മലയാളികൾക്ക് ഒരു പിടി നല്ല സിനിമകൾ നൽകിയിട്ടുള്ള മികച്ച സംവിധായകരിലൊരാളാണ് കമൽ. 1986ൽ മോഹൻലാലിനെയും ഉർവശിയെയും പ്രധാന കഥാപാത്രങ്ങളിലായി അവതരിപ്പിച്ചു കൊണ്ടുള്ള മിഴിനീർ പൂവുകൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് കമൽ സവിധാന രംഗത്തേയ്ക്കെത്തുന്നത്.
ഇതിനോടകം തന്നെ 48 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സെല്ലുലോയ്ഡ് എന്ന സിനിമക്ക് നാഷണൽ അവാർഡും കരസ്ഥമാക്കിയിരുന്നു. 1992ൽ ഉള്ളടക്കം എന്ന സിനിമക്ക് മികച്ച സംവിധായകനുള്ള കേരളസംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

കമൽ.Photo. Screen Grab/ Youtube
കമലിന്റെ സംവിധാനത്തിൽ ജിഷ്ണു രാഘവൻ, സിദ്ധാർത്ഥ്, രേണുക മേനോൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ചിത്രമാണ് നമ്മൾ. ഇപ്പോഴിതായ ‘നമ്മൾ’ സിനിമയിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിനായി നടത്തിയ ഓഡിഷനിൽ നടി ഗോപികയും പങ്കെടുത്തിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ കമൽ.
തൃശ്ശൂരിൽ വെച്ചായിരുന്നു ഓഡിഷൻ നടന്നത്. രേണുക മേനോൻ അവതരിപ്പിച്ച നായികാ കഥാപാത്രത്തിനായിട്ടായിരുന്നു ഗോപികയും ഭാവനയും ഓഡിഷന് എത്തിയത്. എന്നാൽ അപ്പോഴേക്കും രേണുകയെ ആ കഥാപാത്രത്തിലേക്ക് ഏകദേശം ഉറപ്പിച്ചിരുന്നുവെന്നും ഭാവനയ്ക്ക് ചിത്രത്തിലെ പരിമളത്തിന്റെ വേഷമായിരിക്കും കൂടുതൽ ചേരുകയെന്ന് തോന്നിയതായും കമൽ പോർട്രയൽ ബൈ ഗദ്ദാഫി എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഗോപിക ‘നമ്മൾ’ സിനിമയുടെ ഓഡിഷന് വേണ്ടി വന്നിട്ടുണ്ടായിരുന്നു എന്ന് അവർ പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്. തൃശ്ശൂരിൽ വെച്ചിട്ടായിരുന്നു നമ്മൾ സിനിമയുടെ ഓഡിഷൻ. രേണുക മേനോന്റെ റോളിന് വേണ്ടിയിട്ടായിരുന്നു ഓഡിഷൻ നടന്നിരുന്നത്. ഭാവന വരുന്നതും രേണുകയുടെ റോളിന് വേണ്ടിത്തന്നെയാണ്. പക്ഷേ അപ്പോഴേക്കും ഓൾമോസ്റ്റ് രേണുകയെ നായികയായി ഫിക്സ് ചെയ്തിട്ടുണ്ടായിരുന്നു,’ കമൽ പറഞ്ഞു.
എന്നാൽ ഭാവനയെ കണ്ടപ്പോൾ ചിത്രത്തിലെ മറ്റൊരു കഥാപാത്രമായ പരിമളത്തിന്റെ വേഷമായിരിക്കും കൂടുതൽ ചേരുകയെന്ന് തനിക്ക് തോന്നിയെന്നും സംവിധായകൻ കമൽ വ്യക്തമാക്കി. ഭാവനയുടെ സംസാരവും തൃശ്ശൂർ ഭാഷയും കേട്ടതോടെയാണ് ആ കഥാപാത്രത്തിലേക്ക് ഭാവനയെ ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് എന്തോ ഭാവനയ്ക്ക് മറ്റേ റോൾ ആയിരിക്കും ഒന്നുകൂടി ചേരുക എന്ന് തോന്നി, പരിമളത്തിന്റെ റോൾ. ഭാവനയുടെ സംസാരം ഒക്കെ കേട്ടപ്പോൾ അവൾക്കാ റോളായിരിക്കും ചേരുക എന്ന് തോന്നി. തൃശ്ശൂർ ഭാഷയും ഒക്കെ കേട്ടപ്പോൾ ‘നമ്മളി’ലേക്ക് അവളെ തന്നെ ഞാൻ കൺഫോം ആക്കി,’ കമൽ പറഞ്ഞു.

ഓഡിഷനിൽ ഗോപികയും എത്തിയിരുന്ന കാര്യം അന്ന് തനിക്ക് ഓർമയില്ലായിരുന്നുവെന്നും കമൽ പറയുന്നു. നിരവധി കുട്ടികളെ ഓഡിഷൻ ചെയ്തിരുന്നതിനാൽ ഗോപികയെ പ്രത്യേകം ഓർത്തിരുന്നില്ല. പിന്നീട് ‘പച്ചക്കുതിര’ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് ഗോപിക ഇക്കാര്യം തന്നോട് പറഞ്ഞതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
Content Highlight: Director Kamal revealed that Gopika was also present at the film’s audition
