തമിഴ് ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലയാള സിനിമകളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടുകയും ചെയ്ത അഭിനേത്രിയാണ് മേനക. പൂച്ചക്കൊരു മൂക്കുത്തി, അക്കരെ നിന്നൊരു മാരൻ, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, തുടങ്ങി മലയാളത്തിലെ ഒട്ടനവധി ക്ലാസിക് ചിത്രങ്ങളിൽ താരം വേഷമിട്ടിരുന്നു.
മലയാളത്തിലെ മുൻനിര പ്രൊഡ്യൂസർമാരിലൊരാളായ ജി. സുരേഷ് കുമാറുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും അവധിയെടുത്ത മേനക 2011ൽ പുറത്തിറങ്ങിയ ലിവിങ് ടുഗദർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് മടങ്ങിയെത്തിയത്.

മേനക. സുരേഷ് /photo/ screen grab/youtube/Instagram
ഇപ്പോഴിതാ വിവാഹശേഷം സിനിമയിൽ നിന്ന് മാറിനിന്നതിൽ തനിക്ക് സങ്കടമില്ലെന്ന് തുറന്നു പറയുകയാണ് നടി മേനക. വിവാഹം കഴിഞ്ഞപ്പോൾ കുടുംബജീവിതത്തിനും മക്കളുടെ വളർച്ചയ്ക്കുമായിരുന്നു പ്രാധാന്യം നൽകിയിരുന്നതെന്നും അതിനായി സിനിമയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും വനിതക്ക് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.
‘കല്യാണം കഴിഞ്ഞ് എങ്ങനെ ജീവിക്കണം, മക്കളെ എങ്ങനെ വളർത്തണം എന്നെല്ലാം ഞാൻ ആലോചിച്ച് ഉറപ്പിച്ചിരുന്നു. അവർ നഴ്സറിയിൽ ചേരുന്നതുവരെ ഞാൻ നഖം വളർത്തിയിട്ടില്ല, ക്യുട്ടെക്സ് ഇട്ടിട്ടില്ല. കൈകൊണ്ട് വാരിക്കൊടുത്താലേ അമൃതമാവൂ എന്നായിരുന്നു എന്റെ വിശ്വാസം,’ മേനക പറഞ്ഞു.
മക്കൾ മുതിർന്നതോടെയാണ് വീണ്ടും സിനിമയിൽ ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചുതുടങ്ങിയത്. അഞ്ച് വർഷം മുമ്പ് പൃഥ്വിരാജിനൊപ്പം ‘ഭ്രമം’ എന്ന ചിത്രത്തിൽ മേനകയായി തന്നെ അഭിനയിച്ചു. പിന്നീട് മൂന്നും നാലും സിനിമകളിൽ അഭിനയിക്കാൻ പലരും വിളിച്ചിരുന്നെങ്കിലും അതിനായി സിനിമയിൽ സജീവമാകുന്നതിൽ കാര്യമില്ലെന്നായിരുന്നു തന്റെ നിലപാടെന്നും മേനക വ്യക്തമാക്കി.
‘ഇത്രയും കാലം മാറിനിന്നതിൽ എനിക്ക് സങ്കടമില്ല. പക്ഷേ, രണ്ട് കാര്യങ്ങളിലാണ് വിഷമമുള്ളത്. മമ്മൂക്ക ആദ്യമായി നിർമിച്ച സീരിയലായിരുന്നു ‘ജ്വാലയായ്’. അതിലെ ഒരു പ്രധാന റോളിൽ ഞാൻ അഭിനയിക്കണമെന്ന ആവശ്യവുമായി മമ്മൂക്ക സുരേഷേട്ടനെ വിളിച്ചു. എന്നാൽ, ഒരു തീരുമാനമെടുക്കാൻ എനിക്കും സുരേഷേട്ടനും കഴിഞ്ഞില്ല,’ മേനക പറഞ്ഞു.
സിനിമയിൽ നിന്ന് മാറിനിന്ന കാലത്ത് ലഭിച്ച മറ്റൊരു അവസരത്തെക്കുറിച്ചും താരം ഓർത്തെടുത്തു. പങ്കാളി സുരേഷ് നിർമിച്ച ‘വിഷ്ണുലോകം’ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാനായിരുന്നു ക്ഷണം. എന്നാൽ, അന്ന് മകൾ രേവതി കൈക്കുഞ്ഞായിരുന്നതിനാൽ ആ അവസരവും സ്വീകരിക്കാൻ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു.

മേനക. സുരേഷ് /photo/ screen grab/youtube/Instagram
‘സുരേഷേട്ടൻ നിർമിച്ച ‘വിഷ്ണുലോക’ത്തിൽ ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ വിളിച്ചു. ‘പപ്പിനി, ആ റോൾ ചെയ്യ്’ എന്ന് കുറേ പറഞ്ഞു. പക്ഷേ, രേവതി അന്ന് കൈക്കുഞ്ഞായിരുന്നു,’ മേനക പറഞ്ഞു.
Content Highlight: Actress Menaka reveals that she has no regrets about stepping away from cinema after her marriage
