മുംബൈ: ശരത് പവാര്‍ നയിക്കുന്ന എന്‍.സി.പി (എസ്.പി) ബി.ജെ.പി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സില്‍ (എന്‍.ഡി.എ) ചേരില്ലെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. എന്‍.സി.പിയുടെ ഇരു വിഭാഗങ്ങളും ലയിക്കുമെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.

അജിത് പവാര്‍ നയിക്കുന്ന എന്‍.സി.പി വിഭാഗത്തിലെ പ്രഫുല്‍ പട്ടേല്‍, പാര്‍ത്ഥ് പവാര്‍ തുടങ്ങിയ നേതാക്കള്‍ ശരദ് പവാറിനെ സന്ദര്‍ശിച്ചതോടെയാണ് ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഈ ആഴ്ച ശക്തമായത്. നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പവാര്‍. ആശുപത്രിയിലെത്തിയായിരുന്നു ഭരണ പക്ഷ എന്‍.സി.പിയുടെ നേതാവ് പ്രഫുല്‍ പട്ടേല്‍ എന്‍.സി.പി (എസ്.പി) നേതാവ് ശരത് പവാറിനെ കണ്ടത്. പാര്‍ത്ഥ് പവാര്‍ മുംബൈയിലെ വസതിയില്‍ വെച്ചും പവാറിനെ കാണുകയായിരുന്നു.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ (എന്‍.സി.പി) രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ലയനത്തിന് സാധ്യതയില്ലെന്ന് മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി (എസ്.പി) നേതാവുമായ അനില്‍ ദേശ്മുഖ് നേരത്തെ പറഞ്ഞിരുന്നു. തന്റെ പക്ഷത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന ആരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരദ് പവാര്‍ പ്രഫുല്‍ പട്ടേല്‍ കൂടിക്കാഴ്ചയെത്തുടര്‍ന്ന് എന്‍.സി.പി ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ദേശ്മുഖിന്റെ പ്രതികരണം.

അജിത് പവാര്‍ ജീവിച്ചിരുന്നെങ്കില്‍, ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇരു വിഭാഗങ്ങളും ലയിക്കുമായിരുന്നെന്ന് ഭരണപക്ഷത്തുള്ള എന്‍.സി.പിയുടെ മഹാരാഷ്ട്ര അധ്യക്ഷന്‍ സുനില്‍ തട്കരെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എന്‍.സി.പി (എസ്.പി) നേതാവ് അനില്‍ ദേശ്മുഖ് ലയന സാധ്യതകള്‍ തള്ളിക്കളഞ്ഞത്.

നവംബര്‍ പത്തിന് ശേഷം ഒരു കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് എന്‍.സി.പി (എസ്.പി) നേതാവ് ശരത് പവാറും ഭരണപക്ഷത്തുള്ള എന്‍.സി.പിയുടെ നേതാവ് പ്രഫുല്‍ പട്ടേലും ചര്‍ച്ച ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് എന്‍.സി.പികളും ലയിക്കുമെന്ന അഭ്യൂഹങ്ങളും പുറത്തുവരികയായിരുന്നു.

അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കര്‍ഷകര്‍ക്കുമൊപ്പം ദീപാവലി ആഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും റാവത്ത് വിമര്‍ശിച്ചു. ഇത്തരം സന്ദര്‍ശനങ്ങളെ അദ്ദേഹം ‘ഒറ്റദിവസത്തെ പരിപാടികള്‍’ എന്ന് വിശേഷിപ്പിച്ചു.

ഞായറാഴ്ച ഛത്തീസ്ഗഡിലെ ബസ്തറിലുള്ള സി.ആര്‍.പി.എഫ് ക്യാമ്പില്‍ മോദി ദീപാവലി ആഘോഷിച്ചതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു റാവത്തിന്റെ വിമര്‍ശനം. ഇത്തരം നടപടികള്‍ ചൈനീസ് കടന്നുകയറ്റങ്ങളെയോ പുല്‍വാമ, പഹല്‍ഗാം എന്നിവിടങ്ങളിലുണ്ടായതുപോലെയുള്ള ഭീകരാക്രമണങ്ങളെയോ തടയില്ലെന്ന് റാവത്തത്ത് പറഞ്ഞു.

‘പ്രധാനമന്ത്രി സി.ആര്‍.പി.എഫ് സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നുണ്ടാകാം, എന്നാല്‍ അതുകൊണ്ട് ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് കടന്നുകയറ്റങ്ങളോ പുല്‍വാമ, പഹല്‍ഗാം മാതൃകയിലുള്ള ആക്രമണങ്ങളോ തടയാനാവില്ല,’ അദ്ദേഹം പറഞ്ഞു.

നാഗ്പൂരിലെ ലോഹാരി സവാംഗ ഗ്രാമത്തില്‍ കര്‍ഷകര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച ഫഡ്നാവിസിനെ ലക്ഷ്യമിട്ടുകൊണ്ട്, വരള്‍ച്ചാ സാഹചര്യങ്ങളില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കുറയ്ക്കാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് റാവത്ത് അഭിപ്രായപ്പെട്ടു.

ഉത്സവകാലങ്ങളില്‍ മാത്രം കര്‍ഷകരെ സമീപിക്കുന്നതിന് പകരം, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുകയും അവരെ പതിവായി സന്ദര്‍ശിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: NCP (SP) will not join NDA, says Sanjay Raut