കൊച്ചി: കൊച്ചിയിലെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ റോഡില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കിയതില്‍ കേസെടുത്ത സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍.

കേസ് തങ്ങള്‍ക്ക് പുത്തരിയല്ലെന്നും എന്നാല്‍ കലൂരില്‍ നിന്നും ആരംഭിക്കാന്‍ തീരുമാനിച്ച റാലി ബോള്‍ഗാട്ടിയിലേക്ക് മാറ്റിയത് കമ്മീഷണറുടെ അഭ്യര്‍ത്ഥന മാത്രം പാലിച്ചായിരുന്നുവെന്ന് ജിഷാന്‍ വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കേസ് ഞങ്ങള്‍ക്ക് പുത്തരിയല്ല.. എന്നാലും ഈ വാര്‍ത്ത വന്നതിനുശേഷം ഒരു സത്യം പറയണം എന്ന് ആഗ്രഹിക്കുന്നു.. ജാഥ ആദ്യം തീരുമാനിച്ചിട്ടുണ്ടായിരുന്നത്,കല്ലൂര്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിക്കാന്‍ ആയിരുന്നു.. അതനുസരിച്ച് പ്രവര്‍ത്തകരെ വിവരം അറിയിച്ചു.

റാലി തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ കമ്മീഷണര്‍ അടിയന്തര മീറ്റിങ് വിളിക്കുന്നു.
ഫിഷറീസ് വകുപ്പ് മന്ത്രി ഗഫൂര്‍ സാഹിബും, അഡ്വ ഹാരിസ് ബീരാന്‍ എം.പിയും, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും, മുന്‍ എം.എല്‍.എ ഹമീദ് മാഷും, വൈറ്റ് ഗാര്‍ഡ് സംസ്ഥാന കോഡിനേറ്റര്‍ ഫൈസല്‍ തങ്ങളോടൊപ്പം യോഗം ചേര്‍ന്നു. കമ്മീഷണറുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് മാത്രമാണ് നേരത്തെ നിശ്ചയിച്ച റൂട്ടില്‍ നിന്നും റാലി മാറ്റിയത്… ബോള്‍ഗാട്ടിയില്‍ നിന്ന് റാലി ആരംഭിച്ചാല്‍ ബ്ലോക്കില്ലാതെ പൊലീസിന് നിയന്ത്രിക്കാന്‍ സാധിക്കും എന്ന് കമ്മീഷണര്‍ അറിയിച്ചു.
വേണ്ടത്ര പൊലീസ് ഫോഴ്സിനെ അയച്ചോളാം എന്നും ഗതാഗതം നിയന്ത്രിച്ചോളാം എന്നും കമ്മീഷണര്‍ വാക്കു നല്‍കി,’ ലീഗ് നേതാവ് പറഞ്ഞു.

ഇതതനുസരിച്ച് മണിക്കൂറുകള്‍ക്ക് മുമ്പേ പ്രവര്‍ത്തകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവരമറിയിക്കുകയായിരുന്നുവെന്നും പ്രവര്‍ത്തകര്‍ ബസിന്റെ റൂട്ടില്‍ മാറ്റങ്ങള്‍ വരുത്തി ഓരോ ജംഗ്ഷനിലും തങ്ങളുടെ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ പരമാവധി ബ്ലോക്കില്ലാതെ നിയന്ത്രിക്കാന്‍ വേണ്ടി പരിശ്രമിച്ചുവെന്നും എന്നിട്ടും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തങ്ങളുടെ പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്ക് പരമാവധി ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ റാലി നടത്താനാണ് മുന്‍കൂട്ടി അനുവാദം എടുത്തിട്ടുണ്ടായിരുന്നതെന്നും ഉത്തരവാദിത്തം നിറവേറ്റേണ്ടത് പൊലീസിന്റെ കടമയാണെന്നും ജിഷാന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇത് കേവലം ഒരു സമ്മേളനം മാത്രമായിരുന്നില്ല ജന്തര്‍മന്തര്‍ നഗര്‍ എന്നാണ് നമ്മള്‍ ഈ വേദിയെ പേരിട്ടുണ്ടായിരുന്നുത്.. വോട്ടവകാശത്തെ കൊലപ്പെടുത്തിയ ഇലക്ഷന്‍ കമ്മീഷണര്‍ക്കെതിരെയുള്ള പോരാട്ട പാത കൂടിയായിരുന്നു ഇത്.. നിയമം നിയമത്തിന്റെ വഴിക്ക്.. സമരവും സമ്മേളനവും അതിന്റെ വഴിക്ക്,’ അദ്ദേഹം കുറിച്ചു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം നഗരത്തില്‍ നടത്തിയ റാലിക്കിടെ ഗതാഗതക്കുരുക്കുണ്ടാക്കിയ സംഭവത്തില്‍ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങി 12 നേതാക്കള്‍ക്കും, കണ്ടാലറിയാവുന്ന മറ്റ് രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗോശ്രീ പാലം മുതല്‍ മറൈന്‍ഡ്രൈവ് വരെയാണ് പ്രവര്‍ത്തകര്‍ റോഡിലൂടെ റാലി നടത്തിയത്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ജാഥയെത്തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡുകളില്‍ ഗതാഗതം സ്തംഭിച്ചിരുന്നു.

 

Content Highlight: Route changed based on the Commissioner’s word, yet a case was still registered; Youth League protests against the filing of a case amidst Kochi traffic congestion.