തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാൻ’ ജനകീയ പിന്തുണയോടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഇതിന്റെ ഭാഗമായി ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പുനരധിവാസ പദ്ധതിയായ ‘തൂഫാൻ കെയർ’ ഈ മാസം 16-ന് ആരംഭിക്കും. പദ്ധതിക്കായി സംസ്ഥാനത്തെ 35-ഓളം ആശുപത്രികൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇവരുടെ യോഗം ഉടൻ തിരുവനന്തപുരത്ത് വിളിച്ചുചേർക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ പ്രത്യേക സംവിധാനം വഴി കൃത്യമായ നിരീക്ഷണവും നടപടികളുമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കിയതോടെ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളിൽ 35 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
സ്ത്രീകളുടെയും അമ്മമാരുടെയും വലിയ പിന്തുണയാണ് ഇതിന് ലഭിക്കുന്നത്. മത-സാമൂഹിക സംഘടനകളെയും ക്ലബ്ബുകളെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു വലിയ ബഹുജന മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ലഹരിക്കേസുകളിൽ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ കാപ്പ ചുമത്തുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുന്നുണ്ട്. എൻ.ഡി.പി.എസ് നിയമത്തിലെ ചില പഴുതുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നിയമഭേദഗതി പാർലമെന്റിലാണ് വരേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്ങും വാഹനാപകടങ്ങളും തടയാൻ രാത്രികാല പരിശോധനകളും കോമ്പിങ്ങും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് ഇതിനകം പതിനേഴായിരത്തോളം പേരെയാണ് പിടികൂടിയത്. ഇവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ച് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ ബസുകളിൽ നടത്തിയ പരിശോധനയിൽ 57 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു, ഇവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയുണ്ടാകും. സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും തടയാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
ലൈസൻസില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് തടയാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കിൽ ജുവനൈൽ ആക്ട് ഭേദഗതി ചെയ്യുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഒപ്പം നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെയും പരിശോധനയും നിയന്ത്രണവും ശക്തമാക്കുമെന്നും തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി വ്യക്തമാക്കി.
Content Highlight:‘Operation Toofan’ enters second phase; Ramesh Chennithala announces launch of ‘Toofan Care’ for de-addiction.
