റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ നിന്നും വൈസ് ക്യാപ്റ്റന്‍ രജത് പട്ടീദാര്‍ പുറത്ത്. നിലവിലുള്ള പരിക്കുകള്‍ ഭേദമാകുന്നതേ ഉള്ളു എന്നതിനാല്‍ 50 ഓവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് പട്ടീദാര്‍ ബി.സി.സി.ഐയെ അറിയിച്ചു.

പട്ടീദാര്‍ പിന്മാറിയതോടെ നവംബര്‍ 19 മുതല്‍ 29 വരെ ഖത്തറിലെ ദോഹയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ എയുടെ വൈസ് ക്യാപ്റ്റനായി റിങ്കു സിങിനെ നിയമിച്ചു. തിലക് വര്‍മയാണ് ക്യാപ്റ്റന്‍.

പട്ടീദാറിന് പകരം ദല്‍ഹി താരം ആയുഷ് ബദോനി ടീമിലെത്തി. നിലവില്‍ രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ ദല്‍ഹിയ്ക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ബദോനി ഗുജറാത്തിനും ഝാര്‍ഖണ്ഡിനുമെതിരെ തുടര്‍ച്ചയായി ഇരട്ട സെഞ്ച്വറി നേടി മികച്ച ഫോമിലാണ്. ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 559 റണ്‍സുമായി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ രണ്ടാമതാണ്.

അതേസമയം, ഈ സീസണില്‍ മധ്യപ്രദേശിനായി മൂന്ന് രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ച പട്ടീദാര്‍ അതില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. അതിനുമുമ്പ്, ഒക്ടോബറില്‍ ഓസ്‌ട്രേലിയ എയ്‌ക്കെതിരായി സ്വന്തം നാട്ടില്‍ നടന്ന 50 ഓവര്‍ പരമ്പരയില്‍ ഇന്ത്യ എയ്ക്കായി മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ദ്ധസെഞ്ച്വറികളും അദ്ദേഹം നേടിയിരുന്നു.

കൗമാരതാരം വൈഭവ് സൂര്യവംശിയും സൂപ്പര്‍ താരം അഭിഷേക് ശര്‍മയും ടീമിലുണ്ട്. പ്രഭ്‌സിമ്രന്‍ സിങ്, കുമാര്‍ കുശാഗ്ര എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാര്‍. റിങ്കു സിങ്, സൂര്യാന്‍ഷ് ഷെഡ്‌ജെ, ഹര്‍ഷ് ദുബെ, ഹര്‍ഷിത് റാണ തുടങ്ങിയവരും സ്‌ക്വാഡിലുണ്ട്.

പാകിസ്ഥാന്‍ എ, നേപ്പാള്‍, യു.എ.ഇ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ എ. നേപ്പാളിനെതിരെ നവംബര്‍ 20നാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാന്‍ എയുമായുള്ള മത്സരം നവംബര്‍ 22നാണ്.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) ഒക്ടോബര്‍ 24ന് പുറത്തിറക്കിയ മത്സരക്രമമനുസരിച്ച്, കഴിഞ്ഞ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റ് ഇത്തവണ 50 ഓവര്‍ ഫോര്‍മാറ്റിലാണ് നടക്കുക. ഇന്ത്യ എയുടെ നേപ്പാളിനും യു.എ.ഇയ്ക്കുമെതിരായ മത്സരങ്ങള്‍ക്ക് ലിസ്റ്റ് എ പദവിയുണ്ടാകും.

ഖത്തറിലെ ദോഹയിലാണ് എല്ലാ മത്സരങ്ങളും നടക്കുക. വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി ഓഫ് ദോഹ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഗ്രൗണ്ടിലുമായിരിക്കും മത്സരങ്ങള്‍.

ടൂര്‍ണമെന്റിനുള്ള ഇന്ത്യ എ സ്‌ക്വാഡ്

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (ക്യാപ്റ്റന്‍), റിങ്കു സിങ്(വൈസ് ക്യാപ്റ്റന്‍), ആയുഷ് ബദോനി, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), സൂര്യാന്‍ഷ് ഷെഡ്‌ജെ, ഷഹ്ബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹര്‍ഷ് ദുബെ, തനുഷ് കോട്ടിയന്‍, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ്, അര്‍ഷദ് ഖാന്‍

Conttent  Highlight: India A include Badoni for Rising Stars Asia Cup after Patidar opts out