കറുപ്പ് എന്ന ചിത്രത്തിലൂടെ തന്റെ തിയേറ്റര്‍ ശാപം അവസാനിപ്പിച്ചുകൊണ്ട് പതിന്മടങ്ങ് ശക്തിയോടെയാണ് ബോക്‌സ് ഓഫീസിലേക്ക് നടിപ്പിന്‍ നായകന്‍ സൂര്യ തിരിച്ചെത്തിയത്. ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടി മാര്‍ക്ക് പിന്നിട്ട ചിത്രം വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ഇതിന് പിന്നാലെ റോം-കോം ഴോണറിലൊരുക്കിയ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും വിജയം ആവര്‍ത്തിച്ചതോടെ ഏവരും കാത്തിരുന്നത് ജിത്തു മാധവന്‍ ചിത്രം സീനിനായിരുന്നു.

സീന്‍. Photo: X.com

ഒരിടവേളയ്ക്ക് ശേഷം സൂര്യ പൊലീസ് വേഷത്തിലെത്തുന്നു എന്നതിലുപരി ആവേശത്തിന്റെ സംവിധായകനായ ജിത്തുവിനൊപ്പം സൂര്യ കൈ കോര്‍ക്കുന്നു എന്നതായിരുന്നു ഏവരെയും ആവേശത്തിലാക്കിയത്. ഒപ്പം നസ്‌ലെന്‍, ലാല്‍, നസ്രിയ തുടങ്ങി മികച്ച കാസ്റ്റിങ്ങും ചിത്രത്തില്‍ എത്തിയതോടെ പ്രേക്ഷക പ്രതീക്ഷ വലുതായിരുന്നു. എല്ലാ പ്രതീക്ഷകളെയും നിറവേറ്റുന്നതായിരുന്നു ആദ്യഷോയ്ക്ക് പിന്നാലെ ചിത്രത്തിന് ലഭിച്ച പ്രതികരണം.

കേരളത്തില്‍ നിന്നടക്കം ആദ്യദിനം മികച്ച കളക്ഷന്‍ ലഭിച്ച ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിനം പിന്നിടുമ്പോള്‍ നൂറ് കോടി പിന്നിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ (ഞായറാഴ്ച)യോടെയാണ് ചിത്രം നൂറ് കോടിയെന്ന മാര്‍ക്ക് പിന്നിട്ടിരിക്കുന്നത്. ഓരോ റീജിയണ്‍ തിരിച്ചുള്ള കണക്കുകള്‍ ഇന്ന് വൈകീട്ടോടെ പുറത്തുവരുമെന്നാണ് സിനിമാപേജുകള്‍ നല്‍കുന്ന വിവരം.

സീന്‍. Photo: X.com

ആദ്യ രണ്ട് ദിനങ്ങളിലെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍

 

ലോക്കല്‍ ബോക്സ് ഓഫീസായ കോളിവുഡില്‍ നിന്നുമാണ് സീനിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത്. 24.30 കോടിയാണ് ചിത്രം തമിഴ്നാട്ടില്‍ നിന്നും നേടിയിരിക്കുന്നത്. രണ്ടാമത് ചിത്രത്തിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത് കേരള ബോക്സ് ഓഫീസില്‍ നിന്നുമാണ്. പത്ത് കോടിയോളമാണ് സീന്‍ കേരളത്തില്‍ നിന്നും നേടിയിരിക്കുന്നത്. തെലങ്കാനയില്‍ നിന്നും ചിത്രം 4.78 കോടി നേടിയപ്പോള്‍ ആന്ധ്രപ്രദേശില്‍ നിന്നും 3.90 കോടിയും സീന്‍ നേടിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നും നാലര കോടി ചിത്രം നേടിയപ്പോള്‍ അമ്പത് കോടിയ്ക്കടുത്താണ് ഇന്ത്യയില്‍ നിന്നും മാത്രമായി സീന്‍ സ്വന്തമാക്കിയിരിക്കുന്നത്. വിദേശത്ത് നിന്നുമുള്ള കളക്ഷനടക്കം ആഗോളതലത്തില്‍ 81 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

Content Highlight: Suriya starrer Scene enters 100 crore club in 3 days