ന്യൂദല്‍ഹി: 2025-26 കാലയളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലഭിച്ച സംഭാവനകളില്‍ വന്‍ ഇടിവ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 75ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളായി പാര്‍ട്ടിക്ക് ലഭിച്ചത് 130.69 കോടി രൂപ മാത്രമാണ്. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷമായ 202425-ല്‍ ഇത് 517.39 കോടി രൂപയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണന് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ഇതിന് മുന്‍പ് 2015-16 സാമ്പത്തിക വര്‍ഷത്തിലാണ് പാര്‍ട്ടിക്ക് സംഭാവനകളില്‍ ഇത്രയും വലിയ കുറവുണ്ടായത് (അന്ന് 86% ഇടിവോടെ തുക 141.46 കോടിയില്‍ നിന്ന് 20 കോടിയായി കുറഞ്ഞിരുന്നു).

പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ തോതില്‍ ഫണ്ട് ലഭിക്കാറുണ്ട്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് (2024-25 വര്‍ഷം) സംഭാവനകള്‍ 517.39 കോടിയായി ഉയര്‍ന്നത് ഇതുകൊണ്ടാണ്.

കോര്‍പ്പറേറ്റ് ഫണ്ടുകള്‍ കൈമാറുന്ന ‘പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍’ നിന്നുള്ള സംഭാവനകളില്‍ ഉണ്ടായ വന്‍ കുറവാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ഈ ട്രസ്റ്റില്‍ നിന്ന് പാര്‍ട്ടിക്ക് ലഭിച്ച തുക 216.34 കോടി രൂപയില്‍ നിന്ന് വെറും 25 കോടി രൂപയായി (88% ഇടിവ്) കുറഞ്ഞു.

സ്റ്റാര്‍ സിമന്റ് ലിമിറ്റഡ് (5 കോടി), സജ്ജന്‍ ഭജങ്ക( 4.00 കോടി) അഫ്‌നാന്‍ കണ്‍സ്ട്രക്ഷന്‍സ് (മൂന്ന് കോടി), പ്രേം കുമാര്‍ ഭജങ്ക (രണ്ട് കോടി), ഐ.പി.എസ് യു.എം പ്രോഅഡൈ്വസേഴ്‌സ്( ഒരു കോടി
എസ്.എം.എസ് ബില്‍ഡേഴ്‌സ് (ഒരു കോടി) എന്നിങ്ങനെയാണ് സംഭവാനകള്‍ നല്‍കിയിരിക്കുന്നത്.

സംഭാവനകളില്‍ വലിയ ഇടിവുണ്ടായെങ്കിലും കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തുകയല്ല ഇത്. കോവിഡ് സമയത്ത് (2020-21 ല്‍ 74.52 കോടിയും, 2021-22 ല്‍ 95.46 കോടിയും) ഇതിലും കുറവ് തുകയാണ് ലഭിച്ചിരുന്നത്.

ബി.ജെ.പിയുടെ ഈ വര്‍ഷത്തെ ഔദ്യോഗിക കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും തൊട്ടുമുമ്പത്തെ വര്‍ഷത്തെ (2024-25) കണക്കുകള്‍ പ്രകാരം ബി.ജെ.പിക്ക് 6,074.02 കോടി രൂപ സംഭാവനയായി ലഭിച്ചിരുന്നു. ഇത് കോണ്‍ഗ്രസിന് ലഭിച്ച തുകയുടെ 12 മടങ്ങോളം വരും.

 

Content Highlight: Congress’s funds fall by 75 percent; biggest decline in a decade