിലൂടെ നഗരത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റോഡുകൾ, വൈദ്യുതി, വിമാനത്താവളം, റെയിൽവേ സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ അയോധ്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരണത്തിൽ സംസ്ഥാനത്തുണ്ടായ വികസനത്തിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
കാട്ടിൽ കഴിയുന്നവർ, മലയോര ജനത, ദളിതർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരോട് വിവേചനം കാണിക്കാതെ എല്ലാവരെയും ഒരുപോലെ ചേർത്തുപിടിക്കുകയാണ് ചെയ്തതെന്ന് ആദിത്യനാഥ് പറഞ്ഞു. ശ്രീരാമന്റെ ആശയങ്ങൾ പിന്തുടർന്ന് എല്ലാവരെയും രാഷ്ട്രനിർമ്മാണത്തിന്റെ ഭാഗമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017-ന് മുമ്പ് അയോധ്യയിൽ ‘ജയ് ശ്രീറാം’ വിളിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും അങ്ങനെ വിളിച്ചവർക്കെതിരെ അതിക്രമങ്ങൾ നടന്നിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാക്കൾ ശ്രീരാമന്റെ അസ്തിത്വത്തെപ്പോലും ചോദ്യം ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലഹരിവസ്തുക്കളും ചൂതാട്ടവും ഒഴിവാക്കി ഉത്സവങ്ങൾ സന്തോഷത്തോടെ ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. മാഫിയകൾക്കെതിരായ നടപടികൾക്ക് പിന്നാലെ ലഹരിക്കടത്തുകാരെ പൂർണമായി ഇല്ലാതാക്കുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight:‘SP and Congress are spreading false propaganda against Ayodhya out of fear’: Yogi Adityanath
