തമിഴ് സിനിമാ രംഗത്ത് സംഗീത സംവിധായകൻ, നടൻ, നിർമ്മാതാവ്, സംവിധായകൻ തുടങ്ങിയ നിലയിൽ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയാണ് വിജയ് ആന്റണി. 2009ൽ പുറത്തിറങ്ങിയ ‘നാക്ക മുക്ക’ എന്ന പരസ്യത്തിൽ സംഗീതം ഒരുക്കിയതിനു കാൻസ് ഗോൾഡൻ ലയൺ അവാർഡ് കരസ്ഥമാക്കിയ ആദ്യ ഇന്ത്യക്കാരനാണ് വിജയ് ആന്റണി. നാൻ എന്ന സൈക്കോളജിക്കൽ ത്രില്ലർ സിനിമയിലൂടെയാണ് വിജയ് നടനായി കരിയർ ആരംഭിച്ചത്. പിന്നീട് പിച്ചൈക്കാരൻ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ ജനപ്രിയ നടനാവുകയായിരുന്നു. അപ്പ കുട്ടി എന്ന സിനിമയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.
യാചകനായി അഭിനയിക്കേണ്ടതിനാൽ പലരും പിച്ചൈക്കാരനിലെ വേഷം ചെയ്യാൻ കൂട്ടാക്കിയില്ലെന്നും താൻ കഥ കേട്ടപ്പോൾ തന്നെ ഓക്കേ പറഞ്ഞുവെന്നും സിനിമയുടെ ടൈറ്റിൽ താനാണ് നിർദ്ദേശിച്ചതെന്നും പറയുകയാണ് നടൻ. പേളി മാണി ഷോയിൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ അഭിനയിച്ചിട്ടുള്ള നാൻ എന്ന സിനിമ കണ്ടിട്ടാണ് സംവിധായകൻ ശശി ഒരു കഥയുണ്ടെന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. ‘നിങ്ങൾ ചെയ്യുമോ ഇല്ലയോ എന്നറിയില്ല ആലോചിച്ച് പറഞ്ഞാൽ മതി’യെന്ന് പറഞ്ഞ് ഡൗട്ഫുള്ളായിട്ടാണ് സംസാരിച്ചത്. കാരണം യാചകനായി അഭിനയിക്കണമെന്ന കാരണം കൊണ്ട് പല ആക്ടേഴ്സിനും ഇത് വർക്കായിട്ടുണ്ടായില്ല. പക്ഷേ ഞാൻ കഥ കേട്ടതും അഭിനയിക്കാമെന്ന് പറഞ്ഞു. ഞാൻ ഭയങ്കര എക്സൈറ്റഡായിരുന്നു. അദ്ദേഹം പോയി ഒന്ന് രണ്ട് മണിക്കൂറിൽ തന്നെ അഡ്വാൻസായിട്ട് ചെക്കും അയച്ചു തന്നു.

പിച്ചൈക്കാരനിലെ രംഗം..Photo.Youtube.com
ഞാൻ അദ്ദേഹത്തോട് റിക്വസ്റ്റായിട്ട് പിച്ചൈക്കാരൻ എന്ന് തന്നെ ടൈറ്റിലായ് വെക്കുമോ എന്ന് ചോദിച്ചു. അദ്ദേഹം ആദ്യം വെച്ചത് അമ്മയുടെ സ്നേഹവുമായി ബന്ധപ്പെട്ട ഒരു പേരായിരുന്നു. പക്ഷേ ഞാൻ റിക്വസ്റ്റ് ചെയ്തു. ആ സിനിമ ഹിറ്റായതുകൊണ്ട് ഇപ്പോൾ കേൾക്കുമ്പോൾ ആ പേര് മാസായിട്ട് തോന്നും. എനിക്ക് ആദ്യം തൊട്ട് തന്നെ ആ പേര് ഒരു മാസായിട്ടാണ് തോന്നിയത്.
ആ സിനിമ ചെയ്യുമ്പോൾ ഒരുപാട് സ്ട്രഗിൾസ് ഉണ്ടായിരുന്നു. പൈസയുള്ളവർ സിനിമ ചെയ്യുമ്പോൾ കൈയ്യിൽ നിന്ന് പൈസ ഇറക്കും. സാധാരണക്കാർ ചെയ്യുമ്പോൾ ഫിനാൻസിൽ നിന്ന് പൈസ എടുക്കണം. അവിടെ പോകുമ്പോൾ അവർ ചോദിക്കും ഏതാ സിനിമയെന്ന്, പിച്ചൈക്കാരനെന്ന് പറയുമ്പോൾ അവർക്കത് കണക്ടാകില്ല,’ നടൻ പറഞ്ഞു.
റിലീസ് വരെയും പ്രശ്നമുണ്ടായിരുന്നെന്നും തിയേറ്റർ തരില്ലെന്നൊക്കെ പറഞ്ഞുവെന്നും സംവിധായകൻ പലരോടും സഹായം ചോദിച്ചിട്ടൊക്കെയാണ് സിനിമ റിലീസായതെന്നും താരം കൂട്ടിച്ചേർത്തു. പിന്നീട് സിനിമ റിലീസ് ചെയ്ത് രണ്ടാമത്തെ ഷോ തൊട്ട് ഓഡിയൻസ് ചിത്രത്തെ വേറെ ലെവലിലേക്ക് എത്തിച്ചുവെന്നും നടൻ വ്യക്തമാക്കി. ഈ ചിത്രം എല്ലാവർക്കും കണക്ടാവുമെന്നും തനിക്കേറെ പ്രിയപ്പെട്ട സിനിമയാണിതെന്നും സിനിമ എന്നതിലുപരി തനിക്കിത് ജനങ്ങളുമായി കണക്ട് ചെയ്യാൻ സഹായിച്ച ചിത്രമാണെന്നും താരം വ്യക്തമാക്കി. പ്രേക്ഷകരുടെ സ്നേഹവും ഇഷ്ടവും പരിഗണനയും ഈ സിനിമക്ക് ശേഷം തനിക്ക് അനുഭവിക്കാൻ കഴിഞ്ഞുവെന്നും നടൻ പറഞ്ഞു.
Content Highlight: Vijay Antony said he suggested the film’s title, but no one wanted to act in it because the role required playing a beggar.
