ന്യൂദൽഹി: സ്മാർട്ട്ഫോണുകളുടെ പാസ്വേഡുകൾ മറികടന്ന് അവ അൺലോക്ക് ചെയ്യാനും, എൻക്രിപ്റ്റ് ചെയ്ത വിവരങ്ങൾ ചോർത്തിയെടുക്കാനുമുള്ള ഇസ്രഈലി സോഫ്റ്റ്വെയർ വാങ്ങാൻ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.
‘മെയ്ക്ക് ഇൻ ഇന്ത്യ’ ചട്ടങ്ങളിൽ പ്രത്യേക ഇളവ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് ഇതിന് അനുമതി നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തും ടെൻഡർ രേഖകളും വ്യക്തമാക്കുന്നു. ദി വയറും, ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനും ചേർന്നാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
വിവാദ ഇസ്രഈൽ സൈബർ ഫോറൻസിക് കമ്പനിയായ സെലിബ്രൈറ്റ് വികസിപ്പിച്ച ഏറ്റവും നൂതനമായ ‘സെലിബ്രൈറ്റ് പ്രീമിയം ടൂൾ’ ആണ് എൻ.ഐ.എ വാങ്ങുന്നത്. മൂന്ന് വർഷത്തെ ലൈസൻസിനായി 4,97,99,515 രൂപ ചെലവിട്ടാണ് കരാർ ഉറപ്പിച്ചിരിക്കുന്നത്.
2026 ജനുവരി 17-നാണ് ആഭ്യന്തര മന്ത്രി ഇളവ് അനുവദിച്ച് ഒപ്പിട്ടതെന്നാണ് മന്ത്രാലയത്തിന്റെ രേഖകളിൽ പറയുന്നത്. ‘നെക്സ്റ്റ്ടെക്നോ ജെൻ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിക്കാണ് കരാർ ലഭിച്ചിരിക്കുന്നത്.
പൊതുഫണ്ട് ഉപയോഗിച്ച് വിദേശ സാങ്കേതികവിദ്യകൾ വാങ്ങുന്നതിന് മുൻപ്, സമാന ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തദ്ദേശീയമായി ഇന്ത്യൻ കമ്പനികൾ ഉത്പന്നങ്ങൾ വികസിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ‘മെയ്ക്ക് ഇൻ ഇന്ത്യ’ ചട്ടങ്ങൾ നിഷ്കർഷിക്കുന്നത്. എന്നാൽ, ഇതേ പേരിലും സവിശേഷതകളിലും മറ്റൊരു കമ്പനിയും സോഫ്റ്റ്വെയർ നിർമ്മിക്കുന്നില്ല എന്ന വിചിത്രമായ വാദം ചൂണ്ടിക്കാട്ടിയാണ് എൻ.ഐ.എ ചട്ടങ്ങൾ ഒഴിവാക്കാൻ അനുമതി തേടിയത്. തദ്ദേശീയ സാധ്യതകൾ പരിശോധിക്കാതെയാണ് വിദേശ ടൂളിനായി ചട്ടങ്ങൾ ലംഘിച്ചതെന്ന വിമർശനം ഇതോടെ ശക്തമായിട്ടുണ്ട്.
എൻ.ഐ.എക്ക് പുറമെ രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികളും സംസ്ഥാന പൊലീസുകളും സമാന ഉപകരണങ്ങൾ വ്യാപകമായി വാങ്ങുന്നുണ്ട്. 2026-ൽ മാത്രം ഇന്ത്യൻ ഏജൻസികൾ സെലിബ്രൈറ്റ് ഉത്പ്പന്നങ്ങൾക്കായി 15 സംഭരണ ലിസ്റ്റിംഗുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് മിലിട്ടറി അഫയേഴ്സ്, കേരളം, കർണാടക, ഹിമാചൽ പ്രദേശ് പൊലീസ്-ഫോറൻസിക് വകുപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദൽഹി പൊലീസിന്റെ കൈവശം 2020 മുതൽ ഇത്തരം ടൂളുകൾ ലഭ്യമാണ്.
2026 ഒക്ടോബറിൽ ജന്തർ മന്തിറിൽ നടന്ന പ്രതിഷേധത്തിന് മുന്നോടിയായി യൂട്യൂബർ ധ്രുവ് റാഠിയെ ദൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ സെലിബ്രൈറ്റ് ഉപയോഗിച്ച് തന്റെ ഫോണിലെ വിവരങ്ങൾ പകർത്താൻ പൊലീസ് ശ്രമിച്ചിരുന്നുവെന്നും, ഫോണിലെ പുതിയ ഐ.ഒ.എസ് പതിപ്പ് കാരണം ആ ശ്രമം പരാജയപ്പെട്ടുവെന്നും റാഠി പിന്നീട് വെളിപ്പെടുത്തിയിരുന്നു. നിരവധി മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണുകൾ ഇത്തരത്തിൽ പിടിച്ചെടുത്തിരുന്നു.
നേരത്തെ ഇസ്രഈലി സ്പൈവെയറായ ‘പെഗാസസ്’ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും വിവരങ്ങൾ ചോർത്തിയത് വലിയ വിവാദമായിരുന്നു. അതേസമയം, സെർബിയ, ജോർദാൻ, കെനിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ മാധ്യമപ്രവർത്തകർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും എതിരെ സെലിബ്രൈറ്റ് ദുരുപയോഗം ചെയ്തതായി ഫോറൻസിക് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയിൽ പൗരന്മാരിൽ നിന്ന് പിടിച്ചെടുക്കുന്ന ഫോണുകൾ എപ്പോൾ അൺലോക്ക് ചെയ്യാം, എന്തൊക്കെ ഡാറ്റ പകർത്താം, അത് എത്രകാലം സൂക്ഷിക്കാം എന്നതിന് യാതൊരു നിയന്ത്രണ ചട്ടങ്ങളോ നിയമങ്ങളോ നിലവിലില്ലെന്നത് കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്.
ഫോണുകളിലെ വിവരങ്ങൾ ഡീക്രിപ്റ്റ് ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്ന ഐ.ടി നിയമത്തിലെ 69-ാം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ നൽകിയ ഹരജി നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Content Highlight:Israeli software to tap smartphones: Centre grants permission to NIA.
